ഇഎംഐ സ്‌കീമില്‍ കാറും ഇലക്ട്രോണിക് സാധനങ്ങളും വാങ്ങുന്നവരുടെ എണ്ണം കേരളത്തില്‍ കൂടുതലാണ്. പലരും ആദ്യത്തെ ആവേശത്തില്‍ ചാടിക്കയറി സാധനം വാങ്ങുമെങ്കിലും പിന്നീട് ചക്രശ്വാസം വലിക്കും. ഇത്തരത്തില്‍ ഇഎംഐയില്‍ പണി കിട്ടിയ അനുഭവം തുറന്നു പറയുകയാണ് മാധ്യമപ്രവര്‍ത്തകനും സഞ്ചാരിയുമായ ബൈജു എന്‍. നായര്‍.
തനിക്കുണ്ടായ അനുഭവത്തെക്കുറിച്ച് ബൈജു പറയുന്നതിങ്ങനെ- 2013 ജനുവരിയില്‍ ഞാന്‍ 2.32 ലക്ഷം രൂപയ്ക്ക് ഒരു ടാറ്റ നാനോ ഭാര്യയുടെ പേരില്‍ വാങ്ങി. 32,000 രൂപ അടച്ച് ബാക്കി 2 ലക്ഷം രൂപ ടാറ്റ മോട്ടോര്‍ ഫിനാന്‍സില്‍ നിന്ന് ലോണും എടുത്തു. 60 മാസങ്ങളിലായി 5100 രൂപ വെച്ച് കൃത്യമായി EMI അടച്ചു തീര്‍ത്തു. 5 വര്ഷം കഴിഞ്ഞ് ടാറ്റ മോട്ടോര്‍ ഫിനാന്‍സില്‍ നിന്ന് ഫോണ്‍ വന്നു- സാറിന്റെ ലോണ്‍ ഭംഗിയായി അടച്ചു തീര്‍ത്തതിന് നന്ദി.ലോണ്‍ ടെര്‍മിനേഷന്‍ സര്‍ട്ടിഫിക്കറ്റ് എപ്പോള്‍ വേണമെങ്കിലും ഓഫീസില്‍ വന്നു വാങ്ങാം’.
തിരക്കിനിടയില്‍ ഞാനത് മാറ്റി വെച്ചു. തന്നെയുമല്ല,ഉടനെ വാങ്ങേണ്ട ‘സാധന’മാണ് അത് എന്ന് ഞാന്‍ അറിഞ്ഞിരുന്നുമില്ല. എന്തായാലും 5 മാസം കഴിഞ്ഞപ്പോള്‍ എന്നെ ഞെട്ടിച്ചു കൊണ്ട് ഒരു വക്കീല്‍ നോട്ടീസ് വന്നു:7300 രൂപ കൂടി അടച്ചാലേ ലോണ്‍ തീരൂ. അത് 15 ദിവസത്തിനുള്ളില്‍ അടച്ചില്ലെങ്കില്‍ വാഹനം ജപ്തി ചെയ്യും. ഈ പുതിയ തുകയുടെ കണക്ക് എങ്ങനെ വന്നു എന്ന കാര്യം വക്കീല്‍ നോട്ടീസില്‍ പറയുന്നുമില്ല.
ഞാന്‍ ഓടി. കാക്കനാട്ടെ ടാറ്റ മോട്ടോര്‍ ഫിനാന്‍സിന്റെ ഓഫീസിലേക്ക്. ഉച്ച വരെ അവിടെ കുത്തിയിരുന്നു മേലാളന്മാരോട് സംസാരിച്ചപ്പോള്‍ ഒരു കാര്യം ബോധ്യമായി: ഈ തുക എങ്ങനെ വന്നു എന്ന് അവര്‍ക്കും വലിയ ബോധ്യമൊന്നുമില്ല! ഒടുവില്‍ 7300 വന്നത് ഇങ്ങനെ ആയിരിക്കാം എന്ന് ഒരു ഉദ്യോഗസ്ഥനായ അനീഷ് പറഞ്ഞു :മുന്‍പ്, ആദ്യ കാലത്ത് ഒരു ഋങക അടയ്ക്കാന്‍ 2 ദിവസം വൈകിയിട്ടുണ്ട്. അതിന്റെ ഫൈന്‍ ആയ 300 രൂപ കിടന്നു പെരുകി പെരുകി 7300 ആയതാകാമത്രേ!
പണ്ട് ലോണ്‍ എടുത്തപ്പോള്‍ തന്നെ ഞാന്‍ ചോദിച്ചു,EMI തുക ECS ആക്കരുതോ എന്ന്. എങ്കില്‍ ബാങ്കില്‍ നിന്ന് കൃത്യമായി പണം എല്ലാ മാസവും പൊയ്‌ക്കോളുമല്ലോ. എന്നാല്‍ ടാറ്റ മോട്ടോര്‍ ഫിനാന്‍സിന് ഋഇട സംവിധാനമില്ല എന്നാണ്, എന്നെ അമ്പരപ്പിച്ചുകൊണ്ട് ലഭിച്ച മറുപടി. ഒരു എക്‌സിക്യു്ട്ടീവ് വന്ന് എല്ലാ മാസവും ക്യാഷ് വാങ്ങുന്ന പ്രാകൃത സമ്പ്രദായമാണത്രെ അവര്‍ക്കുള്ളത്! എന്തായാലും എല്ലാ മാസവും എക്‌സിക്യു്ട്ടീവ് എന്നെ വിളിക്കും, വരും, ഞാന്‍ ക്യാഷ് കൊടുക്കും- ഈ ഏര്‍പ്പാട് 5 വര്‍ഷവും തുടര്‍ന്നു.അച്ഛന്‍ അത്യാസന്ന നിലയില്‍ കോയമ്പത്തൂരിലെ ഹോസ്പിറ്റലില്‍ കിടക്കുമ്പോള്‍ അവിടെ വന്നു പോലും ക്യാഷ് വാങ്ങി, ടാറ്റ മോട്ടോര്‍ ഫിനാന്‍സ് !
അങ്ങനെ കൃത്യമായി പണം അടച്ചു കൊണ്ടിരുന്ന ഞാന്‍ ഒരു തവണ പണം അടയ്ക്കാന്‍ വൈകിയെങ്കില്‍ അതിനു കാരണക്കാരന്‍ ആ എക്‌സിക്യു്ട്ടീവ് അല്ലേ എന്ന് ചോദിച്ചപ്പോള്‍ കാക്കനാട് ഓഫീസിലെ ഉദോഗസ്ഥര്‍ സമ്മതിച്ചു. എന്നാലും ഒരു ചോദ്യം ബാക്കി:എല്ലാ മാസവും കൃത്യമായി പണം അടച്ചിരുന്ന എന്നെ 300 രൂപ അടയ്ക്കാനുണ്ടെന്നു കമ്പനി 5 വര്‍ഷമായിട്ടും അറിയിക്കാതിരുന്നത് എന്തു കൊണ്ടാണ്? അതിനു കാക്കനാട് ഓഫീസിലുള്ളവര്‍ക്കും ഉത്തരമില്ല! എറണാകുളം ഓഫീസിലെ അനീഷ് എന്നയാള്‍ ഒടുവില്‍ പറഞ്ഞു,’എന്തെങ്കിലും കുറയ്ക്കാന്‍ പറ്റുമോന്നു ‘മേലോട്ട് ‘ഒന്നു എഴുതി നോക്കട്ടെ’ എന്ന്.
ഇന്ത്യയിലെ സാമ്പത്തിക സ്ഥാപങ്ങളില്‍ 99 ശതമാനവും ഉപഭോക്താക്കളെ പറ്റിക്കുന്നവരാണെന്നു അറിയാവുന്നതു കൊണ്ട് ഞാന്‍ തല കുലുക്കി, എഴുനേറ്റു പോന്നു. ഇന്ന് രാവിലെ അതാ ഒരു ഫോണ്‍ കോള്‍: ഒരു സ്ത്രീയാണ് വിളിക്കുന്നത്. 7000 രൂപ ഉടനെ അടയ്ക്കണം എന്ന് ഹെഡ് ഓഫീസില്‍ നിന്ന് ഇണ്ടാസ് വന്നത്രെ. പറ്റില്ലെന്ന് ഞാന്‍ പറഞ്ഞപ്പോള്‍ ചേച്ചിയുടെ സ്വഭാവം മാറി,ഗുണ്ടയായി:’മര്യാദയ്ക്ക് പറഞ്ഞാല്‍ മനസിലാകില്ലെങ്കില്‍ അനുഭവിക്കാന്‍ റെഡി ആയിക്കോ’-ഗുണ്ട ചേച്ചി പറഞ്ഞു.
60 മാസം തവണ 5100 രൂപ വെച്ച് അടച്ച ഞാന്‍ ആരായി,ശശി! (കാക്കനാട് ഓഫീസില്‍ പോയിരുന്നു ചര്‍ച്ച ചെയ്തതിന്റെയും ഇന്നത്തെ ചേച്ചിയുടെ വിളിയുടേയുമെല്ലാം ഓഡിയോ റെക്കോര്‍ഡിങ് പക്ഷെ ഈ ശശിയുടെ കൈയ്യിലുണ്ട്!) ഇന്ത്യയുടെ അഭിമാനമായ ടാറ്റ ഗ്രൂപ്പിന്റെ ഭാഗം തന്നെയാണോ വഞ്ചനയുടെ കൂടാരമായ ടാറ്റ മോട്ടോര്‍ ഫിനാന്‍സ് എന്ന് ഞാന്‍ അത്ഭുതപ്പെടുന്നു! പാല്‍പ്പായസം ഉണ്ടാക്കിയാലും അതില്‍ ഒരു തരി അമേധ്യം വീണാല്‍ തീര്‍ന്നില്ലേ എല്ലാം!
എന്നെപ്പോലെ എത്ര പേരെ പേടിപ്പിച്ചും ഭീഷണിപ്പെടുത്തിയും ടാറ്റ മോട്ടോര്‍ ഫിനാന്‍സ് പണം ഉണ്ടാക്കുന്നുണ്ടാവും! ടാറ്റ മോട്ടോര്‍സ് ഇപ്പോള്‍ നിര്മിക്കുന്നതെല്ലാം ലോക നിലവാരമുള്ള കാറുകളാണ്.പക്ഷെ അവ വാങ്ങാന്‍ ആരും ടാറ്റ മോട്ടോര്‍ ഫിനാന്‌സിനെ ആശ്രയിക്കരുത് എന്ന് അഭ്യര്‍ഥിക്കുന്നു. ഇനി ഞാന്‍ എന്ത് ചെയ്യണമെന്ന് ടാറ്റ മോട്ടോര്‍ ഫിനാന്‍സ് പറയട്ടെ.