ചാരുംമൂട്: മാവേലിക്കര പാർലമെന്റ് മണ്ഡലം എൻഡിഎ സ്ഥാനാർഥി ബൈജു കലാശാലയുടെ സഹോദരി വോട്ടുതേടുന്നത് എതിർ സ്ഥാനാർഥി കൊടിക്കുന്നിൽ സുരേഷിനുവേണ്ടി. മഹിളാ കോൺഗ്രസ് നൂറനാട് ബ്ലോക്ക് സെക്രട്ടറിയും സോഷ്യൽ മീഡിയ കോ – ഓർഡിനേറ്ററും സീരിയൽ താരവുമായ ഇന്ദു രാജനാണ് യുഡിഎഫിന്റെ പ്രചാരണ പ്രവർത്തനങ്ങളിൽ സജീവമായി രംഗത്തുള്ളത്.
കോൺഗ്രസ് നേതാവും പഞ്ചായത്ത് പ്രസിഡന്റുമൊക്കെയായിരുന്ന സഹോദരൻ ബൈജു കലാശാല കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട ശേഷം കോൺഗ്രസ് വിട്ടിരുന്നു. എന്നാൽ, ഇന്ദു രാജനും കുടുംബവുമെല്ലാം കോൺഗ്രസിൽ സജീവമാണ്.
ബൈജു കലാശാല കഴിഞ്ഞ മാസം ബിഡിജെഎസിൽ ചേരുകയും മാവേലിക്കരയിലെ എൻഡിഎ സ്ഥാനാർഥിയാവുകയും ചെയ്തുവെങ്കിലും തങ്ങളുടെ നിലപാടിലുറച്ചു നിൽക്കുകയാണ് ഇന്ദു രാജൻ.
അപ്പുറത്ത് മത്സരിക്കുന്നത് സഹോദരനായാൽ പോലും യുഡിഎഫിനുവേണ്ടി പ്രവർത്തിക്കുകയാണ് നിലപാടെന്ന് ഇന്ദു പറഞ്ഞു. ബൈജുവിന്റെ യും ഇന്ദുവിന്റെയും വീട് നിൽക്കുന്ന താമരക്കുളം പഞ്ചായത്തിലെ 164-ാം ബൂത്തിലാണ് കൊടിക്കുന്നിൽ സുരേഷിനു വോട്ടു തേടി കഴിഞ്ഞദിവസം ഇന്ദു വീടുകൾ കയറിയത്.
മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സുനിത, കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡന്റ് ഗോപാലകൃഷ്ണപിള്ള, മഹിളാ കോൺഗ്രസ് മണ്ഡലം സെക്രട്ടറിമാരായ രോഹിണിയമ്മ, ഗൗരിയമ്മ എന്നിവരും ഇന്ദുവിനൊപ്പം ഭവന സന്ദർശനത്തിനുണ്ടായിരുന്നു.