വാഷിംഗ്ടൺ ഡിസി: ഹമാസിനെതിരേ ബൈഡൻ രൂക്ഷ ഭാഷയിൽ രംഗത്തെത്തി. ഹമാസിന്റേത് കടിഞ്ഞാണില്ലാത്ത പൈശാചികതയാണെന്ന് ബൈഡൻ കുറ്റപ്പെടുത്തി.
“നിരപരാധികളെയാണു ഹമാസ് കൊന്നൊടുക്കിയത്. ഹമാസിന്റെ കൊടും ക്രൂരത ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ നിഷ്ഠുരകൃത്യത്തേക്കാൾ വലുതാണ്. ഞങ്ങൾ ഇസ്രയേലിനൊപ്പം നിലകൊള്ളും’-ബൈഡൻ പറഞ്ഞു.
ഹമാസ് ആക്രമണത്തിൽ 14 യുഎസ് പൗരന്മാർ കൊല്ലപ്പെട്ടുവെന്ന് പ്രസിഡന്റ് ജോ ബൈഡൻ അറിയിച്ചു. ഇരുപതിലേറെ അമേരിക്കക്കാരെ ഇസ്രയേലിൽനിന്നു കാണാതായെന്ന് യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവൻ പറഞ്ഞു.
നൂതന യുദ്ധോപകരണങ്ങളുമായി യുഎസിന്റെ ആദ്യവിമാനം ഇസ്രയേലിലെത്തി. തെക്കൻ ഇസ്രയേലിലെ നലേതിം വിമാനത്താവളത്തിൽ അമേരിക്കൻ വിമാനം ആയുധങ്ങളുമായി എത്തിയതായി ഇസ്രയേൽ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചരക്കു വിമാനം എത്തിയതിന്റെ വീഡിയോ ദൃശ്യങ്ങൾ പ്രതിരോധ മന്ത്രാലയം പുറത്തുവിട്ടു. യുഎസ് വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കൻ ഇന്ന് ഇസ്രയേലിലെത്തുമെന്നു റിപ്പോർട്ടുണ്ട്.