ന്യൂഡല്‍ഹി: വിദ്യാര്‍ഥി പ്രവര്‍ത്തകർക്ക് ജാമ്യം അനുവദിച്ച ഡൽഹി ഹൈക്കോടതി ഉത്തരവിൽ ഉടൻ ഇടപെടാനില്ലെന്ന് സുപ്രീം കോടതി. എന്നാൽ ഹൈക്കോടതി ജാമ്യ ഉത്തരവിന്റെ നിയമവശങ്ങൾ പരിശോധിക്കുമെന്നും ജസ്റ്റീസുമാരായ ഹേമന്ത് ഗുപ്ത, വി. രാമസുബ്രഹ്മണ്യം എന്നിവരുടെ രണ്ടംഗ ബെഞ്ച് പറഞ്ഞു.
യുഎപിഎ നിയമം ഹൈക്കോടതി വ്യാഖ്യാനിച്ചതുകൊണ്ട് ഈ കേസിന് രാജ്യമാകമാനമുള്ള അനന്തരഫലം ഉണ്ടാകാൻ ഇടയുണ്ടെന്നും കോടതി നിരീക്ഷിച്ചു. 100 പേജുള്ള വിധിന്യായത്തില്‍ കോടതി ആശ്ചര്യം പ്രകടിപ്പിച്ചു.
ഡൽഹി കലാപക്കേസിൽ പ്രതികളായ വിദ്യാർഥികൾ നതാഷ നർവാൾ, ദേവാംഗന കലിത, ആസിഫ് ഇഖ്ബാൽ തൻഹ എന്നിവർക്ക് ജാമ്യം നൽകിയത് ചോദ്യം ചെയ്ത് ഡല്‍ഹി പോലീസ് സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു കോടതിയുടെ നിരീക്ഷണം. വിദ്യാർഥി പ്രവര്‍ത്തകര്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചതിനു തൊട്ടുപിന്നാലെയാണ് പോലീസ് സുപ്രീം കോടതിയെ സമീപിച്ചത്.
പൗരത്വ ഭേദഗതി നിയമത്തിനെതിരേ പ്രതിഷേധസമരം നടത്തിയതിന്റെ പേരിൽ യുഎപിഎ വകുപ്പുകൾ പ്രകാരം കുറ്റം ചുമത്തിയതിനെ ഡൽഹി ഹൈക്കോടതി രൂക്ഷ മായി വിമർശിച്ചിരുന്നു.