രാജമൗലിയുടെ ബാഹുബലി 2 പോലെ പ്രേക്ഷകര്‍ ഇത്രയും ആകാംക്ഷയോടെ കാത്തിരുന്ന മറ്റൊരു സിനിമയും ഉണ്ടായിട്ടില്ല. ബാഹുബലിയുടെ ആദ്യഭാഗത്തിലെ നായകന്‍ പ്രഭാസിന്റെ ശരീര സൗന്ദര്യം കുറച്ചൊന്നുമല്ല ആളുകളെ കോരിത്തരിപ്പിച്ചത്. കൂറ്റന്‍ ശിവലിംഗം തോളില്‍വച്ചുള്ള മഹേന്ദ്രബാഹുബലിയുടെ ആ വരവ് പെട്ടെന്നാരും മറക്കില്ല. ആരൊറ്റ സിനിമയ്ക്കുവേണ്ടി പ്രഭാസ് എത്രമാത്രം കഠിനാദ്ധ്വാനം നടത്തിയിരുന്നു എന്നത് വ്യക്തമാക്കുകയാണ് പ്രഭാസിന്റെ ട്രയ്‌നര്‍ ലക്ഷ്മണ്‍ റെഡ്ഡി. ഇന്ത്യക്കാരനും 2010 ലെ മിസ്റ്റര്‍ വേള്‍ഡും ആയിരുന്ന ലക്ഷ്മണ്‍ റെഡ്ഡിയാണ് പ്രഭാസിന്റെ ട്രെയ്നര്‍. ബാഹുബലി ദി കണ്‍ക്യൂഷന്‍ എന്ന പേരില്‍ ഇറങ്ങുന്ന ചിത്രത്തിനു വേണ്ടിയുള്ള പ്രഭാസിന്റെ തയ്യാറെടുപ്പിനെക്കുറിച്ച് വിവരിക്കുകയാണ് ലക്ഷ്മണ്‍ റെഡ്ഡി.
കഠിനമായ വ്യായാമമുറകളും ചിട്ടയായ ഭക്ഷണരീതികളുമായിരുന്നു പ്രഭാസ് പാലിച്ചിരുന്നതെന്ന് റെഡ്ഡി പറയുന്നു. ബാഹുബലി ഒന്നാം ഭാഗം മുതല്‍ പ്രഭാസിന്റെ ഭക്ഷണക്രമത്തെ കുറിച്ച് റെഡ്ഡിപറയുന്നതിങ്ങനെ. ബഹുബലിക്ക് വേണ്ടിയുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി എട്ട് നേരം അദ്ദേഹം ആഹാരം കഴിച്ചിരുന്നു. കാര്‍ബോഹൈഡ്രേറ്റ് കൂടുതലായി ഉള്‍പ്പെടുത്തിയിരുന്ന ഭക്ഷണത്തില്‍ ആട്ടിറച്ചിയും വെണ്ണയും കൂടാതെ മുട്ടയുടെ വെള്ള, ചിക്കന്‍, പരിപ്പ്, ബദാം, മീന്‍, പച്ചക്കറികള്‍ എന്നിവയും ഉണ്ടായിരുന്നു. വൈകുന്നേരങ്ങളില്‍, കൃത്യമായി വ്യായാമം ചെയ്തിരുന്നു. പ്രഭാസിന് ബിരിയാണി വളരെ ഇഷ്ടമായിരുന്നു. അത് അറിയാവുന്നത് കൊണ്ടുതന്നെ അതിനുള്ള അനുവാദം നല്‍കിയിരുന്നു. ചിലപ്പോഴൊക്കെ ജങ്ക് ഫുഡ് കഴിക്കണമെന്നും അദ്ദേഹം ആഗ്രഹം പ്രകടിപ്പിച്ചിരുന്നു.
ഞാന്‍ വളരെ കര്‍ശന നിയന്ത്രണം പുലര്‍ത്തിയിരുന്നുവെങ്കിലും അദ്ദേഹത്തിന്റെ ഈ കൊതി മനസിലാക്കി പലപ്പോഴും അതിന് അനുവദിച്ചിട്ടുണ്ട്. ഒരു ദിവസം ആറ് മണിക്കൂര്‍ വരെ ഫിറ്റ്‌നെസ് വര്‍ക്കൗട്ട് ചെയ്തിരുന്ന പ്രഭാസിനെക്കുറിച്ച് ലക്ഷ്മണ്‍ റെഡ്ഡി പറയുന്നത് ഇങ്ങനെ. ‘അദ്ദേഹത്തിന്റെ ആഹാര ക്രമവും വര്‍ക്ക് ഔട്ടും ഞാന്‍ തുടര്‍ച്ചയായി നിരീക്ഷിച്ചിരുന്നു. സിനിമയുടെ ചിത്രീകരണം അവസാനിക്കുന്നത് വരെ ഒരു ദിവസം പോലും അദ്ദേഹം വര്‍ക്ക്ഔട്ട് മുടക്കിയിട്ടില്ല. ചില ദിവസങ്ങളില്‍ അര്‍ദ്ധരാത്രി വരെ വ്യായാമം ചെയ്തിരുന്നു. ഞാന്‍ പലര്‍ക്കും ഇതിന് മുമ്പും ട്രെയ്‌നിംഗ് കൊടുത്തിട്ടുണ്ട്. എന്നാല്‍ പ്രഭാസിനെ പോലെ കഠിനാധ്വാനം ചെയ്യുന്ന ആരെയും കണ്ടിട്ടില്ല’. റെഡ്ഡി കൂട്ടിച്ചേര്‍ക്കുന്നു. അത് ബാഹുബലി കാണുന്നവരും സമ്മതിക്കും. അത്ര മികവോടെയാണ് പ്രഭാസ് തന്റെ ശരീരം രൂപപ്പെടുത്തിയിരിക്കുന്നത്. ഇനി കാത്തിരുന്ന് കാണാം. പ്രഭാസിന്റെ കഠിനാദ്ധ്വാനം ഫലം കാണുമോ ഇല്ലയോ എന്നത്.