ലണ്ടൻ: ക്രിക്കറ്റിൽ ബാറ്റ്സ്മാനെ പുറത്താക്കാനുള്ള പ്രാഥമിക വഴി എന്താണ്? സ്റ്റമ്പിൽ എറിഞ്ഞു കൊള്ളിക്കുക അല്ലാതെന്ത്. എന്നാൽ ഏറ് കിട്ടിയിട്ടും ഇളകാതെ സ്റ്റമ്പും ബെയ്ൽസും കൂസലില്ലാതെ നിന്നാലോ..! ഇംഗ്ലണ്ടിൽ ലോകകപ്പ് മൈതാനത്ത് പന്തെറിയുന്ന ബൗളർമാരുടെ പ്രഥാന ആശങ്കയായി ഇതിനകം ബെയ്ൽസിന്റെ ഈ കൂസലില്ലായ്മ മാറിക്കഴിഞ്ഞിട്ടുണ്ട്.
കാരണം ഇതുവരെ നടന്ന 13 മത്സരങ്ങളിൽ അഞ്ച് തവണയാണ് പന്ത് സ്റ്റമ്പിൽ കൊണ്ടിട്ടും ബാറ്റ്സ്മാൻമാർ ഔട്ടാകാതെ രക്ഷപെട്ടത്. ബെയ്ൽസ് ഇളകി താഴെവീഴാത്തതാണ് ബാറ്റ്സ്മാൻമാർക്ക് രക്ഷയായത്. ഇല്കോട്രോണിക് സിംഗ് ബെയ്ൽസാണ് ലോകോത്തര ബൗളർമാരുടെ ഏറുകൊണ്ടിട്ടും മസിലുംപിടിച്ച് ഇളകാതെ നിൽകുന്നത്.
ഏറ്റവും ഒടുവിലായി ഇന്ത്യ-ഓസ്ട്രേലിയ മത്സരത്തിൽ ഡേവിഡ് വാർണറും ബെയ്ൽസിന്റെ കരുണയിൽ ആയുസ് നീട്ടിയെടുത്തു. ഓവലിൽ ബുംമ്രയുടെ പന്ത് ഓസ്ട്രേലിയൻ ഓപ്പണറുടെ ലെഗ് സ്റ്റമ്പിൽ പതിച്ചെങ്കിലും ബെയ്ൽസ് അനങ്ങിയില്ല. ഓസീസ് ഇന്നിംഗ്സിലെ രണ്ടാം ഓവറിലെ ആദ്യ പന്താണ് ബെയ്ൽസിനെ പരീക്ഷിച്ചത്. മത്സരം ജയിപ്പിക്കാൻ സാധിച്ചില്ലെങ്കിലും അർധ സെഞ്ചുറി നേടിയാണ് വാർണർ (84 പന്തിൽ 56) മടങ്ങിയത്.
ഇതടക്കം രണ്ടു തവണയാണ് ഓവലിൽ ബെയ്ൽസിന്റെ മസിലുപിടിത്തം കണ്ടത്. ഓവലിൽ ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തിൽ തന്നെ ബെയ്ൽസ് പഴികേൾപ്പിച്ചു. ദക്ഷിണാഫ്രിക്ക-ഇംഗ്ലണ്ട് മത്സരത്തിൽ ദക്ഷിണാഫ്രിക്കയുടെ ക്വിന്റൺ ഡീ കോക്കാണ് ആദ്യ ഭാഗ്യവാനായത്. ഇംഗ്ലണ്ട് ലെഗ് സ്പിന്നർ ആദിൽ റഷീദിന്റെ പന്ത് ഡീ കോക്കിന്റെ സ്റ്റമ്പിൽ തട്ടി. എന്നാൽ ബെയ്ൽസ് ഇളകാൻ കൂട്ടാക്കിയില്ല. പന്ത് നേരെ ബൗണ്ടറിയിലേക്കും ഉരുണ്ടു.
കാർഡിഫിൽ ന്യൂസിലൻഡ്-ശ്രീലങ്ക മത്സരത്തിലാണ് അടുത്തതായി ബെയ്ൽസ് ബൗളർക്ക് പണികൊടുത്തത്. ബോൾട്ടിന്റെ അതിവേഗ പന്ത് ഡിമുത്ത് കരുണരത്നയുടെ സ്റ്റമ്പിൽ ഇടിച്ചെങ്കിലും ബെയ്ൽസ് ഇളകിയാടി താഴെവീഴാതെനിന്നു. കരുണരത്ന രക്ഷപെടുകയും ചെയ്തു. ഓസ്ട്രേലിയ-വിൻഡീസ് മത്സരത്തിലും ബെയ്ൽസിന്റെ ഒട്ടിപ്പിടിത്തം കണ്ടു.
ഓസീസ് പേസർ മിച്ചൽ സ്റ്റാർക്കിന്റെ പന്തിൽ ക്രിസ് ഗെയ്ൽ കീപ്പർ പിടിച്ചുപുറത്തായി. പന്ത് ബാറ്റിൽ തട്ടിയിട്ടില്ലെന്ന് ഉറപ്പായിരുന്ന ഗെയ്ൽ റിവ്യു വിളിച്ചു. സംഭവം പരിശോധിച്ചപ്പോഴാണ് കാര്യം പിടികിട്ടിയത്. ഗെയ്ലിന്റെ ബാറ്റിലല്ല, സ്റ്റമ്പിന്റെ മുകളിൽ ഇടിച്ചാണ് പന്ത് കീപ്പറുടെ കൈകളിലെത്തിയത്. ബെയ്ൽസ് തെറിക്കാത്തതുകൊണ്ട് ഗെയ്ൽ രക്ഷപെട്ടു. ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ ബംഗ്ലാദേശിന്റെ മുഹമ്മദ് സെയ്ഫുദ്ദീനും ഇത്തരത്തിൽ രക്ഷപെട്ടു. ബെൻസ്റ്റോക്സിന്റെ പന്ത് സെയ്ഫുദ്ദീന്റെ സ്റ്റമ്പിൽ തട്ടിയെങ്കിലും ബെയ്ൽസ് ഇളകാൻകൂട്ടാക്കിയില്ല.
ഐസിസിയുടെ നിയമപ്രകാരം പന്ത് സ്റ്റമ്പിൽ തട്ടിയാലും ബെയ്ൽസ് താഴെവീണാൽ മാത്രമേ ബാറ്റ്സ്മാൻ പുറത്താവു. ഇതല്ലെങ്കിൽ സ്റ്റമ്പ് ഇളകി തെറിക്കണം. ഇതുവരെ 15 മത്സരങ്ങൾ മാത്രമാണ് പൂർത്തിയായത്. ഇനിയും എത്ര തവണ ബെയ്ൽസ് ഇതുപോലെ ഒട്ടിപ്പോ തട്ടിപ്പുമായി മസിലുപിടിത്തം നടത്തും. കാത്തിരുന്നു കാണാം.