കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ശക്തമായ നിലപാടെടുത്ത സിനിമക്കാരിലൊരാളായിരുന്നു സംവിധായകന് ബൈജു കൊട്ടാരക്കര. സിനിമലോകത്തെ പ്രശ്നങ്ങളില്‍ ശക്തമായ നിലപാടെടുത്തതോടെ അദേഹത്തിനെതിരായി സോഷ്യല്‍മീഡിയയിലടക്കം വലിയതോതില്‍ ആക്രമണം നടക്കുകയാണ്. അതിന്റെ ഭാഗമായി ചില ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ ബൈജു കൊട്ടാരക്കരയ്ക്കെതിരേ വാര്‍ത്തകളും പ്രത്യക്ഷപ്പെട്ടിരുന്നു. ഇതോടെ പ്രതികരണവുമായി ബൈജു രംഗത്തെത്തിയിരിക്കുകയാണ്.
കലാഭവന്‍ മണിയുമായി തനിക്ക് പ്രശ്നങ്ങളുണ്ടായിരുന്നുവെന്നത് വെറും കെട്ടുകഥ മാത്രമാണെന്ന് അദേഹം പ്രതികരിച്ചു. അത്തരത്തില്‍ വരുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണ്. ഞാന്‍ സംവിധാനം ചെയ്ത ജെയിംസ് ബോണ്ട് ഉള്‍പ്പെടെയുള്ള ചിത്രങ്ങളിള് അദേഹം അഭിനയിച്ചിട്ടുണ്ട്. മണിയുമായി നല്ല സൗഹൃമായിരുന്നു അവസാനം വരെ ഉണ്ടായിരുന്നത്- ബൈജു പറയുന്നു. ഇപ്പോള്‍ ഇത്തരത്തില്‍ എനിക്കെതിരേ വാര്‍ത്തകള്‍ വരുന്നതിനു പിന്നില്‍ ശക്തമായ ഗൂഡാലോചനയുണ്ടെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.
ബാബു ആന്റണിയെ നായകനാക്കിയാണ് ബൈജു കൊട്ടാരക്കര സംവിധാന രംഗത്തെത്തുന്നത്. 1994ല്‍ പുറത്തിറങ്ങിയ കമ്പോളം ആക്ഷന്സിനിമകള്ക്ക് മലയാളത്തില്‍ വലിയ സ്വീകാര്യതയുണ്ടെന്ന് തെളിയിച്ചു. തൊട്ടുപിന്നാലെ ബാബുവിനെ തന്നെ നായകനാക്കി പുറത്തിറങ്ങിയ ബോക്സറും ഹിറ്റായി. രണ്ടുവര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് മുകേഷിനെ നായകനാക്കി വംശം എന്ന ചിത്രം അണിയിച്ചൊരുക്കുന്നത്. 1999ല്‍ കലാഭവന്‍ മണിയടക്കം മലയാളത്തിലെ പ്രമുഖ ഹാസ്യതാരങ്ങള്‍ അണിനിരന്ന ജെയിംസ് ബോണ്ടും ഹിറ്റ് ചാര്‍ട്ടില്‍ ഇടംപിടിച്ചു. ഇപ്പോള്‍ പുതിയ പ്രോജക്ടുകളുടെ പണിപ്പുരയിലാണ് ബൈജു.