മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യ സ്പോണ്‍സർമാരായി ഫാന്റസി ഗെയിം ആപ്പായ ഡ്രീം 11. അടുത്ത മൂന്നു വർഷത്തേക്കാണ് ഡ്രീം 11 ഇന്ത്യൻ ക്രിക്കറ്റ് ടീമുകളുടെ മുഖ്യ സ്പോണ്‍സർമാരാകുക. ഇക്കാര്യം ബിസിസിഐ (ബോർഡ് ഫോർ ക്രിക്കറ്റ് കണ്ട്രോൾ ഇൻ ഇന്ത്യ) ഒൗദ്യോഗികമായി അറിയിച്ചു.
കേരള പശ്ചാത്തലമുണ്ടായിരുന്ന എഡ്യൂ-ടെക് കന്പനിയായ ബൈജൂസ് ആയിരുന്നു ഇതുവരെ ഇന്ത്യൻ ടീമിന്റെ മുഖ്യ സ്പോണ്‍സർമാർ.
ഡ്രീം 11 എത്ര തുക മുടക്കിയാണ് സ്പോണ്‍സർഷിപ്പ് ഏറ്റെടുത്തതെന്ന് വെളിപ്പെടുത്തിയിട്ടില്ല. 358 കോടി രൂപയ്ക്കാണ് കരാർ എന്ന് സൂചനയുണ്ട്.
ബിസിസിഐയുടെ ഔദ്യോഗിക സ്പോണ്സർമാരിൽ ഒന്നായിരുന്നു ഡ്രീം 11. വെസ്റ്റ് ഇൻഡീസ് പര്യടനം മുതൽ ഇന്ത്യൻ ടീം ജഴ്സിയിൽ ഡ്രീം 11 എന്ന പേര് ആലേഖനം ചെയ്യപ്പെടും.
മാർച്ചിൽ ബൈജൂസുമായുള്ള ബിസിസിഐ കരാർ അവസാനിച്ചിരുന്നു. 2019ലാണ് ബൈജൂസ് മുഖ്യ സ്പോണ്‍സർമാരായത്. സാന്പത്തികം ഉൾപ്പെടെയുള്ള നിരവധി പ്രശ്നത്തിലാണ് ബൈജൂസ് എന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.