തിരുവനന്തപുരം: വയനാട്ടിൽ ഉരുൾ പൊട്ടലുണ്ടായ ദുരന്തഭൂമിയിൽ സൈന്യം മണിക്കൂറുകൾക്കുള്ളിൽ നിർമ്മിച്ച ബെയ്ലി പാലം രക്ഷാപ്രവർത്തനങ്ങൾക്കും തെരച്ചിലിനും ഏറെ പ്രയോജനപ്പെട്ടിരിക്കുകയാണ്. ബെയ്ലി പാലത്തിന്റെ നിർമാണത്തിന് നേതൃത്വം നൽകിയ വനിതാ മിലിട്ടറി ഓഫീസറാണ് മഹാരാഷ്ട്ര സ്വദേശിയായ മേജർ സീത അശോക് ഷെൽക്കെ.
മിലിട്ടറിയിലെ മദ്രാസ് എൻജിനീയറിംഗ് ഗ്രൂപ്പിലെ മേജറാണ് സീത. ഈ ടീമിലെ ബ്രിഗേഡിയറും കമാൻഡിംഗ് ഓഫീസറുമായ എ.എസ്. ഠാക്കുറിന്റെ നിർദേശാനുസരണമാണ് മേജർ സീത ഷെൽക്കെ ഉൾപ്പെടെയുള്ള 300 പേരടങ്ങുന്ന എൻജീനിയറിംഗ് മിലിട്ടറി സംഘം യുദ്ധകാലാടിസ്ഥാനത്തിൽ പാലം പണി പൂർത്തിയാക്കിയത്.
20 മണിക്കൂർ സമയം കൊണ്ട് പൂർത്തിയാക്കിയ ബെയ്ലി പാലത്തിലൂടെയാണ് ഇന്നലെ മുതൽ ചൂരൽമലയിലും സമീപ പ്രദേശങ്ങളിലേക്കും മണ്ണ്മാന്തി യന്ത്രങ്ങളും രക്ഷാപ്രവർത്തകർക്കും കടന്ന് പോകാനുള്ള വഴിയൊരുക്കിയത്. 24 ടണ് ഭാരം താങ്ങാൻ ശേഷിയുള്ള ഉരുക്ക് തൂണുകൾ ഉൾപ്പെടെയുള്ള ലോഹസങ്കരങ്ങൾ കൂട്ടിയോജിപ്പിച്ചാണ് പാലം പണിതത്.
190 അടി നീളത്തിൽ രാത്രിയും പകലും മഴയെ അവഗണിച്ച് സൈന്യം പൂർത്തിയാക്കിയ ഈ ബെയ്ലി പാലം വയനാടിനും നമ്മുടെ സംസ്ഥാനത്തിനും ഒന്നാകെ രക്ഷാപ്രവർത്തനങ്ങൾക്ക് കൂടുതൽ ആത്മവിശ്വാസവും പ്രതീക്ഷയുമാണ് നൽകിയിരിക്കുന്നത്.ഐപിഎസ് കാരിയാകണമെന്ന് സ്വപ്നം കണ്ട് പഠനവുമായി മുന്നോട്ട് പോയ സീതയ്ക്ക് തന്റെ സ്വപ്നം പൂവണിയാൻ വേണ്ട സഹായം നൽകാൻ ആരുമില്ലായിരുന്നു.
തികഞ്ഞ ആത്മവിശ്വാസത്തോടെ മെക്കാനിക്കൽ എൻജീനീയറിംഗിൽ ബിരുദം നേടിയ സീത പിന്നീട് സൈന്യത്തിൽ ചേരുകയായിരുന്നു. 2012 ൽ സൈന്യത്തിൽ ചേർന്ന സീത കരസേനയുടെ പല രക്ഷാപ്രവർത്തനങ്ങളുടെയും ഭാഗമായി പ്രവർത്തിച്ചിട്ടുണ്ട്.
ഇന്നലെ വൈകുന്നേരം സൈന്യം നാടിന് വേണ്ടി സമർപ്പിച്ച ബെയ്ലി പാലം സൈനിക ഉദ്യോഗസ്ഥരുടെ സമർപ്പണമായാണ് ജനം ഏറ്റെടുത്തത്. മേജർ വി.ടി. മാത്യു, ബ്രിഗേഡിയർ എ.എസ്. ഠാക്കൂർ ഉൾപ്പെടെയുള്ള കരസേനയിലെ നൂറ് കണക്കിന് സൈനികരാണ് രക്ഷാപ്രവർത്തനങ്ങൾക്കായി വയനാട്ടിൽ തങ്ങുന്നത്.