ആദ്യമായി ആയിരം കോടിയിലെത്തുന്ന ഇന്ത്യന്‍ സിനിമയെന്ന റെക്കോര്‍ഡ് നേട്ടത്തിലേയ്ക്കാണ് ബാഹുബലി 2 നീങ്ങുന്നത്. മഗധീര, ഈച്ച തുടങ്ങിയ ഹിറ്റ് സിനിമകളുടെ സംവിധായകനും രാജമൗലിയാണ്. സ്വാഭാവികമായും ഇതിന്റെയെല്ലാം ക്രെഡിറ്റ് കിട്ടുക രാജമൗലി എന്ന സംവിധായകനാണ്. എന്നാല്‍ ഈ സിനിമയെല്ലാം പ്രേക്ഷകര്‍ക്ക് ലഭിച്ചത് മറ്റൊരാള്‍ കാരണമാണ്. ബാഹുബലി എന്ന സിനിമയുടെ പിതാവ് രാജമൗലി ഒരു പ്രതിഭയാണെങ്കില്‍ രാജമൗലി എന്ന മനുഷ്യന്റെ പിതാവ് അതിനേക്കാള്‍ വലിയൊരു പ്രതിഭയാണ്. കെവി വിജയേന്ദ്രപ്രസാണ് അദ്ദേഹത്തിന്റെ പേര്. രാജമൗലിയുടെ അച്ഛനായതുകൊണ്ടല്ല, ഈ സിനിമകള്‍ സമ്മാനിച്ചത് അദ്ദേഹമാണെന്ന് പറഞ്ഞത്, മറിച്ച്, ബാഹുബലിയുള്‍പ്പെടെ രാജമൗലിയുടെ എല്ലാ ചിത്രങ്ങളുടെയും കഥയെഴുതിയത് രാജമൗലിയുടെ പിതാവായ വിജയേന്ദ്രപ്രസാദാണ്.
ആന്ധ്രപ്രദേശിലെ കൊവ്വൂര്‍ സ്വദേശിയായ വിജയപ്രസാദ് 1988 മുതലാണ് സിനിമാ മേഖലയിലേക്ക് വരുന്നത്. 2011ല്‍ അദ്ദേഹം തിരക്കഥയെഴുതി സംവിധാനം ചെയ്ത രാജണ്ണ എന്ന ചിത്രം മികച്ചസിനിമയ്ക്കുള്ള നന്ദി ദേശീയ അവാര്‍ഡ് നേടിയിരുന്നു. അവാര്ഡുകളെക്കാള് കളക്ഷന്‍ റെക്കോര്‍ഡുകളാണ് അദ്ദേഹത്തെ പ്രശസ്തനാക്കിയത്. ബാഹുബലി കണ്ക്ലൂഷന് റീലിസിന് മുന്‍പ് തന്നെ അഞ്ഞൂറ് കോടി ക്ലബ്ബിലെത്തിയെന്നാണ് വാര്‍ത്തകള്‍, ഈയാഴ്ച തന്നെ ആയിരം കോടിയിലെത്തുമെന്നും പ്രവചിക്കപ്പെട്ടിരുന്നു. 2015ലെ ഇന്ത്യയില്‍ ഏറ്റവുമധികം കളക്ഷന്‍ നേടിയ രണ്ട് ചിത്രങ്ങളും പുറത്തിറക്കിയത് വിജയേന്ദ്രപ്രസാദിന്റെ കഥയിലാണ്. ബോളിവുഡിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്നായി വിലയിരുത്തപ്പെടുന്ന ബജ്രംഗീ ഭായ്ജാന്, ബാഹുബലിയുടെ ആദ്യഭാഗം എന്നിവയാണ് ഇവ. ഇന്ത്യയിലെ ഏറ്റവുമധികം കളക്ഷന്‍ എക്കാലവും നേടിയ ആദ്യ അഞ്ച് ചിത്രങ്ങളില്‍ മൂന്നും ഈ കഥാകൃത്തിന്റെ കരുത്തിലാണ് ഒരുങ്ങിയത്.
ഒന്നാംസ്ഥാനത്തേക്ക് എത്തിക്കൊണ്ടിരിക്കുന്ന ബാഹുബലി തന്നെയാണ് ഇതില്‍ മുന്നില്‍. ഇന്ത്യന്‍ സിനിമയില്‍ ആദ്യമായി ആയിരംകോടിയിലെത്തുന്ന ചിത്രമായിരിക്കും ബാഹുബലി കണ്ക്ലൂഷന്. പികെയ്ക്കും ഡങ്കലിനും പിന്നിലാണ് ബാഹുബലിയുടെ ഒന്നാംഭാഗത്തിന്റെ സ്ഥാനം. രാജമൗലിയുടെ എക്കാലത്തെയും മികച്ച ചിത്രങ്ങളായി വിലയിരുത്തപ്പെട്ട ഈച്ച, മഗധീര എന്നിവയും കേരളത്തിലുള്‍പ്പെടെ തരംഗംമായ ചിത്രങ്ങളാണ്. ഇവയ്ക്കായി കഥയെഴുതിയതും കെവി വിജയേന്ദ്രപ്രസാദ് തന്നെ. രണ്ട് ചിത്രങ്ങളും മൊഴിമാറ്റം ചെയ്ത്, മലയാളത്തില്‍ പുറത്തിറങ്ങുകയും ചെയ്തു. ബാഹുബലി എന്ന സിനിമയുടെ കരുത്ത്, അര്‍ത്ഥവും ആഴവുമുള്ള അതിലെ കഥ തന്നെയാണ്. ആ കഥയ്ക്ക് പിന്നില്‍ രാജമൗലിയെന്ന പ്രതിഭയുടെ അച്ഛനാണെന്നത് അതിലേറെ ആകര്‍ഷകമാണ്. സിനിമാസ്വാദകര്‍ക്കായി ഭാവിയില്‍ എന്തൊക്കെയാണ് ഒരുക്കുക എന്ന് കാത്തിരുന്ന് കാണേണ്ടിയിരിക്കുന്നു.