ഫ്‌ളോറിഡ : നാട്ടുകാരുടെ പള്‍സ് അറിഞ്ഞ് സോഷ്യല്‍ മീഡിയയില്‍ കുറിപ്പ് എഴുതുന്നതില്‍ മുടിചൂടാമന്നനാണ് കളക്ടര്‍ ബ്രോ അഥവാ പ്രശാന്ത് നായര്‍ ഐഎഎസ്. അമേരിക്കന്‍ മലയാളിയായ ആല്‍വിന്‍ ഇമ്മട്ടിയുടെ ടിക് ടോക് വീഡിയോ ഷെയര്‍ ചെയ്തുകൊണ്ടാണ് മലയാളികള്‍ ഏറ്റവുമധികം ആഘോഷിക്കുന്ന ഹര്‍ത്താലിനോടുള്ള മനോഭാവം എന്നുമാറുമെന്നാണ് ബ്രോ അത്ഭുതപ്പെടുന്നത്.
ബാഹുബലിയിലെ ധീവരാ എന്ന ഗാനത്തെ ആധാരമാക്കിയാണ് ആല്‍വിന്‍ നീ പറ പുഷ്കരാ..ബസിലെ സൗമ്യ ആരാ..പുഷ്ക്കരാ..നീ ഗംഭീരാ….നീ പറ എന്ന ടിക് ടോക് വീഡിയോ അവതരിപ്പിക്കുന്നത്. ഈ വീഡിയോ 10 ലക്ഷത്തിലധികം പേര്‍ ഇതിനകം കണ്ടുകഴിഞ്ഞു. ഇതിനോടകം 500ഇല്‍ പരം ടിക് ടോക് വീഡിയോ ആല്‍വിന്‍ ചെയ്തിട്ടുണ്ട്, ഇതില്‍ രണ്ടാമത്തെ വീഡിയോ ആണ് സമൂഹ മാധ്യമങ്ങളില്‍ വൈറല്‍ ആകുന്നത്.
മാതാപിതാക്കളും സുഹൃത്തുക്കളും നല്ല പിന്തുണയാണ് ആല്‍വിന് നല്‍കികൊണ്ടിരിക്കുന്നത്, ഇവിടെയുള്ള നവകേരള, കേരള സമാജം എന്നി മലയാളി അസ്സോസിയേഷനുകളില്‍ പരിപാടികളില്‍ ആല്‍വിന്റെ സ്കിറ്റുകള്‍ സജീവമാണ്. അമേരിക്കന്‍ മലയാളിയായ ആല്‍വിന്‍ ഇമ്മട്ടി ഫ്‌ളോറിഡയില്‍ കോറല്‍ സ്പ്രിങ്‌സിലാണ് താമസം, 22വയസുള്ള ആല്‍വിന്‍ ഒരു അവസാന വര്‍ഷ നഴ്‌സിംഗ് വിദ്യാര്‍ത്ഥികുടിയാണ്.
ഫേസ്ബുക്ക് പോസ്റ്റ് ചുവടെ:
Prasanth Nair
വിളിച്ചതാരായാലും ഹര്‍ത്താല്‍ നന്നായാ മതി എന്ന ഉദാത്ത ചിന്തയാണ് പലര്‍ക്കും. ഏതാനും മാസങ്ങളായി കേരളം സഹിക്കാവുന്നതിനും അപ്പുറത്തെ കോപ്രായങ്ങള്‍ കാണുന്നു, സഹിക്കുന്നു. നിര്‍ബന്ധിതമായി കായികബലം ഉപയോഗിച്ച് അടിച്ചേല്‍പ്പിക്കുന്ന ബഹളങ്ങള്‍ക്കും സമരങ്ങള്‍ക്കുമിടയില്‍ ചവിട്ടിമെതിക്കപ്പെടുന്നവന്‍ നമ്മുടെ കണ്ണില്‍ പെടാത്തത് കൊണ്ടാണ് കാര്യത്തിന്റെ ഗൗരവം മനസ്സിലാവാത്തത്.
നിര്‍ബന്ധിത ഹര്‍ത്താലും ബന്ദും അന്നന്നത്തെ കഞ്ഞിക്ക് വകയുണ്ടാക്കുന്നവന്റെ, ദിവസക്കൂലിക്കാരന്റെ വയറ്റത്താണ് അടിക്കുന്നത്. അസംഘടിതനാണവന്‍. ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ തൊഴിലാളികളും കച്ചവടക്കാരും സേവനമേഖലയില്‍ പ്രവര്‍ത്തിക്കുന്നവരും അസംഘടിതരാണ്. അവര്‍ക്ക് ജീവന്‍ മരണ പ്രശ്‌നമാണ് തൊഴിലും അതില്ലാതാക്കുന്ന നിര്‍ബന്ധിത സമരങ്ങളും. സഹികെട്ട് അതൊന്ന് പറഞ്ഞ് പോയാലോ, ചിലരുടെ കര്‍ണ്ണപുടത്തില്‍ ശബ്ദതരംഗമായി അത് പതിയുന്നത് വേറെന്തോ ആയിട്ടാണ്. കമ്മിസംഘികോങ്ങിസുടാപ്പി മുദ്രകുത്തല്‍ യോജന തുടങ്ങുകയായി. ഈ പാവങ്ങള്‍ പറയുന്നത് ജീവിക്കാന്‍ അനുവദിക്കണം എന്നാണ്. വേറൊന്നുമല്ല.
ആര് എന്ത് പറഞ്ഞാലും നമുക്ക് കേള്‍ക്കാന്‍ ഇഷ്ടമുള്ളതേ ചിലര്‍ കേള്‍ക്കൂ. മനസ്സിലാക്കൂ. അതുകൊണ്ടാണ് ഈയിടെയായി ഒന്നും പറയാത്തത്.
ഇത്രയും വലിയ ഫിലോസഫി ഇത്രയും ലളിതമായി പറഞ്ഞ് തന്ന Alvin Emmatty ക്ക് അഭിനന്ദനം.
ബ്രോസ്വാമി
റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം