ന്യൂഡൽഹി: ഇപ്പോഴത്തെ നടപടികൾ മൂലം കോവിഡ് നിയന്ത്രണവിധേയമായാലും മഴക്കാലത്തു രോഗം വീണ്ടും പടരാൻ സാധ്യതയുണ്ടെന്നു വിദഗ്ധരുടെ മുന്നറിയിപ്പ്.
ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ പിൻവലിക്കപ്പെട്ട ശേഷം സാമൂഹ്യ അകലം പാലിക്കുന്നത് അടക്കമുള്ള കാര്യങ്ങളിൽ ആളുകൾ കാണിക്കുന്ന താത്പര്യം ഇതിൽ നിർണായകമാകും.
രാജ്യത്തെ കോവിഡ് വ്യാപനം ഏതാണ്ട് മൂർധന്യതയിൽ എത്തിയെന്നാണ് ശിവ്നാടാർ യൂണിവേഴ്സിറ്റി ഗണിതവിഭാഗം അസോസിയേറ്റ് പ്രഫസറായ സമിത് ഭട്ടാചാര്യ അഭിപ്രായപ്പെട്ടത്. എന്നാൽ, ജൂലൈ – ഓഗസ്റ്റ് മൺസൂൺ കാലത്തു രോഗവ്യാപനത്തിന്റെ രണ്ടാം ഘട്ടം ആരംഭിക്കാം.
ബംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ പ്രഫസറായ രാജേഷ് സുന്ദരവും ഇതിനോടു യോജിക്കുന്നു. ലോക്ഡൗൺ പിൻവലിക്കപ്പെട്ടാൽ ജനങ്ങൾ സാധാരണ ജീവിതത്തിലേക്കു മടങ്ങിവരും. സന്പർക്കം കൂടും. അപ്പോൾ രോഗവ്യാപനത്തിന്റെ രണ്ടാം ഘട്ടം ആരംഭിക്കാമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
രോഗമുക്തരായവർ വീണ്ടും രോഗികളാകുന്നതു ചൈനയിലും യൂറോപ്പിലും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. രോഗമുക്തരായാലും രോഗപ്രതിരോധശേഷി ആർജിക്കുന്നില്ലെന്നാണ് ഇതിൽനിന്നു വ്യക്തമാകുന്നത്. ഇതെല്ലാം രണ്ടാംഘട്ട വ്യാപനത്തിന്റെ ആഴം കൂട്ടും.
ഇത്തരം സാഹചര്യം ഒഴിവാക്കാനായി, രോഗബാധിതരെ ട്രാക്ക് ചെയ്ത് ഐസൊലേഷനിലാക്കി മറ്റുള്ളവർക്കു രോഗം പടർത്തില്ലെന്ന് ഉറപ്പുവരുത്താൻ സർക്കാരുകൾ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കണമെന്ന് ഭട്ടാചാര്യയും സുന്ദരവും പറഞ്ഞു.
മാർച്ച് 25നാണ് കേന്ദ്രം ലോക്ഡൗൺ പ്രഖ്യാപിച്ചത്. അന്ന് 618 രോഗികളും 13 മരണവുമായിരുന്നു. ഇന്നലെ രോഗികളുടെ എണ്ണം ഇരുപത്തിമൂവായിരത്തിനു മുകളിലും മരണം എഴുന്നൂറിനു മുകളിലുമാണ്.
അതേസമയം, അടുത്ത ദിവസങ്ങളിൽ രോഗവ്യാപനത്തിന്റെ തോതു കുറയുന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇക്കാര്യത്തിൽ 18 സംസ്ഥാനങ്ങൾ ദേശീയ ശരാശരിയെക്കാൾ മുന്നിലെത്തി. രോഗവിമുക്തരാകുന്നവരുടെ എണ്ണവും ഇരട്ടിയായി വർധിച്ചിട്ടുണ്ട്.