കൊച്ചി: നടൻ ദിലീപിനെ പിന്തുണച്ചു രംഗത്തെത്തിയ നിർമാതാവ് സുരേഷ്കുമാറിനെതിരേ സംവിധായകനും മാക്ട ഫെഡറേഷൻ ജനറൽ സെക്രട്ടറിയുമായ ബൈജു കൊട്ടാരക്കര രംഗത്തെത്തി. ദിലീപിനുവേണ്ടി സഹതാപതരംഗം സൃഷ്ടിക്കാൻ ശ്രമിക്കുന്ന പിആർ ഏജൻസിയുമായി സുരേഷ് കുമാറിനു ബന്ധമില്ലെന്നു പറയാനാകില്ലെന്നു ബൈജു കൊട്ടാരക്കര പറഞ്ഞു.
സുരേഷ്കുമാർ മൂന്നു ദിവസം മുന്‍പു ജയിലിലെത്തി ദിലീപിനെ സന്ദർശിച്ചിരുന്നു. പിന്നീടാണു വിവിധ ഓണ്‍ലൈൻ മാധ്യമങ്ങളിലൂടെ ദിലീപ് അനുകൂല വാർത്തകൾ എത്തിത്തുടങ്ങിയത്. ദിലീപ് രോഗബാധിതനാണെന്നും ക്ഷീണിതനായി തളർന്നു സെല്ലിൽതന്നെ കിടപ്പാണെന്നും തരത്തിലുള്ള വാർത്തകളായിരുന്നു ആദ്യം പ്രചരിച്ചത്. ഇത് പിആർ ഏജൻസിയുമായി ചേർന്നു നടപ്പിലാക്കുന്ന തന്ത്രമാണോയെന്നാണു സംശയം.
ഇതു സംബന്ധിച്ച് പോലീസ് അന്വേഷണം നടത്തുന്നുണ്ടെന്നാണു വിവരം. കഴിഞ്ഞ തവണയും ദിലീപിന്റെ ജാമ്യാപേക്ഷ കോടതിയിൽ എത്തുന്നതിനുമുന്പ് ഇത്തരത്തിൽ സഹതാപതരംഗം സൃഷ്ടിക്കാൻ ബോധപൂർവമായ ശ്രമം നടന്നിരുന്നു. ഹൈക്കോടതിയിൽ രണ്ടാമതും ജാമ്യാപേക്ഷ സമർപ്പിക്കാൻ ഒരുങ്ങുന്നതിനിടെയാണു വീണ്ടും ഇത്തരം നീക്കങ്ങൾ നടക്കുന്നത്.
മകളെ സിനിമയിൽ അഭിനയിപ്പിച്ചതിന്റെ പ്രതിഫലമായിട്ടുമാകാം സുരേഷ് കുമാറിന്റെ ഈ നീക്കങ്ങൾ. പ്രൊഡ്യൂസേഴ്സ് അസോസിയേഷനിലെ ചില പ്രമുഖരും ദിലീപിന് അനുകൂലമായി രംഗത്തുണ്ട്. ദിലീപിന് അനുകൂലമായി കഴിഞ്ഞ ദിവസമാണു സുരേഷ് കുമാർ രംഗത്തെത്തിയിരുന്നത്.
റിമാൻഡിൽ കഴിയുന്ന നടനെ ഇല്ലാതാക്കാനാണു ശ്രമമെന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനെതിരേ മാക്ട ഫെഡറേഷനും രംഗത്തെത്തിയിരുന്നു. സിനിമയിലെ കൊള്ളരുതായ്മയ്ക്കും മാഫിയവത്കരണത്തിനും സ്ത്രീചൂഷണത്തിനുമെതിരേ ഉറച്ചുനിൽക്കുമെന്നു മാക്ട ഫെഡറേഷൻ വ്യക്തമാക്കിയിരുന്നു.