സ്വന്തം ലേഖകൻ
കോഴിക്കോട്: ഒരു സിനിമ ബോക്സോഫീസിൽ കോടികളുടെ കിലുക്കം ഉണ്ടാക്കുന്പോൾ അതിലും വലിയ പണക്കിലുക്കം തങ്ങളുടെ പോക്കറ്റിലുണ്ടാക്കാൻ ശ്രമിക്കുന്ന തിയറ്റുകളാണ് സംസ്ഥാനത്തുള്ളത്. ഓണ്‍ ലൈൻ ടിക്കറ്റ് ബുക്കിംഗ് കൂടിഎത്തിയതോടെ അമിതലാഭം എങ്ങിനെ ഉണ്ടാക്കാം എന്നു ചിന്തിക്കുകയാണിവർ.കോഴിക്കാട് സർക്കാർ തിയറ്ററായ കൈരളിയിൽ കുടുംബസമേതം സിനിമ കാണാനെത്തിയാൽ ടിക്കറ്റില്ലെന്നായിരിക്കും മറുപടി.എല്ലാം ഓണ്‍ലൈനിൽ ബുക്ക് ചെയ്തുകഴിഞ്ഞു എന്ന മറുപടിയും. എന്നാൽ തങ്ങളുടെ ഇഷ്ടക്കാർക്ക് ടിക്കറ്റ് മറിച്ചുകൊടുക്കുകയാണ് ജീവനക്കാർ.
കഴിഞ്ഞ ദിവസം ബാഹുബലി-2 ഇറങ്ങിയപ്പോഴും സംഭവിച്ചത് മറ്റൊന്നല്ല. ടിക്കറ്റുകൾ കൂടിയ വിലയ്ക്ക് തിയറ്ററുമായി അടുത്ത ബന്ധമുള്ളവർക്ക് നൽകും. അതായത് 100 രൂപ ടിക്കറ്റ് പത്തെണ്ണം മറിച്ചുനൽകിയാൽ നൂറുമുതൽ 200 രൂപവരെ അധികമായി തിയറ്റർ ജീവനക്കാർക്ക് ലഭിക്കും. പിന്നെ അത് കരിഞ്ചന്തയിൽ വിൽക്കുന്പോൾ ലഭിക്കുന്നതൊക്കെയും മാഫിയകൾക്ക്. നല്ല അഭിപ്രായമുള്ള സിനിമ തിയറ്ററിൽ കളിക്കുന്പോൾ ദിവസവും 100-ൽഅധികം ടിക്കറ്റുകൾ മറിച്ചവിൽക്കുന്ന ജീവനക്കാർ ഈ തിയറ്ററിൽ ഉണ്ട്. ഇങ്ങനെ പുറത്തെത്തുന്ന ടിക്കറ്റുകൾ സിനിമ കാണാൻ എത്തുന്നവർക്ക് കൂടിയ തുകയ്ക്ക് വാങ്ങേണ്ടിവരുന്നു. ഒരുകുടംബം മൊത്തം ബ്ലാക്കിൽ ടിക്കറ്റ് എടുക്കേണ്ടിവരുന്നുവെന്നതാണ് യാഥാർത്ഥ്യം.തിയറ്ററിൽ നിന്നും ടിക്കറ്റ് കിട്ടാതെമടങ്ങിപ്പോയി പിന്നെ വരേണ്ടിവരുന്ന അവസ്ഥ ഓർക്കുന്പോൾ ഇതിന് തലവച്ചുകൊടുക്കാതെ വഴിയില്ല താനും.
ഹൗസ്ഫുൾ ബോർഡ് കാണുന്പോൾ ഇതല്ലാതെ മറ്റുമാർഗം അവർക്കുമുന്നിലില്ല താനും. ബാഹുബലി ഇതിന് അവസാന ഉദാഹരണം മാത്രം. മുന്‍പ് ടേക്ക് ഓഫ്, പുലിമുരുകൻ, അതിനും മുന്‍പ് സപ്തമശ്രീ തസ്കര എന്നീ ചിത്രങ്ങൾ കളിച്ചപ്പോൾ ഈ തിയറ്ററിൽ ടിക്കറ്റ് പുറത്തുനൽകുന്നതുമായി ബന്ധപ്പെട്ട് വാക്കേറ്റമുണ്ടായിരുന്നു. എന്നാൽ അപ്പോഴെല്ലാം പോലീസ് ഇടപെട്ട് പ്രശ്നങ്ങൾ പരിഹരിക്കും. എന്നാൽ ഇപ്പോഴാവട്ടെ ചെറിയ വിഹിതം തങ്ങൾക്കും കിട്ടുമെന്നതിനാൽ അവർ ഇതിനെതിരേ നടപടി എടുക്കാറുമില്ല. എപ്പോഴെങ്കിലും വരുന്ന ബാഹുബലി പോലത്തെ ബ്രഹ്മാണ്ഡ സിനിമയ്ക്കൊപ്പംനിന്ന് കീശവീർപ്പിക്കാമെന്ന് ഇവർചിന്തിക്കുന്നു.
കുടുംബസമേതം തിയറ്ററുകളിൽഎത്തുന്നവരെ അകറ്റുന്ന രീതിയാണ് ഇതെന്ന പരാതി വ്യാപകമാണ്. ബാഹുബലി എന്ന സിനിമയുടെ ടിക്കറ്റ് ഇന്നലെ വൈകുന്നേരവും 700 രൂപയ്ക്ക് മുകളിലാണ് ബ്ലാക്കിൽ വിറ്റുപോയത്.കുടംബസമേതം എത്തുന്നവർ ടിക്കറ്റ് കിട്ടാതെ മടങ്ങുന്പോഴാണ് തിയറ്റർ ജീവനക്കാരും മാഫിയകളും തമ്മിലുള്ള ഈ ഒത്തുകളി. സർക്കാർ തിയറ്ററിൽ പോലും ഇതാണ് അവസ്ഥയെങ്കിൽ മറ്റുള്ള തിയറ്ററുകളുടെസ്ഥിതി എന്താകുമെന്ന് ഉൗഹിക്കാവുന്നതേയുള്ളു.സമീപകാലത്തായി കൂടുതൽ ആളുകൾ തിയറ്ററിലേക്ക് വന്നുകൊണ്ടിരിക്കുന്ന അവസ്ഥയിൽ അവരെ പിന്തിരിപ്പിക്കാൻ മാത്രമേ ഈ ലാഭക്കൊയ്ത്ത് കാരണമാകൂവെന്ന കാര്യം ഉറപ്പാണ്.