മുംബൈ:ഇന്ത്യന്‍ സിനിമാ ചരിത്രത്തിലെ തന്നെ വിസ്മയമായി മാറിയ ബാഹുബലി വീണ്ടുമെത്തുന്നു. ‘ബാഹുബലി’ സിനിമയുടെ പൂര്‍വകഥ പറയുന്ന, മലയാളി എഴുത്തുകാരന് ആനന്ദ് നീലകണ്ഠന്റെ പുസ്തകം ദ് റൈസ് ഓഫ് ശിവഗാമി’യെ ആസ്പദമാക്കി ആഗോള ഡിജിറ്റല്‍ മീഡിയ പ്ലാറ്റ്ഫോം നെറ്റ്ഫ്ളിക്സിലാണ് ഇത്തവണ ബാഹുബലി പരമ്പരയായെത്തുന്നത്.
‘ബാഹുബലി: ബിഫോര്‍ ദ് ബിഗിനിങ്’ എന്ന പരമ്പര ചിത്രീകരിക്കുന്നതിനു പിന്നില്‍ സംവിധായകന് രാജമൗലിയുമുണ്ട്. ദേവ കട്ട, പ്രവീണ്‍ സതാരു എന്നിവര്‍ േചര്‍ന്നാണ് സംവിധാനം ചെയ്യുന്നത്.
തിരക്കഥാ നിര്‍ദേശം രാജമൗലിയുടേതാണ്. മൂന്നുഭാഗങ്ങളായുള്ള പരമ്പരയ്ക്കു 500 കോടിയോളം രൂപയാണ് ചെലവു കണക്കാക്കുന്നത്. ബാഹുബലിയുടെ ജനനത്തിനു മുന്‍പുള്ള ശിവഗാമിയുടെയും കട്ടപ്പയുടെയും കഥയാണ് ആദ്യഭാഗം.
കേരളത്തില്‍ ഉള്‍പ്പെടെയാകും ചിത്രീകരണം. റിലീസ് 152 രാജ്യങ്ങളില്‍. മൂന്നു ബാഹുബലി സിനിമകള്‍ പുതുതായി ചിത്രീകരിച്ച് ഇന്റര്‍നെറ്റ് വഴി മൂന്നുഭാഗങ്ങളായി റിലീസ് ചെയ്യുന്നവിധമാണു പരമ്പര.
ആനന്ദ് നീലകണ്ഠന് എഴുതിക്കൊണ്ടിരിക്കുന്ന രണ്ടാമത്തെ പുസ്തകത്തെയും എഴുതാനിരിക്കുന്ന മൂന്നാമത്തേതിനെയും ആസ്പദമാക്കിയാകും രണ്ടും മൂന്നും സീസണുകള്‍. ഒരു മണിക്കൂര്‍ വീതമുള്ള എട്ടു ഭാഗങ്ങളാണ് ഓരോ സീസണും. എട്ടു മണിക്കൂറുള്ള ഒറ്റ സിനിമപോലെയും ഓരോ മണിക്കൂര്‍ വീതമുള്ള എട്ടു ഭാഗങ്ങളായും നെറ്റ്ഫ്ലിക്സില്‍ ലഭ്യമാക്കും.
ഇന്ത്യയില്‍നിന്നുള്ള രണ്ടാമത്തെ നെറ്റ്ഫ്ളിക്സ് പരമ്പരയാണിത്; മലയാളി കഥയെഴുതുന്ന ആദ്യത്തേതും. വിക്രം ചന്ദ്രയുടെ നോവലിനെ അടിസ്ഥാനമാക്കിയുള്ള സേക്രഡ് ഗെയിംസ് ആണ് ഇന്ത്യയില്‍നിന്നുള്ള ആദ്യ നെറ്റ്ഫ്ളിക്സ് പരമ്പര.
പ്രമുഖ ഇന്ത്യന്‍ ഇംഗ്ലിഷ് എഴുത്തുകാരനായ തൃപ്പൂണിത്തുറ സ്വദേശി ആനന്ദ് മുംബൈ സാന്‍പാഡയിലാണു താമസം. ഈ വാര്‍ത്ത പുറത്തു വന്നതോടെ ബാഹുബലിയുടെ ആരാധകരെല്ലാം വലിയ ആവേശത്തിലാണ്.