ചെങ്ങന്നൂര്‍: വയനാടിന്റെ ഉള്‍പൊട്ടിയ ചൂരൽമലയിലെ അതിദുരന്തങ്ങളെ അതിജീവിച്ച് സൈന്യത്തിന്റെ ബെയ്ലി പാലം നിര്‍മാണത്തില്‍ ചെങ്ങന്നൂര്‍ കാരയ്ക്കാട് സ്വദേശി വിഷ്ണു രാമചന്ദ്രന്റെ കൈയൊപ്പും. മദ്രാസ് നാലാം എന്‍ജിനിയര്‍ റജിമെന്റില്‍ അംഗമായ സൈനികന് ചെങ്ങന്നൂര്‍ കാരക്കാട് നെടിയത്ത് വിഷ്ണു ഭവനില്‍ വിഷ്ണു രാമചന്ദ്രനാണ് ചെങ്ങന്നൂരിന് അഭിമാനമായത്.
മുപ്പത്തിയൊന്ന് മണിക്കൂര്‍ നീണ്ട പരിശ്രമത്തിലൂടെയാണ് പാലം പൂര്‍ത്തിയാക്കിയത്. ഒരു മിനിറ്റു പോലും വിശ്രമിക്കാതെയാണ് പാലത്തിനായി സൈനികരും മറ്റുള്ളവരും അധ്വാനിച്ചത്. തന്റെ സര്‍വീസിലെ പതിനേഴ് വര്‍ഷത്തില്‍ ആദ്യമായിട്ടാണ് ഇത്തരമൊരു രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്നതെന്നും ഇത് ജീവിതത്തിലെ ഒരിക്കലും മറക്കാനാവാത്ത അനുഭവമാണെന്നും വിഷ്ണു പറഞ്ഞു.
മലയാളികളായ മറ്റു രണ്ടുപേര്‍ കൂടി ദൗത്യത്തില്‍ വിഷ്ണുവിനൊപ്പമുണ്ടായിരുന്നു. മേജര്‍ ജനറല്‍ വിനോദ് മാത്യുവും ആലപ്പുഴ സ്വദേശി മേജര്‍ അനീഷ് മോഹനും. ഹവില്‍ദാറായി സ്ഥാനക്കയറ്റം ലഭിക്കുന്നതിനുള്ള സീനിയര്‍ എന്‍സിഒ കോഴ്സിനായി മദ്രാസ് എന്‍ജിനിയറിംഗ് ഗ്രൂപ്പില്‍ എത്തിയതാണു വിഷ്ണു. കോഴ്സിനിടെയാണ് വയനാട്ടില്‍ ഉരുള്‍പൊട്ടലുണ്ടാവുന്നത്.
ഒട്ടും പ്രതീക്ഷിക്കാതെയാണ് വിഷ്ണുവിന് വയനാട് ദൗത്യത്തില്‍ പങ്കെടുക്കാനുള്ള അറിയിപ്പു ലഭിക്കുന്നത്. അറിയിപ്പു ലഭിച്ചയുടന്‍തന്നെ അദ്ദേഹം വയനാട്ടിലേക്കു പുറപ്പെടുകയായിരുന്നു. ഈ മാസം ഒന്നിനാണ് വിഷ്ണു ഉള്‍പ്പെട്ട അറുപത്തിനാലംഗ സംഘത്തെ രക്ഷാപ്രവര്‍ത്തനത്തിനായി വയനാട്ടിലേക്കു നിയോഗിച്ചത്.
ചെളി നിറഞ്ഞ ദുരന്തഭൂമിയില്‍ കടുത്ത വെല്ലുവിളികളെ നേരിട്ടാണ് പാലം നിര്‍മാണം പൂര്‍ത്തിയാക്കിയതെന്ന് അദ്ദേഹം പറഞ്ഞു. സാധാരണ 24 മണിക്കൂര്‍കൊണ്ട് നിര്‍മിക്കുന്ന പാലം പ്രതികൂല കാലാവസ്ഥയും ജലത്തിന്റെ കുത്തൊഴുക്കും കാരണം പൂര്‍ത്തിയാക്കാന്‍ 31 മണിക്കൂര്‍ വേണ്ടിവന്നതായും അദ്ദേഹം പറഞ്ഞു.
ദുരന്തസ്ഥലത്തെ കാഴ്ചകള്‍ മനസിനെ വേദനിപ്പിക്കുന്നതായിരുന്നെങ്കിലും ഒരു തരി ജീവനെങ്കിലും ബാക്കിയുണ്ടെങ്കില്‍ അവരെ രക്ഷിച്ചിരിക്കും എന്ന ദൃഢനിശ്ചയത്തോടെ കൂടെച്ചേര്‍ന്ന രക്ഷാപ്രവര്‍ത്തകരെ കണ്ടപ്പോള്‍ വലിയ സന്തോഷം തോന്നിയതായി അദ്ദേഹം പറഞ്ഞു. നായയെയും പൂച്ചയെയും ഉള്‍പ്പെടെ ജീവനുള്ള ഏതു ജീവിയേയും രക്ഷിക്കാന്‍ രക്ഷാപ്രവര്‍ത്തകര്‍ നടത്തിയ ശ്രമം കേരളത്തിന്റെ മാത്രം പ്രത്യേകതയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിമാനമാര്‍ഗം രണ്ടു പാലം നിര്‍മിക്കാനുള്ള സാമഗ്രികളാണ് എത്തിച്ചത്. കാരക്കാട് എസ്വിഎച്ച്എസിലായിരുന്നു പത്താം ക്ലാസ് വരെ വിഷ്ണു പഠിച്ചത്. പുത്തന്‍കാവ് മെട്രോപ്പൊലിത്തന് എച്ച്എസ്എസില്‍നിന്ന് ഹയര്‍സെക്കന്‍ഡറി പഠനവും പൂര്‍ത്തിയാക്കി. പ്ലസ്ടു ഫലം കാത്തിരിക്കുമ്പോള്‍ ആലപ്പുഴയില്‍ നടന്ന കരസേന റിക്രൂട്ടുമെന്റ് റാലിയിലൂടെയാണ് വിഷ്ണു സേനയിലെത്തുന്നത്. അച്ഛന് രാമചന്ദ്രന്. അമ്മ: ഗീതാകുമാരി ഭാര്യ: ഗീതു എസ്. പിള്ള, രണ്ടു വയസുള്ള മകന് ദക്ഷ്.