കൊച്ചി: നടി ഹണി റോസിനെതിരായ ലൈംഗികാധിക്ഷേപ പരാമര്ശ കേസില് റിമാന്ഡിലായ വ്യവസായി ബോബി ചെമ്മണൂര് ഇന്ന് വീണ്ടും ജാമ്യാപേക്ഷ നല്കും. എറണാകുളം പ്രിന്സിപ്പല് സെഷന്സ് കോടതിയെ സമീപിക്കുമെന്നാണ് അറിയുന്നത്. ഹൈക്കോടതിയില് ഹര്ജി നല്കുന്നതും പരിഗണനയിലുണ്ട്.
കസ്റ്റഡിയില് വാങ്ങുന്നത് ആവശ്യമെങ്കില് മാത്രം
അതേസമയം, ബോചെയെ പോലീസ് കസ്റ്റഡിയില് വാങ്ങില്ല. പ്രതിക്കെതിരേയുള്ള നിര്ണായക തെളിവുകളെല്ലാം കോടതിയില് ഹാജരാക്കിയിരുന്നു. അതുപ്രകാരമാണ് ബോചെയ്ക്ക് കോടതി ജാമ്യം നിഷേധിച്ചത്. ഇനി കസ്റ്റഡിയില് വാങ്ങേണ്ട ആവശ്യം നിലവിലില്ലെന്നാണ് അന്വേഷണ സംഘം പറയുന്നത്. അത്തരം സാഹചര്യം വന്നാല് മാത്രം കസ്റ്റഡി അപേക്ഷ നല്കുമെന്നാണ് പോലീസ് പറയുന്നത്. തന്നെ അധിക്ഷേപിച്ചുവെന്നു കാണിച്ച് യുട്യൂര്മാര്ക്കെതിരേ ഹണി റോസ് ഇതുവരെ പരാതി നല്കിയിട്ടില്ലെന്നും പരാതി കിട്ടിയാല് അന്വേഷണം നടത്തുമെന്നും സെന്ട്രല് പോലീസ് അസിസ്റ്റന്റ് കമ്മീഷണര് സി. ജയകുമാര് പറഞ്ഞു.
അതേസമയം, ബോബിയെ കൊണ്ടുപോയ പോലീസ് വാഹനം ബോചെ അനുകൂലികള് തടഞ്ഞ സംഭവത്തില് ആരെയും കസ്റ്റഡിയിലെടുക്കേണ്ട സാഹചര്യമില്ലെന്നും പോലീസ് പറഞ്ഞു.
ബോചെയ്ക്ക് തിരിച്ചടിയായത് ഹണി റോസിന്റെ രഹസ്യമൊഴി
ബോബി ചെമ്മണ്ണൂരിന് ജാമ്യാപേക്ഷയില് തിരിച്ചടിയായത് ഹണി റോസ് എറണാകുളം ജൂഡിഷ്യല് ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയില് നല്കിയ രഹസ്യമൊഴിയായിരുന്നു. 164 വകുപ്പ് പ്രകാരമുള്ള സ്റ്റേറ്റ്മെന്റില് ബോബി ചെമ്മണ്ണൂരിനെതിരേ ഗുരുതരമായ പരാമര്ശങ്ങളുണ്ടായിരുന്നു.
കഴിഞ്ഞ വര്ഷം ഓഗസ്റ്റില് ബോബിയുടെ ജ്വല്ലറിയുടെ ഉദ്ഘാടന സമയത്ത് ശരീരത്തില് സ്പര്ശിച്ചും ദ്വയാര്ഥ പ്രയോഗങ്ങള് നടത്തിയുമാണ് ബോബി ഉപദ്രവം തുടങ്ങിയതെന്നാണ് ഹണി റോസ് ബോബി ചെമ്മണ്ണൂരിനെതിരേ പോലീസില് നല്കിയ പരാതിയില് പറയുന്നത്. ഒരു ജിമ്മിന്റെ ഉദ്ഘാടന സമയത്ത് ദ്വയാര്ഥ പ്രയോഗം ആവര്ത്തിച്ചു. അതിനുശേഷം പല അഭിമുഖങ്ങളിലും തനിക്ക് നേരേ നടത്തിയ ലൈംഗിക അധിക്ഷേപങ്ങള് അടക്കമാണ് ഹണി റോസിന്റെ പരാതി.
യുദ്ധം ജയിച്ചതിന്റെ ആഹ്ലാദത്തിലല്ല താന്: ഹണി റോസ്
ബോബി ചെമ്മണൂരിനെ റിമാന്ഡ് ചെയ്തതിനു പിന്നാലെ വീണ്ടും പ്രതികരണവുമായി നടി ഹണി റോസ് രംഗത്തെത്തി. ഒരു യുദ്ധം ജയിച്ചതിന്റെ ആഹ്ലാദത്തിലല്ല താനെന്നും നിര്ത്താതെ വേദനിപ്പിച്ചത് കൊണ്ട് നിവൃത്തി കെട്ടാണ് പ്രതികരിച്ചതെന്നും ഹണി റോസ് പറഞ്ഞു. നമ്മുടെ നിയമവ്യവസ്ഥയ്ക്കും സത്യത്തിനും വലിയ ശക്തിയുണ്ടെന്നും ഹണി സമൂഹ മാധ്യമങ്ങളില് കുറിച്ചു.
“ഒരു യുദ്ധം ജയിച്ചതിന്റെ ആഹ്ലാദത്തിലല്ല ഞാന്. നിര്ത്താതെ പിന്നെയും പിന്നെയും പിന്നെയും എന്നെ വേദനിപ്പിച്ചത് കൊണ്ട് നിവൃത്തികെട്ട് ഞാന് പ്രതികരിച്ചതാണ്, പ്രതിരോധിച്ചതാണ്. ആരെയും ഉപദ്രവിക്കാന് ഞാന് ആഗ്രഹിച്ചിട്ടില്ല. ആരുടെയും വേദനയില് ഞാന് ആഹ്ലാദിക്കുകയും ഇല്ല. ഇനിയും പരാതികളുമായി പോലീസ് സ്റ്റേഷനില് പോകാന് ഉള്ള അവസ്ഥകള് എനിക്ക് ഉണ്ടാകാതിരിക്കട്ടെ എന്ന് ആഗ്രഹിക്കുന്നു. പ്രാര്ഥിക്കുന്നു. നമ്മുടെ നിയമവ്യവസ്ഥയ്ക്ക് വലിയ ശക്തിയുണ്ട്, സത്യത്തിനും’ – ഹണി റോസ് സമൂഹ മാധ്യമങ്ങളില് കുറിച്ചു.
അധിക്ഷേപം നടത്തിയിട്ടില്ല: ബോചെ
അതേസമയം, താന് മനഃപൂര്വ്വം യാതൊരുതരത്തിലുള്ള അധിക്ഷേപവും നടത്തിയിട്ടില്ല എന്ന വാദമായിരുന്നു ഇന്നലെ ബോബി ചെമ്മണ്ണൂര് ജാമ്യാപേക്ഷയില് പ്രധാനമായി ഉന്നയിച്ചത്. താന് പറഞ്ഞത് ആരേയും അപമാനിക്കാനുള്ള കാര്യങ്ങളായിരുന്നില്ലെന്നും അത് ദ്വയാര്ഥ പ്രയോഗമാണെന്ന് ആളുകള് വ്യാഖ്യാനിച്ചെടുത്തതാണെന്നും ബോബി ജാമ്യാപേക്ഷയില് വാദിച്ചിരുന്നു. ബോചെ നിലവില് കാക്കനാട് ജയിലില് 14 ദിവസം റിമാന്ഡിലാണ്.