പിറവം: അച്ഛന്റെ വിയോഗമറിയാതെയായിരുന്നു മകൾ ഭവിത ഇന്നലെ വെളിയനാട് സെന്റ് പോൾസ് ഹൈസ്കൂളിൽ എസ്എസ്എൽസി മോഡൽ പരീക്ഷയെഴുതിയത്.
പിതാവ് ബൈജുവിന് ചെറിയൊരു അപകടം സംഭവിച്ചിട്ടുണ്ടെന്നും മറ്റു പ്രശ്നങ്ങളൊന്നുമില്ലെന്നുമായിരുന്നു കുടുംബാംഗങ്ങളെയും നാട്ടുകാർ ധരിപ്പിച്ചിരുന്നത്.
ബൈജു ഇനിയൊരിക്കലും തിരിച്ചുവരില്ലെന്നു പറയാനുള്ള മനസാന്നിധ്യമില്ലായിരുന്നു ഇവർക്ക്. പരീക്ഷ കഴിഞ്ഞു ഭവിതയെ കൂട്ടുകാരി തന്റെ വീട്ടിലേക്ക് വിളിച്ചുകൊണ്ടുപോഴപ്പോഴാണ് തമിഴ്നാട്ടിൽ നടന്ന അപകടത്തിൽ അച്ഛൻ മരിച്ച വിവരം ഭവിത അറിഞ്ഞത്.
വെളിയനാടുകാർക്ക് സുപരിചിതനായ ബൈജു ഏറെ നാൾ പേപ്പതി കവലയിൽ ജീപ്പ് ഓടിക്കുകയായിരുന്നു. ഇതിനുശേഷം 11 വർഷം മുന്പാണ് കെഎസ്ആർടിസിയിൽ ജോലി കിട്ടിയത്.
കഴിഞ്ഞ നാലു വർഷമായി സ്ഥിരമായി ബംഗളൂരുവിലേക്കുള്ള ബസാണ് ഓടിച്ചിരുന്നത്. കേരളത്തിന് പുറത്തേക്കുള്ള ട്രിപ്പുകളിൽ കെഎസ്ആർടിസി ബസുകളിലെ രണ്ടു ജീവനക്കാർ ഡ്രൈവറായും കണ്ടക്ടറായും ജോലി ചെയ്തുവരികയാണ്.
ഒരാൾ വണ്ടിയോടിക്കുന്പോൾ മറ്റെയാൾ കണ്ടക്ടറാകും. അപകടസമയത്ത് ഒപ്പമുണ്ടായിരുന്ന ഗിരീഷാണ് വണ്ടി ഓടിച്ചിരുന്നതെന്നു പറയുന്നു.
അപകട വിവരമറിഞ്ഞ് ഒട്ടനവധിപേർ ബൈജുവിന്റെ വീട്ടിലേക്ക് എത്തിയെങ്കിലും വഴിയിൽവച്ച് നാട്ടുകാർ ഇവരെ തടഞ്ഞു. കുടുംബാംഗങ്ങൾ വിവരമറിഞ്ഞിട്ടില്ലെന്നും ഇവരുടെ സങ്കടം തങ്ങൾക്ക് താങ്ങാനാവില്ലെന്നുമായിരുന്നു നാട്ടുകാർ പറഞ്ഞത്.
അപകടം നടന്നുവെന്നറിഞ്ഞുവെങ്കിലും ബൈജു ഫോണിൽ വിളിക്കാത്തതെന്തെന്ന് അയൽവാസികളോട് ഭാര്യ കവിത പലവട്ടം ചോദിക്കുന്നുണ്ടായിരുന്നു.
വെളിയനാട് സെന്റ് പോൾസ് ഹൈസ്കൂളിലെ 1989 ബാച്ചിലെ എസ്എസ്എൽസി കൂട്ടായ്മയിൽ സജീവമായിരുന്ന ബൈജുവിന്റെ നേതൃത്വത്തിൽ ഒട്ടനവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തിവന്നിരുന്നതാണ്.
കഴിഞ്ഞ പ്രളയകാലത്ത് ബൈജുവിന്റെ ശക്തമായ ഇടപെടൽ ഒട്ടനവധിപേർക്ക് തുണയായെന്നു പറയാം. ബംഗളൂരുവിലെ മലയാളി യാത്രക്കാരുമായി നല്ലൊരു വ്യക്തി ബന്ധം കാത്തുസൂക്ഷിച്ചിരുന്ന ബൈജു ഏവർക്കും സുപരിചിതനായിരുന്നു.
ഇതുകൊണ്ടുതന്നെയാണ് ബംഗളൂരുവിലെ മലയാളി സംഘടനയായ നൻമ മലയാളി അസോസിയേഷൻ പ്രളയ സമയത്ത് ജില്ലയിലേക്കുള്ള സഹായങ്ങൾ ബൈജു മുഖേന നൽകിയതും. കൂടാതെ ബംഗളൂരുവിലെ മലയാളി യാത്രക്കാർക്കും എന്നും ഒരു സഹായിയായി ഈ യുവാവ് എപ്പോഴുമുണ്ടായിരുന്നു.
ബൈജു നടത്തിയ പ്രയത്നം മനസിലാക്കിയ ബംഗളൂരുവിലെ മലയാളി അസോസിയേഷൻ സംഘടനയുടെ നേതൃത്വത്തിൽ ന്യൂ ഇയർ ആഘോഷത്തിൽ പ്രത്യേകമായി പുരസ്കാരം നൽകി ആദരിക്കുകയും ചെയ്തു.
മാതാപിതാക്കളും ബൈജുവിനോടൊപ്പം വെളിയനാട്ടിലെ വീട്ടിലാണ് താമസിക്കുന്നത്. ഭാര്യ കവിത വൈക്കത്തെ ഗൗരീശ്വരം കണ്ണാശുപത്രിയിൽ നഴ്സാണ്.