കണ്ണൂർ: സ്വതന്ത്ര ഓട്ടോതൊഴിലാളി യൂണിയൻ (എച്ചഎംഎസ്) കണ്ണൂർ ജില്ലാ സെക്രട്ടറി എൻ. ലക്ഷ്മണനെയും അദ്ദേഹത്തിന്റെ ഓട്ടോയും അന്യായമായി കസ്റ്റഡിയിലെടുത്ത് ലൈസൻസ് പിടിച്ചെടുത്ത ശേഷം തിരിച്ചു നൽകിയില്ലെന്ന കേസിൽ എസ്ഐ കോടതിയിൽ ഹാജരായി ജാമ്യമെടുത്തു.
2001ലായിരുന്നു കേസിനാസ്പദമായ സംഭവം. അന്നത്തെ ടൗൺ എസ്ഐ ആയിരുന്ന പി.ആർ. മനോജാണ് കേസുമായി ബന്ധപ്പെട്ട വർഷങ്ങൾക്ക് ശേഷം കണ്ണൂർ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി -ഒന്നിൽ ഹാജരായി ജാമ്യമെടുത്തത്. 2011ൽ ടൗൺ എസ്ഐ ആയിരുന്ന മനോജ് കള്ളക്കേസിൽ കുടുക്കി അന്യായമായി തന്നെയും ഓട്ടോയും കസ്റ്റഡിയിലെടുത്ത ശേഷം 24 മണിക്കൂർ ലോക്കപ്പിലിടുകയും ലൈസൻസ് ചോദിച്ചു വാങ്ങിയശേഷം തിരിച്ചു തരാതെ വഞ്ചിച്ചുവെന്നും കാണിച്ചാണ് ലക്ഷ്മണൻ കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ്കോടതിയിൽ അന്യായം ഫയൽ ചെയതത്.
കേസ് നടപടികൾ ആരംഭിച്ചപ്പോൾ ആഭ്യന്തരവകുപ്പിന്റെ അനുമതി ഇല്ലാത്തതിനാൽ നടപടികൾ നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് എസ്ഐ ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്ന് കേസ് താത്കാലികമായി നിർത്തിവെക്കാൻ ഹൈക്കോടതി ഉത്തരവിടുകയും ചെയ്തിരുന്നു. ഹൈക്കോടതി ഉത്തരവിനെ തുടർന്നു ആഭ്യന്തര ചീഫ് സെക്രട്ടറി അന്യായക്കാരനെ വിളിച്ചു വരുത്തി ബന്ധപ്പെട്ട രേഖകൾപരിശോധിക്കുകയും എസ്ഐയെ വിചാരണ ചെയ്യാൻ നിർദേശിക്കുകയുമായിരുന്നു.
ഇതേ തുടർന്ന് എസ്ഐ കേസ് നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് വീണ്ടും ഹൈക്കോടതിയെ സമീപിക്കുകയും സ്റ്റേ സന്പാദിക്കുകയും ചെയ്തു. പിന്നീട് നടന്ന കേസിൽ ഹൈക്കോടതി സ്റ്റേ ഉത്തരവ് റദ്ദാക്കുകയും എസ്ഐയോട് കണ്ണൂർ കോടതിയിൽ ഹാജരാകാൻ നിർദേശിക്കുകയുമായിരുന്നു. ഇതേ തുടർന്ന് ഇന്നലെ കോടതിയിൽ ഹാജരായശേഷം എസ്ഐ ജാമ്യത്തിലിറങ്ങുകയായിരുന്നു. കേസ് ഫെബ്രുവരി ഏഴിന് വീണ്ടും പരിഗണിക്കും.