അലക്സ് ചാക്കോ
ഫുൾ ഫേസ് ഓപ്പണ്‍ വിന്റേജ് ഹെൽമറ്റും ധരിച്ച് ടൂവീലറിൽ ഹമാരാ ബജാജ് പാടി കറങ്ങുന്നത് ഒരു തലമുറയുടെ സ്വപ്നമായിരുന്നു.
ആ സ്വപനം ജനമനസുകളിൽ വിത്തിട്ട്, മുളപ്പിച്ച് നൂറു മേനി കൊയ്ത പ്രതിഭയാണ് ഇന്നലെ ഓർമയായത്.
1938 ജൂണ്‍ പത്തിനായിരുന്നു രാഹുൽ ബജാജിന്റെ ജനനം. അദ്ദേഹത്തിന്റെ മുത്തച്ചൻ ജമ്നലാൽ ബജാജ് ആണ് 1926ൽ ബജാജ് കന്പനി അരംഭിച്ചത്.
അറിയപ്പെടുന്ന സ്വാതന്ത്ര്യ സമര സേനാനിയും ഗാന്ധിജിയുടെ അനുയായിമായിരുന്നു ജമ്നലാൽ.
അദ്ദേഹത്തിന്റെ മരണശേഷം മകനും രാഹുൽ ബജാജിന്റെ അച്ഛനുമായ കമൽനയൻ കന്പനിയുടെ നേതൃത്വത്തിലെത്തി.
ഇന്ദിരാഗാന്ധിയുടെ സഹപാഠിയായിരുന്ന കമൽനയന്റെ മകന് രാഹുൽ എന്ന പേര് നിർദേശിച്ചത് ജവഹർലാൽ നെഹ്റുവായിരുന്നു.
പിന്നീട് രാഹുൽ ബജാജ് തന്റെ മകന് രാജീവ് ഗാന്ധിയുടെ പേര് നല്കി. അവിടംകൊണ്ടും തീർന്നില്ല ആ പേരിടൽ ബന്ധം.
രാജീവ് ഗാന്ധിയും സോണിയയും തങ്ങളുടെ മകന് രാഹുൽ എന്ന് പേരിട്ട് ബജാജ് കുടുംബത്തോടുള്ള സ്നേഹവും സൗഹൃദവും വീണ്ടും പുതുക്കുകയാണു ചെയ്തത്.
രാഹുൽ ബജാജ് 1965 ലാണ് കന്പനിയിലെത്തുന്നത്. 1968 ൽ ചീഫ് എക്സിക്ക്യൂട്ടീവ് ഓഫീസർ ആയി. 1972 ലാണ് മാനേജിംഗ് ഡയറക്ടർ ആകുന്നത്.
7.2 കോടി രൂപയായിരുന്ന കന്പനിയുടെ അകെ വിറ്റുവരവ് രാഹുലിന്റെ നേതൃ മികവിൽ 12,000 കോടി രൂപയായി ഉയർന്നു.
എസ്കോർട്ട്, എൻഫീൽഡ്, ഇപ്പി, എൽഎംഎൽ കൈനറ്റിക് തുടങ്ങിയ വന്പൻ എതിരാളികളെ പിന്നിലാക്കിയായിരുന്നു രാഹുലിന്റെ ബജാജ് ഓട്ടോയുടെ വളർച്ച.
‘ഹമാരാ ബജാജ് ’ ഉൾപ്പെടെയുള്ള പ്രചാരണങ്ങളിലൂടെ തന്റെ കന്പനിക്ക് ഇന്ത്യയുടെ സ്വന്തം ബ്രാൻഡ് എന്ന വിശേഷണം നേടിയെടുക്കാൻ രാഹുലിനായി.
ബജാജ് ചേതക് എന്ന ‘ലെജൻഡ് സ്കൂട്ടർ’ കന്പനിയുടെ പെരുമ കൂട്ടി.അന്താരാഷ്ട്ര തലത്തിലും ബജാജ് ഓട്ടോയുടെ ഖ്യാതി എത്തിക്കാൻ രാഹുൽ ബജാജിനു സാധിച്ചു.
2008 ൽ ബാജാജ് ഓട്ടോയെ മൂന്നു യൂണിറ്റുകളായി വിഭജിച്ചതിന്റെ ബുദ്ധി കേന്ദ്രവും രാഹുൽ ബജാജ് ആയിരുന്നു.
ഇന്നിപ്പോൾ ധനകാര്യ സേവനം, ഇലകട്രിക്കൽ അപ്ലൈയൻസസ്, ഫോർ വീലർ, ത്രീ വീലർ, ഗൃഹോപകരണം, വിൻഡ് എനർജി,അയണ്‍ ആൻഡ് സ്റ്റീൽ, ഇൻഷ്വറൻസ്, ട്രാവൽ, അസറ്റ് മാനേജ്മെന്റ് തുടങ്ങിയ മേഖലകളിലെല്ലാം ബജാജ് ഗ്രൂപ്പിന് പങ്കാളിത്തമുണ്ട്. എട്ട് ലക്ഷം കോടി രൂപയിലേറെയാണ് ഗ്രൂപ്പിന്റെ വിപണിമൂല്യം.
നാലു പതിറ്റാണ്ടിലേറെ ഗ്രൂപ്പിന്റെ അമരത്തിരുന്ന രാഹുൽ ബജാജ് കഴിഞ്ഞ വർഷം ഏപ്രിലിലാണ് ബജാജ് ഓട്ടോയുടെ അധ്യക്ഷ സ്ഥാനമൊഴിഞ്ഞത്.
2006 മുതൽ 2010 വരെ രാജ്യ സഭാംഗമായിരുന്നു. സിഐഐപ്രസിഡന്റ്, ഇന്ത്യൻ എയർലൈൻസ് ചെയർമാൻ, ഹാർവർഡ് ബിസിനസ് സ്കൂൾ ഉപദേശക സമിതി അംഗം തുടങ്ങി നിരവധി ചുമതലകൾ അദ്ദേഹം വഹിച്ചിട്ടുണ്ട്.
നിലവിൽ ഫോർബ്സിന്റെ ലോക ശതകോടീശ്വര പട്ടികയിൽ 302 -ാം സ്ഥാനത്താണ് രാഹുൽ ബജാജ്.
നിലപാടുകൾ സധൈര്യം വിളിച്ചുപറയുന്ന സ്വഭാവക്കാരനായിരുന്നു രാഹുൽ ബജാജ് അടുത്ത കാലത്ത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പങ്കെടുത്ത വേദിയിൽവച്ചുതന്നെ കേന്ദ്രസർക്കാരിനെ വിമർശിച്ചതും വലിയ വാർത്തയായിരുന്നു.