മുംബൈ: ജയിൽ വകുപ്പ് സംഘടിപ്പിച്ച ഭജനാലാപന മത്സരത്തിൽ പങ്കെടുത്ത 350 തടവുകാർക്ക് ശിക്ഷായിളവ് നൽകി മഹാരാഷ്ട്ര സർക്കാർ.
ഭജനയും മറാത്തി ഭക്ത കവിതകളായ അഭംഗും ആലപിക്കുന്ന മത്സരം സംസ്ഥാനവ്യാപകമായി ജയിൽ വകുപ്പ് സംഘടിപ്പിച്ചിരുന്നു.
മത്സരത്തിൽ പങ്കെടുത്ത വിവിധ ജയിലുകളിൽ നിന്നുള്ള തടവുകാരുടെ ശിക്ഷാകാലാവധിയിൽ നിന്ന് 30 മുതൽ 90 ദിവസം വരെ വെട്ടിക്കുറയ്ക്കാൻ സർക്കാർ അനുവാദം നൽകി.
10 അംഗങ്ങളുള്ള 35 ടീമുകളാണ് മത്സരത്തിൽ ഏറ്റുമുട്ടിയത്. ജൂൺ 13-നാണ് ഫൈനൽ മത്സരം നടന്നത്. ഇതിൽ ഒന്നാം സ്ഥാനം നേടിയ ടീമിലെ അംഗങ്ങളായ തടവുകാരുടെ ശിക്ഷയിൽ നിന്ന് 90 ദിവസം വെട്ടിക്കുറയ്ക്കും.
ജേതാക്കളായ ടീമുകളിൽ നിന്ന് മറ്റ് 50 തടവുകാർക്ക് 60 ദിവസത്തെ ശിക്ഷായിളവും ശേഷിക്കുന്ന 290 പേർക്ക് 30 ദിവസത്തെ ശിക്ഷായിളവുമാണ് ലഭിക്കുക.