രണ്ടു ലക്ഷം ഡോളർ തന്നാൽ ബഹിരാകാശത്തു കൊണ്ടുപോകാം. പറയുന്നത് മറ്റാരുമല്ല; ലോകത്തിലെ ഏറ്റവും ധനികനും ആമസോണിന്റെ സ്ഥാപകനുമായ ജെഫ് ബെസോസാണ്. ബെസോസിന്റെ റോക്കറ്റ് കന്പനിയായ ബ്ലൂ ഒറിജിനാണ് ബഹിരാകാശത്തേക്ക് വിനോദയാത്ര നടത്തുന്നത്.
ടിക്കറ്റ് നിരക്ക് വ്യക്തമായി കമ്പനി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഏകദേശം രണ്ടു മുതൽ മൂന്നു വരെ ലക്ഷം ഡോളർ (1.36-2.05 കോടി രൂപ) മുടക്കിയാൽ ബഹിരാകാശയാത്ര നടത്താൻ താത്പര്യമുള്ളവർക്ക് അവസരം ലഭിക്കും. ബ്ലൂ ഒറിജിന്റെ കന്നിയാത്ര അടുത്ത വർഷം നടത്താനാണ് തീരുമാനം.
ബ്ലൂ ഒറിജിന്റെ ന്യൂ ഷെപ്പേഡ് സ്പേസ് വെഹിക്കിളിലാണ് ബഹിരാകാശയാത്രികരെ കൊണ്ടുപോകുക. സ്പേസ് ടൂറിസത്തിലുള്ള സാധ്യത കണക്കിലെടുത്താണ് കമ്പനി ഇത്തരത്തിലൊരു പദ്ധതി ആവിഷ്കരിച്ചത്. അടുത്ത വർഷം ടിക്കറ്റ് വില്പന തുടങ്ങുമെന്നാണ് കമ്പനിയുടെ വെളിപ്പെടുത്തൽ.
ആറു യാത്രക്കാരെയും വഹിച്ച് ഭൂമിക്ക് പുറത്ത് 100 കിലോമീറ്റർ ഉയരത്തിൽ സ്വയം സഞ്ചരിക്കാൻ ശേഷിയുള്ള പേടകമാണ് ന്യൂ ഷെപ്പേഡ്. കുറച്ചുനേരത്തെ ഭാരക്കുറവ് അനുഭവപ്പെടാനും യാത്രക്കാർക്കാകും. പാരച്യൂട്ടിന്റെ സഹായത്തിലാണ് ഭൂമിയിൽ തിരിച്ചിറങ്ങുക.
ക്യാപ്സൂൾ രൂപത്തിലുള്ള ന്യൂ ഷെപ്പേഡിന് ആറ് നിരീക്ഷണ ജാലകങ്ങളുണ്ട്. ബോയിംഗ് കോ 747 ജെറ്റ്ലൈനറിനേക്കാൾ മൂന്നിരട്ടി ഉയരമുണ്ട്. ഇതുവരെ എട്ടു പരീക്ഷണപ്പറക്കൽ ന്യൂ ഷെപ്പേഡ് നടത്തിയിട്ടുണ്ട്. യാത്രക്കാരില്ലാതെയായിരുന്നു പരീക്ഷണപ്പറക്കൽ.
മനുഷ്യനു വേണ്ടിയൊരു ചുവടുവെയ്പ്പ്
ബഹിരാകാശസഞ്ചാരം ഇഷ്ടപ്പെടുന്നവർക്ക് അവസരമൊരുക്കാൻ ഇതുവരെ ഒരു സ്പേസ് ഏജൻസിക്കും കഴിഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ വലിയൊരു വിനോദസഞ്ചാര സാധ്യത ലക്ഷ്യമിട്ടാണ് ജെഫ് ബെസോസും ബ്ലൂ ഒറിജിനും ന്യൂ ഷെപ്പേഡിനെ തയാറാക്കിയിരിക്കുന്നത്.
ബഹിരാകാശയാത്രയ്ക്കായി 650 ടിക്കറ്റുകൾ വിറ്റിട്ടുണ്ടെന്ന് ബ്രാൻസണിന്റെ വർജിൻ ഗലാക്ടിക് അവകാശപ്പെടുന്നുണ്ട്. എന്നാൽ, ഈ യാത്ര എന്നു നടത്താനാകുമെന്ന് വർജിൻ ഗലാക്ടിക് പറയുന്നില്ല. 2.5 ലക്ഷം ഡോളറാണ് ഒരു ടിക്കറ്റിന് ഈ കമ്പനി ഈടാക്കിയത്.
2002ൽ എലോൺ മസ്ക് രൂപീകരിച്ച് സ്പേസ് എക്സിന്റെ ലക്ഷ്യമാകട്ടെ മറ്റു ഗ്രഹങ്ങളിൽ മനുഷ്യവാസമുണ്ടാക്കുക എന്നതാണ്. വീണ്ടും ഉപയോഗിക്കാൻ കഴിയുന്ന പേടകങ്ങൾ നിർമിച്ച് ചെലവ് കുറയ്ക്കാനുള്ള ശ്രമമാണ് മൂന്നു കമ്പനികളും നടത്തുന്നത്. ഇത് യാത്രക്കാരുടെ ടിക്കറ്റ് നിരക്കിൽ കുറവ് വരുത്താൻ സഹായിക്കും. ബ്ലൂ ഒറിജിന്റെ ആദ്യയാത്രയിൽ കമ്പനിയുടെ സ്വന്തം ജീവക്കാർ ഭാഗമാകുമെന്നാണ് റിപ്പോർട്ടുകൾ.