കൊച്ചി: റിലീസ് ചെയ്തു മണിക്കൂറുകള്‍ക്കുള്ളില്‍ ബാഹുബലി രണ്ടാം ഭാഗം ഇന്റർനെറ്റില്‍. തിരുപ്പതി സ്വദേശിയുടെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ ഫേസ്ബുക്ക് ലൈവ് വഴിയാണു ചിത്രം ചോര്‍ന്നിരിക്കുന്നത്. സിനിമയുടെ ആദ്യ 51 മിനിറ്റ് ഭാഗമാണു ഫേസ്ബുക്കിലൂടെ പ്രചരിക്കുന്നത്. ഇതിനകം മുപ്പതിനായിരത്തോളംപേര്‍ വീഡിയോ ഫേസ്ബുക്കിലൂടെ കാണുകയും മൂവായിരത്തി അഞ്ഞൂറോളം പേര് വീഡിയോ ഷെയര്‍ ചെയ്തുകഴിയുകയും ചെയ്തു. തിയറ്ററില്‍നിന്നു മൊബൈല്‍ ഫോണ്‍ വഴിയാണു ചിത്രം പകര്‍ത്തിയതെന്നാണു ലഭിക്കുന്ന സൂചന.
അതേസമയം, സിനിമയുടെ ചില രംഗങ്ങള്‍ സിനിമ റിലീസ് ചെയ്യുന്നതിനു മുമ്പേ പുറത്തുവന്നിരുന്നതായി സൂചനയുണ്ടായിരുന്നു. ചിത്രത്തിലെ ചില ദൃശ്യങ്ങളാണു സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നത്്. ചിത്രത്തിന്റെ പ്രത്യേക പ്രദര്‍ശനം സംഘടിപ്പിച്ചപ്പോള്‍ ചോര്‍ന്നതെന്നായിരുന്നു സുചന. ഇതു സിനിമാ നിര്‍മാതാവ് നിഷേധിച്ചിരുന്നു.
ഇത്തരത്തിലൊരു ഷോ നടത്തിയിട്ടില്ലെന്നും ചിത്രങ്ങള്‍ ചോര്‍ന്നിട്ടില്ലെന്നും നിര്‍മാതാവ് ശോബു യര്ലഗഡ ട്വിറ്ററിലൂടെ വ്യക്തമാക്കിയിരുന്നു. വിവിധ രാജ്യങ്ങളിലെ സെന്‍സര്‍ ബോര്‍ഡുകള്‍ക്കുവേണ്ടി പ്രദര്‍ശനം സംഘടിപ്പിച്ചതല്ലാതെ മറ്റൊരു രീതിയിലും പ്രദര്‍ശനം നടന്നിട്ടില്ലെന്ന് അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നു.
250 കോടി രൂപക്കു മുകളില്‍ മുതല്‍ മുടക്കി എസ്.എസ്. രാജമൗലി സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ ചിത്രം ലോക ക്ലാസിക്കുകളുടെ ഗണത്തിലേക്ക് ഉയരുമെന്നു സിനിമാ വിദഗ്ധര്‍ അഭിപ്രായപ്പെട്ടിരുന്നു. യുദ്ധരംഗങ്ങളും സംഘട്ടനങ്ങളും ഹോളിവുഡിനോട് കിടപിടിക്കുന്നതാണെന്നു അണിയറ പ്രവര്‍ത്തകര്‍ സാക്ഷ്യപെടുത്തുന്നു. അതേസമയം ബാഹുബലി 2വിന്റെ വ്യാജനിങ്ങി എന്ന വാർത്ത വ്യാജമെന്നു നിർമാ താവ് ശോഭു യെർല ഗദ്ദ ട്വിറ്ററിൽ കുറിച്ചു.