കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരെ പോലീസ് കുറ്റപത്രം സമര്‍പ്പിക്കാനിരിക്കെ നിര്‍ണ്ണായക പ്രതികരണങ്ങളുമായി സംവിധായകന്‍ ബൈജു കൊട്ടാരക്കര രംഗത്ത്. കേസില്‍ മഞ്ജു വാര്യര്‍ പ്രധാന സാക്ഷികളിലൊരാളാവും എന്ന് വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെയാണ് ബൈജു കൊട്ടാരക്കര ചില പ്രതികരണങ്ങള്‍ നടത്തിയിരിക്കുന്നത്. നടിയെ ആക്രമിച്ച കേസില്‍ നടി മഞ്ജു വാര്യര്‍ ദിലീപിനെതിരെ ശക്തമായ നിലപാടെടുക്കുമെന്ന് കരുതുന്നില്ലെന്നാണ് സംവിധായകന്‍ ബൈജു കൊട്ടാരക്കര പറയുന്നത്.
ദിലീപിന് മഞ്ജുവിലുണ്ടായ ഒരു മകളുണ്ട്. ഈ മകള്‍ ദിലീപിനൊപ്പമാണുള്ളത്. അതേ സമയം ഈ മകള്‍ അമ്മയോട് കരഞ്ഞു പറഞ്ഞാല്‍ ദിലീപിനെതിരെ മഞ്ജു വാര്യര്‍ സാക്ഷി പറയുമെന്ന് കരുതുന്നില്ലെന്ന് ബൈജു പറഞ്ഞു. മഞ്ജു വാര്യരെ പ്രധാന സാക്ഷികളിലൊരാളായി കുറ്റപത്രം സമര്‍പ്പിക്കാനിടയുള്ള സാഹചര്യത്തിലാണ് ബൈജു കൊട്ടാരക്കരയുടെ പ്രതികരണം. നടിയെ ആക്രമിച്ച കേസില്‍ കൂടുതല്‍ പ്രതികളെ ഉള്‍പ്പെടുത്തി പുതിയ കുറ്റപത്രമാണ് പോലീസ് സമര്‍പ്പിക്കുന്നത്.
കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്തവര്‍ക്ക് പുറമേ ഇതിന് ക്വട്ടേഷന്‍ നല്‍കിയ ദിലീപ്, ദൃശ്യങ്ങള്‍ പകര്‍ത്തിയ ഫോണ്‍ നശിപ്പിച്ച അഭിഭാഷകര്‍, പള്‍സര്‍ സുനിക്ക് ജയിലില്‍ സഹായം നല്‍കിയവര്‍ എന്നിവരുടെ പേര് പട്ടികയിലുണ്ടാവും. ദിലീപ് എട്ടാം പ്രതിയാകുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. കേസില്‍ പ്രധാനമായും ഗൂഢാലോചന നടത്തിയത് ദിലീപാണെന്നാണ് പോലീസ് കണ്ടെത്തല്‍. പന്ത്രണ്ട് പ്രതികളാണ് ഈ കേസിലുള്ളത്.