കട്ടപ്പ എന്തിന് ബാഹുബലിയെ കൊന്നു…? ആ സസ്പെൻസ് ഇവിടെ പൊളിക്കുകയാണ്… കാരണം, അതു വലിയ സംഭവമൊന്നുമല്ല. മാതൃത്വത്തിന്റെ ബലഹീനതയെ ചൂഷണം ചെയ്ത ഭല്ലാൽദേവന്റെ ആഗ്രഹപ്രകാരമാണ് കട്ടപ്പ മനസില്ലാമനസോടെ അമരേന്ദ്ര ബാഹുബലിയെ പിന്നിൽ നിന്നും കുത്തിക്കൊല്ലുന്നത്.
ബാഹുബലി ഒന്നിന് ശേഷം ഓരോ പ്രേക്ഷക മനസിലും ഉയർന്ന ഈ ചോദ്യത്തിനുള്ള ഉത്തരം തരുക മാത്രമല്ല ബാഹുബലി-2 ദ് കൺക്ലൂഷൻ. ഇത്തരമൊരു ഒരു കഥയ്ക്ക് അമാനുഷികതയുടെയും സാങ്കേതികത്തികവിന്റെയും പിൻബലം ഇല്ലാതെ വിജയം വരിക്കാൻ കഴിയില്ലായെന്ന് കൂടി പറഞ്ഞുവയ്ക്കുകയാണ് സംവിധായകൻ എസ്.എസ്.രാജമൗലി. വിജയം കൊയ്തു എന്നത് സത്യം തന്നെയാണ്. എന്നാൽ ബലമില്ലാത്ത കഥയ്ക്ക് ചതിയുടെയും ബലഹീനതകളുടെയും മേലാപ്പ് ചാർത്തിക്കൊടുത്തതിലൂടെ തിന്മയെ നന്മ ജയിക്കുന്നത് ഒരുപാട് ജീവനുകളെ ബലി കൊടുത്തുകൊണ്ടു കൂടിയാണെന്ന് ആവർത്തിക്കുകയാണ് ബാഹുബലി 2വിലൂടെ രാജമൗലി.
സസ്പെൻസിനും അപ്പുറത്തുള്ള കാഴ്ചകൾ സമ്മാനിക്കുന്നുണ്ടെങ്കിലും ബാഹുബലിയോളം സ്ഥാനം മാത്രമേ ബാഹുബലി2വിനും കൊടുക്കേണ്ടതുള്ളു. ആദ്യ ഭാഗം മുഴുവൻ സമയവും കോരിത്തരിപ്പിക്കുന്ന അവതരണ തികവിലൂടെയാണ് സിനിമയുടെ സഞ്ചാരമെങ്കിൽ രണ്ടാം ഭാഗത്തിൽ ഇഴച്ചിലുകൾ മുഷിപ്പുണ്ടാക്കുന്നുണ്ട്. അവിടെയാണ് കഥ പറഞ്ഞുതീർക്കാനുള്ള വ്യഗ്രത തലപൊക്കുന്നതും. ഇത്തരം പാകപ്പിഴകളെ മറച്ചുവയ്ക്കാൻ രാജമൗലിയുടെ സംവിധാന മികവിന് കഴിയാതെപോകുന്നത് ബാഹുബലി 2വിൽ കാണാനാവും.
മഹേന്ദ്ര ബാഹുബലിയുടെ കഥയിൽ നിന്നും അമരേന്ദ്ര ബാഹുബലിയുടെ കഥയിലേക്കുള്ള ചുരുളുകൾ അഴിഞ്ഞതോടെ അമാനുഷികതയുടെ മൂർത്തീഭാവമായി പ്രഭാസ് (അമരേന്ദ്ര ബാഹുബലി)മാറുന്ന കാഴ്ച ചിത്രത്തിൽ കാണാനാവും. മദമിളകിയ ആനയെ നിലയ്ക്കു നിർത്തി ശിവകാമി അമ്മയ്ക്ക് വഴിയൊരുക്കുന്ന കാഴ്ചയോടെയാണ് ചിത്രത്തിൽ അമരേന്ദ്ര ബാഹുബലിയുടെ മുഖം തെളിയുന്നത്.
പട്ടാഭിഷേകത്തിന് മുന്നേ ദിഗ്വിജയത്തിനായി അമരേന്ദ്ര ബാഹുബലിയെ ശിവകാമി (രമ്യാകൃഷ്ണൻ) അയയ്ക്കുന്നതോടെ പൈങ്കിളിക്കഥകളോട് ഉപമിക്കാവുന്ന സംഭവവികാസങ്ങളുടെ(കഥാഗതിയെ ആണ് കേട്ടോ ഉദ്ദേശിച്ചത്) കെട്ടഴിയുകയാണ്. കുന്ദളദേശത്തെ യുവറാണിയായ ദേവസേനയുടെ വീരത്തങ്ങൾ കണ്ട് മതിമയക്കുന്ന അമരേന്ദ്ര ബാഹുബലിയായി പ്രഭാസ് ചിത്രത്തിൽ മികച്ച പ്രകടനമാണ് പുറത്തെടുത്തിരിക്കുന്നത്. പക്ഷേ, പ്രഭാസിന് ആക്ഷനോളം റൊമാൻസ് വഴങ്ങില്ലെന്ന് ബാഹുബലി 2വിലൂടെ തെളിയുകയായിരുന്നു.
ഈ കഥയെ ചതിക്കഥ എന്നു പറയുന്നതാവും നല്ലത്. ചതികളുടെ ചുരുളുകളാണ് സംവിധായകൻ രണ്ടാം ഭാഗത്തിൽ അഴിച്ചുവിടുന്നത്. ഭല്ലാൽദേവന്റെ ക്രൂരതകളും കുബുദ്ധികളും ചിത്രത്തിൽ സംവിധായകൻ വരച്ചിട്ടുണ്ട്. ഭല്ലാൽദേവനായി റാണ ദഗുബതി ചിത്രത്തിൽ തികവാർന്ന പ്രകടനം തന്നെയാണ് പുറത്തെടുത്തിരിക്കുന്നത്. മസിലുപെരിപ്പിച്ച അമരേന്ദ്ര ബാഹുബലിക്കും മകൻ മഹേന്ദ്ര ബാഹുബലിക്കും പറ്റിയ എതിരാളി തന്നെയാണ് ഭല്ലാൽദേവൻ.
ഗ്രാഫിക്സുകളും സ്പെഷൽ ഇഫക്ടുകളും സമാമസമം ചേർത്തപ്പോൾ ഒറിജിനലിനെ വെല്ലുന്ന കാഴ്ചകൾ സിനിമയിലേക്ക് ഒഴുകിയെത്തുകയായിരുന്നു. മേഘങ്ങളെ വെള്ളക്കുതിരകളായി കണ്മുന്നിൽ കാട്ടിത്തന്നു സാങ്കൽപ്പികതയ്ക്ക് പുതിയമാനം നല്കാൻ കൂടി ചിത്രം ശ്രമിച്ചിട്ടുണ്ട്. സാങ്കേതിക തികവിന്റെ കാര്യത്തിൽ വിട്ടുവീഴ്ച കാട്ടാത്തിടത്താണ് ബാഹുബലി 2വിനു വേറിട്ട മുഖം കൈവരുന്നത്. സാബു സിറിൾ കഥയ്ക്ക് അനുയോജ്യമാം വിധം സെറ്റുകളൊരുക്കി വീണ്ടും ഞെട്ടിച്ചപ്പോൾ പ്രേക്ഷകർക്ക് കിട്ടിയത് ഇതുവരെ കാണാത്ത സുന്ദര കാഴ്ചകളാണ്.
പുരുഷന്മാരുടെ പൂണ്ടുവിളയാട്ടം മാത്രമല്ല സ്ത്രീകളുടെ തന്റേടവും ചിത്രത്തിൽ ദൃശ്യമാവുന്നുണ്ട്. ദേവസേനയായി തികവാർന്ന അഭിനയം പുറത്തെടുത്ത അനുഷ്കയ്ക്ക് ഒരു നായികയ്ക്ക് കൊടുക്കാവുന്ന സ്വപ്നതുല്യമായ ഇൻട്രോയാണ് സംവിധായകൻ നൽകിയത്. ശിവകാമിയായി രമ്യാകൃഷ്ണൻ ഒരു സ്ത്രീയ്ക്ക് ഉണ്ടായേക്കാവുന്ന ബലഹീനതകളും ആജ്ഞകൾ നടപ്പാക്കുന്നതിനുള്ള തികവും കൃത്യമായി കാട്ടിത്തരുന്നുണ്ട്.
ആദ്യ പകുതിയിൽ കോമഡിയും പൈങ്കിളിയും ആക്ഷനും ഇടകലർത്തിയാണ് സംവിധായകന്റെ പരീക്ഷണം. എന്നാൽ രണ്ടാം പകുതിയിൽ ബാഹുബലിയുടെ ആക്ഷൻ മാത്രം നിറഞ്ഞു നിൽക്കുകയാണ്. അമരേന്ദ്ര ബാഹുബലിയിൽ നിന്നും മഹേന്ദ്ര ബാഹുബലിയിലേക്ക് വീണ്ടും എത്തുന്നതോടെ ചിത്രത്തിന് അതുവരെ ഉണ്ടായിരുന്ന ഉൗർജം നഷ്ടപ്പെടുന്നതും കാണാനാവും. പശ്ചാത്തല സംഗീതവും ചിത്രത്തിലെ ഗാനങ്ങളും ചിത്രത്തിനിടയിലൂടെ കേൾവിസുഖം നല്കി കടന്നു പോകുന്നുണ്ട്. ആദ്യ ഭാഗത്ത് ഉണ്ടായിരുന്ന തമന്നയ്ക്ക് രണ്ടാം ചിത്രത്തിൽ കാര്യമായി ഒന്നും ചെയ്യാനില്ലായിരുന്നു. തുടക്കത്തിൽ തിളങ്ങി ഒടുക്കത്തിൽ ആരോ വിഴുങ്ങിയ തമന്നയെ ചിത്രത്തിൽ കാണാനാവും.
കട്ടപ്പയായി എത്തിയ സത്യരാജിന്റെ പ്രകടനമാണ് ബാഹുബലി 2വിലെ ഹൈലൈറ്റ്. വീരനിൽ നിന്നും രസികനിലേക്കുള്ള അദ്ദേഹത്തിന്റെ മാറ്റം ചിത്രത്തിന്റെ ഗ്രാഫ് മേലോട്ട് ഉയർത്തുന്നുണ്ട്. സസ്പെൻസുകൾക്കും അപ്പുറമാണ് ബാഹുബലി 2. അതുകൊണ്ട് തന്നെ സസ്പെൻസ് പൊളിഞ്ഞാലും ചിത്രം കാണാൻ പ്രേക്ഷകർ തിയറ്ററിൽ എത്തുമെന്ന് ഉറപ്പാണ്.
(കഥയല്ല, കാണാക്കാഴ്ചകൾ കാണാൻ ഇഷ്ടപ്പെടുന്നവർക്കുള്ള വിരുന്നാണ് ബാഹുബലി- 2)
വി.ശ്രീകാന്ത്