ലണ്ടൻ: വിക്കറ്റിൽ കൊണ്ടിട്ടും ബെയ്ൽസ് വീഴാത്തതിൽ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി അടക്കമുള്ള താരങ്ങൾ പരാതിപ്പെട്ടിട്ടും ഐസിസി കണ്ണു തുറന്നില്ല. ഞായറാഴ്ച നടന്ന ഇന്ത്യ-ഓസ്ട്രേലിയ മത്സരത്തിനിടെ ജസ്പ്രീത് ബുംറയുടെ പന്ത് ഡേവിഡ് വാർണറുടെ വിക്കറ്റിൽ കൊണ്ടെങ്കിലും ബെയ്ൽസ് അനങ്ങിയിരുന്നില്ല. സിംഗ് ബെയ്ൽസിനുള്ളിലുള്ള വൈദ്യുത ചാലകങ്ങളുടെ ഭാരമാണ് അത് വീഴത്തതിനു കാരണമെന്ന് പൊതുവേ അഭിപ്രായമുയർന്നിരുന്നു.
ബെയ്ൽസ് വീഴാത്തത് ലോകകപ്പിന്റെ തിളക്കം നഷ്ടപ്പെടുത്തുമെന്ന് കോഹ്ലിയും ഓസീസ് ക്യാപ്റ്റൻ ആരോണ്‍ ഫിഞ്ചുമെല്ലാം പറഞ്ഞു. എന്നാൽ, സിംഗ് ബെയ്ൽസ് തന്നെ ഉപയോഗിക്കുമെന്ന നിലപാടാണ് ഐസിസി സ്വീകരിച്ചത്. ഇംഗ്ലണ്ടിന്റെ മുൻ ക്യാപ്റ്റൻ മൈക്കിൾ വോണ്‍ അടക്കമുള്ളവർ സിംഗ് ബെയ്ൽസിനെതിരേ നേരത്തേ രംഗത്തുവന്നെങ്കിലും ഫലം കണ്ടില്ല.
ഈ ലോകപ്പിൽ അഞ്ചു തവണയാണ് പന്ത് വിക്കറ്റിൽ തട്ടിയിട്ടും ബെയ്ൽസ് വീഴാത്തതിനെ തുടർന്ന് ബൗളർമാർക്ക് വിക്കറ്റ് നഷ്ടമാകുന്നത്. ക്വിന്റണ്‍ ഡികോക്ക്, ദിമുത് കരുണരത്നെ, ക്രിസ് ഗെയ്ൽ, മുഹമ്മദ് സൈഫുദ്ദീൻ, ഡേവിഡ് വാർണർ എന്നിവരാണ് ഇതുവരെ ബെയ്ൽസ് ഭാഗ്യം സിദ്ധിച്ചവർ. ആദിൽ റഷീദ്, ട്രെന്റ് ബോൾട്ട്, മിച്ചൽ സ്റ്റാർക്ക്, ബെൻ സ്റ്റോക്സ്, ജസ്പ്രീത് ബുംറ എന്നിവരായിരുന്നു ഹതഭാഗ്യരായ ബൗളർമാർ.