സിജോ പൈനാടത്ത്
കൊച്ചി: 2018 ജൂണ് മൂന്നിന് ഒരാളുടെ ജീവന് രക്ഷിക്കാന് ഓടിച്ചുകൊണ്ടിരുന്ന കെഎസ്ആര്ടിസി ബസ് വഴിതിരിച്ച് ആശുപത്രിയിലേക്കെത്തിച്ച ബസ് ജീവനക്കാരായ ബൈജുവിനെയും ഗിരീഷിനെയും അന്നു ബസിലുണ്ടായിരുന്ന യാത്രക്കാര് ആരും മറക്കില്ല.
അപസ്മാരം ബാധിച്ച് അവശനിലയിലായ ബസ് യാത്രികനു വേണ്ടി അന്നു കാരുണ്യത്തിന്റെ സാരഥികളായ പിറവം വെളിയനാട് സ്വദേശി ബൈജുവും (42), പെരുമ്പാവൂര് പുല്ലുവഴി സ്വദേശി ഗിരീഷുമാണു (44), ഇന്നു കെഎസ്ആര്ടിസിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ അപകടങ്ങളിലൊന്നിലേക്കു വളയം പിടിച്ചതും.
കോയമ്പത്തൂര് അവിനാശിയില് ഇന്നു പുലര്ച്ചെ കണ്ടെയ്നര് ലോറിയിടിച്ച കെഎസ്ആര്ടിസി വോള്വോ ബസിന്റെ ഡ്രൈവര്മാരിലൊരാളായ ബൈജുവായിരുന്നു അന്നു ബസ് ഓടിച്ചത്.
2018 ജൂണ് മൂന്നിന് എറണാകുളത്തുനിന്നു പുറപ്പെട്ട ബംഗളൂരു വോള്വോ ബസില് ഡ്രൈവറായിരുന്ന ഇദേഹം, യാത്രക്കിടയില് രോഗം മൂര്ച്ചിച്ച യാത്രക്കാരനു വണ്ടി തിരിച്ച് ആശുപത്രിയിലേക്കു വിട്ടത്.
അന്നത്തെ സംഭവത്തെക്കുറിച്ചു ബൈജു തന്നെ പിന്നീടു സോഷ്യല് മീഡിയയില് കുറിച്ചതിങ്ങനെ:
“ഏകദേശം നേരം വെളുക്കാറായപ്പോള് ഒരു യാത്രക്കാരന് മുന്നിലേക്കു വന്നു, സാര് താക്കോല് ഉണ്ടൊ എന്ന് ചോദിച്ചു. കാര്യം അന്വേഷിച്ചപ്പോള് പുറകില് ഒരു കുട്ടിക്ക് ഫിക്സ് ആണെന്ന് അറിയിച്ചു.
ഞാന് താക്കോല് നല്കി. കുറച്ചു നേരം കഴിഞ്ഞു രണ്ടു പേര് വന്നിട്ട് പറഞ്ഞു; ചേട്ടാ ഒരു ശമനവും ഇല്ല, ഹോസ്പിറ്റലിലേക്ക് കൊണ്ടുപോകേണ്ടി വരും.
യാത്രക്കാരും കുട്ടിയെ ആശുപത്രിയിലെത്തിക്കണമെന്ന് അഭിപ്രായപ്പെട്ടു. അപ്പോഴേക്കും വണ്ടി ഹൊസൂരെത്തിയിരുന്നു. ബസ് തിരിച്ചു നേരെ ഹൈവേക്ക് തൊട്ടടുത്തുള്ള ജനനി ഹോസ്പിറ്റലിലേക്കു വിട്ടു.
ഹോസ്പിറ്റലില് അഡ്മിറ്റ് ചെയ്ത ശേഷം ബംഗളൂരുവില് സ്റ്റേഷന് മാസ്റ്ററെ അറിയിച്ചു. വേണ്ടകാര്യങ്ങള് ചെയ്ത ശേഷം എത്തിയാല് മതി എന്നു നിര്ദേശം ലഭിച്ചു.’
രോഗിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ആരോഗ്യസ്ഥിതി ഗുരുതരമായതിനാല് ഒരാള് ആള്ക്കൊപ്പം ആശുപത്രിയില് നില്ക്കണമെന്നു ഡോക്ടര്മാര് പറഞ്ഞു. എന്നാലേ ചികിത്സ തുടരാനാകൂ എന്നും അറിയിച്ചു. മറ്റു യാത്രക്കാര് പിന്മാറി.
ബൈജു കണ്ട്രോള് റൂമില് വിളിച്ച് അന്വഷിച്ചപ്പോള് ഒരാള് ഹോസ്പിറ്റലില് നില്ക്കൂ, അടുത്തയാള് വാഹനവുമായി യാത്ര തുടരൂ എന്നു നിര്ദേശം നല്കി.
ഒപ്പമുണ്ടായിരുന്ന ഡ്രൈവര് ഗിരീഷിനോടു വണ്ടിയുമായി ബംഗളൂരുവിലേക്കു യാത്ര തുടരാന് ബൈജു ആവശ്യപ്പെട്ടു. താന് രോഗിയ്ക്കൊപ്പം ആശുപത്രിയില് നില്ക്കാമെന്നും അറിയിച്ചു.
അങ്ങനെ കേരളത്തില് നിന്നു ബംഗളൂരുവിലേക്കു ബസ് ഓടിച്ചു പോയ ബൈജു ആശുപത്രിയില് രോഗിയ്ക്കു കൂട്ടിരിപ്പുകാരനായി. രണ്ടാമത്തെ ഡ്രൈവര് ഗിരീഷ് യാത്രക്കാരുമായി ലക്ഷ്യത്തിലേക്കും.
കാരുണ്യത്തിന്റെ മുഖങ്ങളായ ബൈജുവിനെയും ഗിരീഷിനെയും കുറിച്ച് ആശുപത്രി വിട്ട രോഗി പിന്നീടു ഫേസ്ബുക്കില് കുറിച്ചു: ‘നന്മയുടെ കരം നീട്ടിയ ഗിരീഷേട്ടനും ബൈജുവേട്ടനും ഒരായിരം അഭിനന്ദനങ്ങൾ.’
മാസങ്ങള്ക്കിപ്പുറം ഇരുവരും എന്നേയ്ക്കുമായി യാത്രപറഞ്ഞകന്നു!.