ഇന്ത്യൻ സിനിമാലോകത്തിന്റെ പ്രശംസ പിടിച്ചുപറ്റിയ ബാഹുബലിക്ക് മൂന്നാം ഭാഗം ഒരുങ്ങുമോ? പുറത്തുവരുന്ന വാർത്തകൾ വിശ്വസിക്കാമെങ്കിൽ ബാഹുബലിക്ക് മൂന്നാം ഭാഗം വരുമെന്നാണ്.
ചിത്രത്തിന്റെ നിർമാതാവ് ഷോബു യർലഗഡ്ഡയാണ് ചിത്രത്തിനു മൂന്നാം ഭാഗം ഉണ്ടാവുമെന്ന തരത്തിൽ സൂചനകൾ നൽകിയിരിക്കുന്നത്. ചിത്രത്തിന്റെ സംവിധായകൻ രാജമൗലിയും മൂന്നാം ഭാഗം വരില്ലായെന്ന് ഇതുവരെ ഉറപ്പിച്ചു പറഞ്ഞിട്ടില്ലായെന്നതും ശ്രദ്ധേയമാണ്. ബാഹുബലിക്ക് മൂന്നാം ഭാഗം ഒരുക്കുന്നതിൽ നിർമാതാവിന് താല്പര്യക്കുറവൊന്നും ഇല്ല. പക്ഷേ മികച്ച തിരക്കഥ ലഭിച്ചാലേ താൻ മൂന്നാം ഭാഗം നിർമിക്കാൻ തയാറാകൂവെന്ന നിലപാട് നിർമാതാവ് സ്വീകരിച്ചിട്ടുണ്ട്. ശക്തമായ ഒരു തിരക്കഥ വന്നാൽ ബാഹുബലിക്ക്് മൂന്നാം ഭാഗം വരുമെന്ന തരത്തിലാണ് രാജമൗലിയുടെയും സംസാരം.
ബാഹുബലിക്ക് മൂന്നാം ഭാഗം ഉണ്ടായാൽ ആ സിനിമ സംവിധാനം ചെയ്യാൻ രാജമൗലിയെപ്പോലെ കഴിവുള്ള മറ്റൊരു സംവിധായകൻ ഇല്ലെന്നാണ് ഷോബു യർലഗഡ്ഡയുടെ അഭിപ്രായം. അതേസമയം, ബാഹുബലിയുടെ മൂന്നാം ഭാഗം എന്നത് ഉടനെയൊന്നും സംഭവിക്കാൻ പോകുന്നില്ലായെന്നും ഭാവിയിൽ സംഭവിക്കാൻ സാധ്യതയുണ്ടെന്നു മാത്രമേയുള്ളൂവെന്നാണ് നിർമാതാവ് ഉദ്ദേശിച്ചതെന്നും സിനിമാപ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു.
അതേസമയം, ബാഹുബലി രണ്ടിന്റെ കളക്ഷൻ ആയിരം കോടി കടന്നു കുതിക്കുകയാണ്. ഇത്രയും വലിയൊരു വിജയത്തിന്റെ ക്രെഡിറ്റ് ബാഹുബലിയുമായി സഹകരിച്ച മുഴുവൻ ടീമംഗങ്ങൾക്കുമാണെന്ന് നിർമാതാവ് പറഞ്ഞു. തങ്ങൾ പ്രതീക്ഷിച്ചതിലും വലിയ വിജയമാണ് ചിത്രം നേടിയത്. അടുത്ത ചിത്രം എനിക്കും രാജമൗലിക്കും വലിയൊരു സമ്മർദമാണ്. പ്രേക്ഷകർ എങ്ങനെ സ്വീകരിക്കുമെന്ന കാര്യത്തിൽ ആശങ്കയുണ്ട്-നിർമാതാവ് പറഞ്ഞു.