സ്വന്തം ലേഖകന്‍
കോഴിക്കോട്: സമൂഹമാധ്യമങ്ങള്‍ വഴിയുള്ള അപകീര്‍ത്തിപരമായ പരാമര്‍ശങ്ങളില്‍ അടിയന്തിര നടപടി സ്വീകരിക്കാന്‍ ഡിജിപിയുടെ നിര്‍ദേശം. പരാമര്‍ശങ്ങളുടെ അടിസ്ഥാനത്തില്‍ ക്രിമനല്‍ നടപടികള്‍ പോലീസിന് സ്വമേധയാ സ്വീകരിക്കാമെന്നും കോടതിയുടെ അനുമതി ഇക്കാര്യത്തിലുണ്ടെന്നും ഡിജിപി ലോക്നാഥ്ബഹ്റ എല്ലാ സ്റ്റേഷന് ഹൗസ് ഓഫീസര്‍മാര്‍ക്കും അയച്ച സര്‍ക്കുലറില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
സമൂഹമാധ്യമത്തിലൂടെ വ്യക്തികളെ മാനസികമായി ഉപദ്രവിക്കുന്നതുമായി ബന്ധപ്പെട്ട പരാതികള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ഡിജിപി നടപടി കര്‍ശനമാക്കാന്‍ തീരുമാനിച്ചത്. പരാതി ലഭിച്ചിട്ടും അന്വേഷിക്കാത്ത പോലീസുദ്യോഗസ്ഥര്‍ക്കെതിരേ നടപടി സ്വീകരിക്കുമെന്നും ഉത്തരവില്‍ ഡിജിപി പരാമര്‍ശിച്ചു.
മതവിദ്വേഷം, വ്യക്തിഹത്യ, ഭീഷണിപ്പെടുത്തല്‍ , അക്രമത്തിനാഹ്വാനം ചെയ്യല്‍ , രാജ്യദ്രോഹം, അപകീര്‍ത്തി തുടങ്ങി പരാമര്‍ശങ്ങളും മതത്തിന്റേയും ജാതിയുടേയും ദേശത്തിന്റേയും ഭാഷയുടേയും ലിംഗഭേദത്തിന്റേയും അടിസ്ഥാനത്തില്‍ വ്യക്തികള്‍ക്കെതിരേയുള്ള പരാമര്‍ശങ്ങളുമായി ബന്ധപ്പെട്ടും കോടതിയുടെ മുന്‍കൂട്ടിയുള്ള അനുമതി വാങ്ങാതെ കേസെടുക്കാമെന്നാണ് സര്‍ക്കുലറിലുള്ളത്.
സമൂഹമാധ്യമങ്ങളിലെ പ്രസ്ഥാവനകളും മറ്റും ചിലപ്പോള്‍ ക്രമസമാധാന പ്രശ്നങ്ങള്ക്കിടവരുത്തുന്നതായിരിക്കും. നിലവിലെ സാഹചര്യത്തില്‍ പ്രസംഗമോ ഏതെങ്കിലും കുറ്റകൃത്യമോ വര്‍ഗീയ വികാരമുണര്ത്തുന്നതോടെ രാജ്യസുരക്ഷയേയോ ആഭ്യന്തരസുരക്ഷയേയും മറ്റു രാജ്യങ്ങളുമായുള്ള സൗഹൃദാന്തരീക്ഷത്തേയോ ബാധിക്കും വിധത്തിലുള്ളതോ ആണെങ്കില്‍ കുറ്റവാളികള്‍ക്കെതിരേ ക്രിമിനല്‍ നിയമനടപടികളോ പ്രത്യേകമായുള്ള നിയമനടപടിയോ പോലീസ് സ്വീകരിക്കണം.
ഇത്തരത്തില്‍ ഏതെങ്കിലും രീതിയില്‍ സമൂഹമാധ്യമം വഴിയുള്ള പരാതികള്‍ പോലീസ് മുമ്പാകെ ലഭിച്ചാല്‍ ഉടന്‍ നടപടി സ്വീകരിക്കണമെന്ന് കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. പരാതികളിന്‍ മേല്‍ ഉടനടപടി അന്വേഷണം ആരംഭിക്കണം. പ്രതിയെ കണ്ടെത്തിയാല്‍ നിയമപരമായി നേരിടേണ്ടിവരുന്ന നടപടികളെ കുറിച്ച് പോലീസ് ബോധവത്കരിക്കണം. ക്രിമിനല്‍ കേസാണ് രജിസ്റ്റര്‍ ചെയ്തതെങ്കില്‍ തുടര്‍ന്നുള്ള നടപടികളും കാലതാമസമില്ലാതെ സ്വീകരിക്കണം. അല്ലാത്തപക്ഷം പ്രശ്നങ്ങള്‍ തടയുന്നതിനുള്ള ഉചിതമായ നടപടി പോലീസ് സ്വീകരിക്കണമെന്നും ഡിജിപിയുടെ ഉത്തരവിലുണ്ട്.