അന്പലപ്പുഴ: തോട്ടപ്പള്ളി സ്പിൽവേയുടെ രക്ഷകനായി ബൈജു മുങ്ങുകയാണ് ആഴങ്ങളിലേക്ക്.
പുറക്കാട് പഞ്ചായത്ത് 11-ാം വാർഡിൽ തോട്ടപ്പള്ളി വൈപ്പിൻ പുതുവൽ ബൈജു വിമല(46)നാണ് കുത്തൊഴുക്കിലും ഒരു നാടിന്റെ കാവൽക്കാരനായി സേവനം ചെയ്യുന്നത്.
തോട്ടപ്പള്ളി സ്പിൽവേയിലെ ഷട്ടറുകൾക്ക് എന്ത് സംഭവിച്ചാലും ബൈജുവിന്റെ സഹായം കൂടിയെതീരൂ.
കിഴക്കൻ വെള്ളത്തിന്റെ കുത്തൊഴുക്കിലും പതറാതെ അടിത്തട്ടിൽ മുങ്ങിവേണം ഇതിന്റെ അറ്റകുറ്റപ്പണികൾ ചെയ്യാൻ.
ഇതിനു പരിചയസന്പന്നരായ ജീവനക്കാരാരും തോട്ടപ്പള്ളിയിലില്ല. ഇതിനായി ഉൾനാടൻ മത്സ്യത്തൊഴിലാളി കൂടിയായ ബൈജുവിന്റെ സഹായമാണ് കഴിഞ്ഞ 20 വർഷമായി ഉദ്യോഗസ്ഥർ തേടുന്നത്.
ഷട്ടറുകൾ പ്രവർത്തിപ്പിക്കുന്പോഴും നീരൊഴുക്കിനു തടസമാകുന്ന മാലിന്യങ്ങൾ നീക്കം ചെയ്യുന്നതും ബൈജുവാണ്.
ഷട്ടറുകൾ പ്രവർത്തിപ്പിക്കുന്നതിനുള്ള ഇരുന്പ് കയറുകൾ പൊട്ടുന്പോളാണ് ഏറെ സാഹസം ചെയ്യേണ്ടിവരുന്നതെന്ന് ബൈജു പറഞ്ഞു.
ഷട്ടറുകൾ ഉയർത്തുന്ന ഇരുന്പ്കയർ ഷട്ടറുമായി ബന്ധിപ്പിക്കന്നത് ഡിബ ഷാക്കിൾ ഉപയോഗിച്ചാണ്.
വെള്ളത്തിനടിയിൽ മുങ്ങിക്കിടന്നാണ് ഇതു പിടിപ്പിക്കേണ്ടത്. മണിക്കൂറുകളോളം ഇതിനു വേണ്ടിവരും. പലതവണ മുങ്ങിയും പൊങ്ങിയുമാണ് ഇത് ചെയ്യുന്നത്.
ഏതു രാത്രിയിലും ബൈജുവിനെ വിളിച്ചാൽ എത്തുമെന്നതിനാൽ മാറിമാറിവരുന്ന ഉദ്യോഗസ്ഥരും ബൈജുവിനെയാണ് ആശ്രയിക്കുന്നത്.
2018 ലെ പ്രളയത്തിലും തോട്ടപ്പള്ളി സ്പിൽവേ കനാലിൽ ഇറങ്ങി ഷട്ടറുകളിലെ അപാകതകൾ പരിഹരിക്കാൻ ബൈജുവിന്റെ സേവനം ഏറെ പ്രയോജനം ചെയ്തിരുന്നു.