ലൈംഗികപീഡനക്കേസില്‍ അകപ്പെട്ട ബിനോയി കോടിയേരിയ്ക്ക് മുന്‍കൂര്‍ ജാമ്യം നേടിക്കൊടുത്തത് പരാതിക്കാരി വരുത്തിയ പിഴവുകള്‍. ബിനോയിക്കെതിരെ പരാതി നല്കാന് കാലതാമസം നേരിട്ടതും യുവതി നല്കിയ പരാതിയിലെയും നോട്ടീസിലെയും പൊരുത്തക്കേടും ആണ് മുന്‍കൂര്‍ ജാമ്യം ലഭിക്കാന്‍ ബിനോയിക്ക് ഗുണകരമായത്.
ഇക്കാര്യങ്ങള്‍ ജാമ്യം അനുവദിച്ച മുംബൈ ദീന്‍ദോഷി അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി എം.എച്ച്. ശൈഖ് വിധി പ്രസ്താവത്തില്‍ ചൂണ്ടിക്കാട്ടുകയും ചെയ്തു. ഒരു വ്യക്തിയുടെ അവകാശമെന്ന നിലയിലാണ് ബിനോയിക്ക് മുന്‍കൂര്‍ ജാമ്യം അനുവദിക്കുന്നതെന്നും ജഡ്ജി എം.എച്ച്. ശൈഖ് വ്യക്തമാക്കിയിട്ടുണ്ട്.
ഒരു മാസത്തേക്ക് എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരാകണം, പൊലീസ് ആവശ്യപ്പെടുന്ന മുറക്ക് ഡി.എന്‍.എ പരിശോധനക്ക് രക്തസാമ്പിള്‍ നല്‍കണം, സാക്ഷികളെ സ്വാധീനിക്കാന്‍ പാടില്ല, 25,000 രൂപ പണമായി കെട്ടിവെക്കണം, ഒരാളുടെ ആള് ജാമ്യവും വേണം എന്നീ വ്യവസ്ഥകളോടെയാണ് കോടതി ബിനോയിക്ക് ജാമ്യം അനുവദിച്ചത്. അതേസമയം കുട്ടിയുടെ അച്ഛന് ബിനോയ് ആണെന്നതിന് തെളിവ് പാസ്പോര്‍ട്ടെന്നായിരുന്നു യുവതിയുടെ വാദം. യുവതിയുടെ പാസ്പോര്‍ട്ടിലും ഭര്‍ത്താവിന്റെ പേര് ബിനോയ് എന്നാണ്. ആദ്യ വിവാഹം ബിനോയ് മറച്ചുവച്ചു.
ബിനോയിയും അമ്മയും നിരന്തരം ഭീഷണിപ്പെടുത്തിയെന്നും യുവതി ചൂണ്ടിക്കാട്ടി. കുട്ടിയെ തട്ടിക്കൊണ്ടു പോകുമെന്നുവരെ ഭീഷണി ഉണ്ടായെന്ന് യുവതി കോടതിയില്‍ പറഞ്ഞു.കഴിഞ്ഞ ആഴ്ച കേസ് പരിഗണിച്ച കോടതി യുവതിയുടെ വാദം വീണ്ടും കേള്‍ക്കാമെന്ന് പറഞ്ഞിരുന്നു. അതിനാല്‍ ഇന്നലെ കൂടുതല്‍ വാദവുമായി യുവതി കോടതിയെ സമീപിച്ചു. യുവതിയുടെ അഭിഭാഷകന് വാദങ്ങള്‍ കോടതിയില്‍ എഴുതി നല്‍കുകയും ചെയ്തിരുന്നു.
വിവാഹ വാഗ്ദാനം നല്കി വര്‍ഷങ്ങളോളം പീഡിപ്പിച്ചെന്നും ആ ബന്ധത്തില്‍ എട്ടു വയസ്സുള്ള കുട്ടിയുണ്ടെന്നുമാണ് ദുബായില്‍ ബാര്‍ ഡാന്‍സറായിരുന്ന ബിഹാര്‍ സ്വദേശി പരാതി നല്‍കിയത്. 2009 മുതല്‍ 2018 വരെ പീഡിപ്പിച്ചെന്നു പരാതിയില്‍ പറയുന്നു. 2018ലാണ് ബിനോയ് വിവാഹതിനാണെന്ന കാര്യം അറിയുന്നതെന്നും അവര്‍ ആരോപിക്കുന്നു. ഈ മാസം 13 നാണ് എഫ്ഐര്‍ റജിസ്റ്റര്‍ ചെയ്തത്. കഴിഞ്ഞ ചൊവ്വാഴ്ച ബിനോയിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി പരിഗണിച്ചെങ്കിലും വിധി പറയുന്നത് ജൂലൈ മൂന്നിലേക്ക് മാറ്റുകയായിരുന്നു. പരാതിക്കാരിയുടെ അഭിഭാഷകന് കോടതിയില്‍ രേഖാമൂലം സമര്‍പ്പിച്ച വാദങ്ങളും തെളിവുകളും സമാന കേസുകളിലെ വിധി പകര്‍പ്പുകളും പരിശോധിക്കാന്‍ ബിനോയിയുടെ അഭിഭാഷകന് സമയം ആവശ്യപ്പെട്ടതോടെയാണ് വിധി പറയുന്നത് മാറ്റിയത്.
2015 ഏപ്രില്‍ 21ന് യുവതിക്കും കുഞ്ഞിനും ദുബൈയിലേക്ക് ചെല്ലാനുള്ള ടൂറിസ്റ്റ് വിസയും വിമാന ടിക്കറ്റുകളും ബിനോയ് തന്റെ ഇ-മെയിലില്‍ നിന്ന് യുവതിക്ക് അയച്ചതിന്റെ പകര്‍പ്പുകള്‍, ബിനോയ് യുവതിയുടെ ഭര്‍ത്താവും കുഞ്ഞിന്റെ പിതാവും ആണെന്ന് രേഖപ്പെടുത്തിയ വിസകളുടെ പകര്‍പ്പുകള്‍, വിസ പ്രകാരം യാത്ര ചെയ്തതിന് തെളിവായി പാസ്പോര്ട്ടുകള്, ബിനോയ് ജീവിതച്ചെലവ് നല്‍കിയതുമായി ബന്ധപ്പെട്ട് ആറു വര്‍ഷത്തെ ബാങ്ക് സ്റ്റേറ്റ്മെന്റുകള്‍ തുടങ്ങിയവയാണ് യുവതിയുടെ അഭിഭാഷകന് കോടതിയില്‍ സമര്‍പ്പിച്ചിരുന്നത്.