പുതുതായി പ്രവർത്തനം ആരംഭിച്ച പാർക്കിൽ ബംഗീ ജംപ് ഉദ്ഘാടനത്തിനായി ഉപയോഗിച്ചത് പന്നിയെ. 223 അടി ഉയരത്തിൽ നിന്നുമാണ് 75 കിലോ ഭാരമുള്ള പന്നിയെ ഉപയോഗിച്ച് അധികൃതർ ബംഗീ ജംപ് നടത്തിയത്. തെക്ക് പടിഞ്ഞാറൻ ചൈനയിലെ ചോംഗ്ക്വിംഗിൽ പ്രവർത്തനം ആരംഭിച്ച മെയ്സിൻ റെഡ് വൈൻ ടൗണ്‍ തീം പാർക്കിലാണ് ഏറെ പ്രതിഷേധമുയർത്തിയ സംഭവം അരങ്ങേറിയത്.
പന്നിയുടെ മുന്നിലെയും പിന്നിലെയും കാലുകൾ ബന്ധിച്ചിരുന്നു കൂടാതെ വയറിലൂടെയും കയർ ഇട്ട് ബന്ധിച്ചിരുന്നു. പിന്നീട് രണ്ട് പേർ ചേർന്ന് പന്നിയെ താഴേക്ക് തള്ളിവിടുകയായിരുന്നു. പന്നി താഴേക്ക് വീഴുന്നത് കണ്ട ജനക്കൂട്ടം ആർത്ത് വിളിച്ചു.
വീഡിയോ സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിച്ചതിനെ തുടർന്ന് പാർക്ക് അധികൃതരുടെ പ്രവൃത്തിയെ വിമർശിച്ച് നിരവധിയാളുകൾ രംഗത്തെത്തി. പിന്നീട് സംഭവത്തിൽ ക്ഷമാപണം നടത്തി പാർക്ക് അധികൃതർ തലയൂരി.