തിരുവനന്തപുരം: സംസ്ഥാനത്തെ ക്രമസമാധാന നിലയും പോലീസ് വീഴ്ചയും എണ്ണിപ്പറഞ്ഞ് പ്രതിപക്ഷം നിയമസഭയിൽ അടിയന്തര പ്രമേയ നോട്ടീസ് നൽകി. പ്രതിപക്ഷത്ത് നിന്നും ഷംസുദ്ദീനാണ് വിഷയം സഭയിൽ ഉന്നയിച്ചത്. നെൻമാറയിലെ ഇരട്ടക്കൊലപാതകത്തിന് കാരണം പോലീസ് വീഴ്ചയാണെന്ന് ഷംസുദ്ദീൻ സഭയിൽ പറഞ്ഞു.
പിണറായി ഭരണകാലത്ത് ക്രമസമാധാനനില ലജ്ജാകരമാണ്. നെൻമാറയിൽ അച്ഛനും അമ്മയും നഷ്ടപ്പെട്ട കുട്ടികളെ സർക്കാർ സംരക്ഷിക്കണം. ഗുണ്ടകളും പോലീസും തമ്മിൽ ചങ്ങാത്തത്തിലാണ്. ഗുണ്ടകൾ നടത്തുന്ന ലഹരി പാർട്ടികളിൽ ഡിവൈഎസ്പി. മുഖ്യാതിഥിയായി പങ്കെടുക്കുന്നു.
പത്തനംതിട്ടയിലെ പോലീസ് അതിക്രമത്തിൽ സർക്കാർ ഒരു നടപടിയും സ്വീകരിച്ചില്ലെന്നും പ്രതിപക്ഷം ആരോപിച്ചു. കുറ്റകൃത്യം തടയുന്നതിൽ പോലീസ് പരാജയപ്പെടുന്നു. പോലീസ് ക്രിമിനൽവൽക്കരിക്കപ്പെട്ടുവെന്നും പ്രതിപക്ഷം സഭയിൽ പറഞ്ഞു.
സംസ്ഥാനത്തിന്റെ ക്രമസമാധാന നില തകർന്നുവെന്ന് വരുത്തി തീർക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ സഭയിൽ മറുപടി പറഞ്ഞു. ചെന്താമര ക്രിമിനലിന്റെ അങ്ങേയറ്റത്ത് നിൽക്കുന്നയാളാണ്. അയാൾ ജാമ്യ വ്യവസ്ഥ ലംഘിച്ചാൽ പരിശോധിക്കേണ്ടത് കോടതിയാണ്.
ഇത്തരക്കാരെ അറസ്റ്റ് ചെയ്യാൻ പോലീസിന് അധികാരമില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷത്തിനാണ് പല കാര്യങ്ങളും പൊള്ളുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ പരാമർശത്തിനെതിരെ പ്രതിപക്ഷം ബഹളം വച്ചു. ജനകീയ സേന എന്ന പേര് പോലീസ് അന്വർത്ഥമാക്കുകയാണ്.
പോലീസിന്റെ പ്രവർത്തനം നല്ല നിലയിൽ മുന്നോട്ട് പോകുകയാണ്. പല കേസുകളിലെ പ്രതികൾക്കും മാതൃകാപരമായ ശിക്ഷ വാങ്ങി കൊടുക്കാൻ പോലീസിന് സാധിച്ചിട്ടുണ്ട്. ഗുണ്ടകളുമായി കുട്ടുകെട്ടുണ്ടാക്കുന്ന പോലീസുകാർക്കെതിരെ കർശന നടപടിയാണ് സർക്കാർ സ്വീകരിക്കുന്നത്. കുറ്റക്കാരായ പോലീസുകാരെ സംരക്ഷിക്കില്ലെന്നും കർശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
നെൻമാറയിലെ ഇരട്ടക്കൊലപാതകം പോലീസിന്റെ വീഴ്ച കാരണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചു. നിരവധി തവണ പ്രതി ചെന്താമര ഭീഷണിപ്പെടുത്തി. പരാതി നൽകി ഒന്നരമാസം കഴിഞ്ഞിട്ടും പോലീസ് യാതൊരു നടപടിയും സ്വീകരിക്കാതിരുന്നതാണ് ഇരട്ടക്കൊലപാതകത്തിന് ഇടയാക്കിയത്.
ഗുണ്ടകൾ പരസ്യമായി നടുറോഡിൽ ലഹരിപാർട്ടികളും ആഘോഷവും നടത്തുന്നു. ഗുണ്ടകളുടെ സംസ്ഥാന സമ്മേളനങ്ങളാണ് കേരളത്തിൽ നടക്കുന്നത്. കാപ്പ കേസിലെ പ്രതിയെ മാലയിട്ട് സ്വീകരിച്ചത് ആരോഗ്യമന്ത്രിയാണെന്നും വി.ഡി.സതീശൻ പറഞ്ഞു.