മനാമ: കോവിഡ് വ്യാപനം വര്‍ധിച്ച സാഹചര്യത്തില്‍ ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ നിന്ന് ബഹ്റൈനിലേക്ക് വരുന്ന യാത്രക്കാർക്കുള്ള പുതിയ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു.
ഇന്ത്യ, പാക്കിസ്ഥാൻ, ബംഗ്ലാദേശ്, നേപ്പാൾ, ശ്രീലങ്ക എന്നീ രാജ്യങ്ങളിൽ നിന്ന് വരുന്നവർക്ക് 10 ദിവസം ക്വാറന്റൈൻ നിർബന്ധമാക്കി. സ്വന്തം താമസസ്ഥലത്തോ നാഷണൽ ഹെൽത്ത് റഗുലേറ്ററി അഥോറിറ്റിയുടെ അംഗീകാരമുള്ള ഹോട്ടലിലോ ക്വാറന്റൈനിൽ കഴിയണമെന്ന് നാഷണൽ മെഡിക്കൽ ടാസ്ക്ഫോഴ്സ് നിർദേശിച്ചു.
ആറു വയസിൽ താഴെയുള്ളവർ യാത്ര പുറപ്പെടുന്നതിന് മുമ്പ് 48 മണിക്കൂറിനുള്ളിൽ നടത്തിയ കോവിഡ് പരിശോധനയുടെ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം. സർട്ടിഫിക്കറ്റിൽ ക്യൂആർ കോഡ് ഉണ്ടായിരിക്കണം.
ബഹ്റൈനിൽ വന്നിറങ്ങുമ്പോൾ വിമാനത്താവളത്തിൽ വച്ചും തുടർന്ന് അഞ്ചാം ദിവസവും പത്താം ദിവസവും കോവിഡ് പരിശോധന നടത്തുകയും വേണം.
രാജ്യത്ത് 12നും 17നും ഇടയിൽ പ്രായമുള്ളവർക്ക് കോവിഡ് പ്രതിരോധ കുത്തിവയ്പ്പ് നൽകാനും തീരുമാനിച്ചിട്ടുണ്ട്. ഫൈസർ-ബയോൺടെക് വാക്സിനാണ് ഇവർക്ക് നൽകുക.