കൊച്ചി: ലൈഫ് മിഷൻ കോഴക്കേസിൽ ജാമ്യം തേടി മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.
എറണാകുളം ജനറൽ ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ തനിക്കു ഗുരുതര ആരോഗ്യ പ്രശ്നങ്ങളുണ്ടെന്ന് കണ്ടെത്തി വിദഗ്ധ ചികിത്സ വേണമെന്ന് നിർദേശിച്ചിട്ടുണ്ടെന്നു ശിവശങ്കറിന്റെ ഹർജിയിൽ പറയുന്നു.
നട്ടെല്ലിനു ശരിയായ ചികിത്സ ലഭിച്ചില്ലെങ്കിൽ ചലനത്തെ തന്നെ ബാധിക്കുമെന്നും ഹർജിയിൽ വ്യക്തമാക്കുന്നു. സ്വർണക്കടത്തു കേസിൽ നേരത്തെ ഇഡി അറസ്റ്റ് ചെയ്തപ്പോഴും ആരോഗ്യപ്രശ്നങ്ങളുടെ പേരിലാണ് ഹൈക്കോടതി ശിവശങ്കറിന് ജാമ്യം അനുവദിച്ചത്.
ഇക്കാര്യവും ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.ലൈഫ് മിഷൻ പദ്ധതിയുമായി കോഴ വാങ്ങിയതിനെത്തുടർന്നുള്ള കള്ളപ്പണക്കേസിൽ ഫെബ്രുവരി 14 നാണ് എം. ശിവശങ്കറിനെ ഇഡി അറസ്റ്റ് ചെയ്തത്.
കേസിൽ ശിവശങ്കർ നൽകിയ ജാമ്യാപേക്ഷ ഈമാസം രണ്ടിന് എറണാകുളം അഡി. സെഷൻസ് കോടതി തള്ളിയിരുന്നു. തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.
വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ പദ്ധതിക്കു വേണ്ടി യുഎഇ റെഡ് ക്രസന്റ് എന്ന സന്നദ്ധ സംഘടന നൽകിയ ഫണ്ടിൽനിന്ന് അനധികൃത സാന്പത്തിക നേട്ടമുണ്ടാക്കിയെന്നാണ് ഇഡിയുടെ കേസ്.
ശിവശങ്കറിന്റെ റിമാൻഡ് കാലാവധി അഡി. സെഷൻസ് കോടതി 21 വരെ നീട്ടിയിരുന്നു.
ജസ്റ്റീസ് ഡോ. കൗസർ എടപ്പഗത്ത് പിൻമാറി
അതേസമയം, ശിവശങ്കറിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിൽനിന്ന് ജസ്റ്റീസ് ഡോ. കൗസർ എടപ്പഗത്ത് കഴിഞ്ഞ ദിവസം പിൻമാറിയിരുന്നു. ഇതേത്തുടർന്ന് ഇന്നു മറ്റൊരു ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്.
അഴിമതി നിരോധന നിയമപ്രകാരമുള്ള കേസുകളിലെ ജാമ്യാപേക്ഷകളാണ് ജസ്റ്റീസ് കൗസർ എടപ്പഗത്ത് പരിഗണിക്കുന്നത്.
ശിവശങ്കറിനെതിരായ കേസ് മുഖ്യമായും കള്ളപ്പണം വെളുപ്പിക്കുന്നതു തടയൽ നിയമ പ്രകാരമുള്ളതാണെന്നും ഇത്തരം കേസുകളിലെ ജാമ്യ ഹർജി പരിഗണിക്കുന്ന ബെഞ്ചിലേക്ക് ഈ ഹർജി പോസ്റ്റ് ചെയ്യാനും ജസ്റ്റിസ് കൗസർ എടപ്പഗത്ത് ഹൈക്കോടതി രജിസ്ട്രിക്ക് നിർദ്ദേശം നൽകിയിരുന്നു.
ശിവശങ്കർ ആശുപത്രിയിൽ
കാൽമുട്ടു വേദനയെ തുടർന്ന് ശിവശങ്കറിനെ കഴിഞ്ഞ ദിവസം കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. കാക്കനാട്ടെ എറണാകുളം ജില്ലാ ജയിലിലാണ് ശിവശങ്കറിനെ പാർപ്പിച്ചിട്ടുള്ളത്. ശാരീരിക അവശതയും ബുദ്ധിമുട്ടുമുണ്ടെന്ന വിവരം ശിവശങ്കർ അറിയിച്ചിരുന്നു.