ഓട്ടോസ്പോട്ട്/ഐബി
വിലകുറഞ്ഞ ചെറിയ ക്രൂയിസർ ബൈക്ക് എന്ന പേരിലാണ് 2005ൽ അവഞ്ചറിനെ ബജാജ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്. പൾസർ 180ന്റെ എൻജിനിൽ അവതരിപ്പിച്ച അവഞ്ചറിന് രൂപം കാര്യമായി മാറിയില്ലെങ്കിലും പിന്നീട് പൾസർ 200, പൾസർ 220 മോഡലുകളുടെ എൻജിൻ ഉപയോഗിച്ച് വീണ്ടും എത്തി. 2015ൽ പുറത്തിറങ്ങിയ അവഞ്ചർ 150ൽനിന്ന് 180ലേക്കുള്ള ചുവടുമാറ്റമാണ് ഈ വർഷം ബജാജ് നടത്തിയിരിക്കുന്നത്. അവഞ്ചർ 150ൽനിന്ന് മാറ്റങ്ങൾ ഒന്നുംതന്നെയില്ലെങ്കിലും എൻജിൻ അല്പം വലുതായി എന്നുള്ളതാണ് വ്യത്യാസം.
എൻട്രി ലെവൽ മോഡൽ
അവഞ്ചർ ശ്രേണിയിലെ എൻട്രി ലെവൽ മോഡലാണ് ഈ വർഷം വിപണിയിലെത്തിച്ച അവഞ്ചർ 180. അവഞ്ചർ 150 ഇനി ഇല്ല. സ്ട്രീറ്റ് വേരിയന്റിൽ മാത്രം ലഭ്യമാകുന്ന ഈ ക്രൂയിസറിന് കഴിഞ്ഞ മാസം വിപണിയിലെത്തിയ 2018 അവഞ്ചർ 220 സ്ട്രീറ്റിന്റെ രൂപംതന്നെയാണ്.
ശ്രദ്ധിക്കപ്പെടുന്ന മുഖം
ദീർഘചതുരം പോലെയുള്ള ഹെഡ്ലാന്പ് യൂണിറ്റിൽ റൗണ്ട് ഹെഡ്ലൈറ്റും അതിനുതാഴെ എൽഇഡി ഡിആർഎലും. മുകളിൽ ചെറിയ സ്മോക്ക്ഡ് ഫ്ലൈസ്ക്രീനും ഘടിപ്പിച്ചിട്ടുണ്ട്.
രൂപത്തിൽ മാറ്റമില്ല
ഫ്യുവൽ ടാങ്ക്, സീറ്റ്, ടാങ്കിനു മുകളിലെ ഫ്യൂവൽ ഇൻഡിക്കേറ്റർ, ടെയിൽ ലാന്പുകൾ, അലോയ് വീലുകൾ എന്നിവ മുൻ മോഡലുകളിൽ ഉള്ളതുതന്നെ.
ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിൽ മാറ്റം
അവഞ്ചർ 220ൽ ഉൾപ്പെടുത്തിയിരിക്കുന്ന ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ 180ൽ ഇല്ല. ചെലവു കുറയ്ക്കാനായി സിംഗിൾ പോഡ് അനലോഗ് ക്ലസ്റ്റർ നല്കിയിരിക്കുന്നു. എങ്കിലും ട്രിപ്/ ഓഡോമീറ്റർ എന്നിവയ്ക്കായി ചെറിയ ഡിജിറ്റൽ ഡിസ്പ്ലേ ഉൾപ്പെടുത്തിയിട്ടുണ്ട്.
എല്ലാം മാറ്റ് ബ്ലാക്കിന്റെ ഭംഗി എന്നു പറയത്തക്കവിധമാണ് രൂപകല്പന. റിയർ വ്യൂ മിററുകൾ, അലോയ് വീലുകൾ, ഫോർക്കുകൾ, റിയർ ഷോക്ക് അബ്സോർബറുകൾ, എൻഡിൻ, എക്സ്ഹോസ്റ്റ് എന്നിവയെല്ലാം മാറ്റ് ബ്ലാക്കിൽ.
പഴയ എൻജിൻ
2005ൽ ഉപയോഗിച്ച എൻജിൻതന്നെയാണ് അവഞ്ചർ 180ന്റെ കരുത്ത്. എന്നാൽ, പഴയ എൻജിനെ അപേക്ഷിച്ച് കൂടുതൽ കാര്യക്ഷമമാണ് പുതിയ മോഡലിലെ എൻജിൻ. 15.5 പിഎസ് കരുത്തിൽ 13.7 എൻഎം ടോർക്ക് ആണ് ഈ എൻജിൻ ഉത്പാദിപ്പിക്കുന്നത്.
മൈലേജ്: 45 കിലോമീറ്റർ
വില: `85,500 (എക്സ് ഷോറൂം)