കൽപ്പറ്റ: മുംബൈയിലുണ്ടായ ബാർജ് ദുരന്തം വയനാട്ടിലെ ഏച്ചോം ഗ്രാമത്തിനു തീരാനൊന്പരമായി.
ഏച്ചോം മുക്രാമൂല പുന്നന്താനത്തു ജോസഫ്-ത്രേസ്യാമ്മ ദന്പതികളുടെ മകനാണ് ദുരന്തത്തിൽ മരിച്ച ജോമിഷ് ജോസഫ്(35). ബാർജ് അപകടത്തിൽ മരിച്ചവരിൽ ജോമിഷും ഉൾപ്പെടുമെന്ന വിവരം ബുധനാഴ്ചയാണ് നാട്ടിലറിഞ്ഞത്.
ഹരിയാന ആസ്ഥാനമായുള്ള ബൗസ്റ്റഡ് കണ്ട്രോൾസ് ആൻഡ് ഇലക്ട്രിക്കൽസ് കന്പനി ജീവനക്കാരനാണ് ജോമിഷ്.
ചുഴലിക്കാറ്റിനെ തുടർന്ന് മുംബൈയിൽനിന്ന് 35 നോട്ടിക്കൽ മൈൽ അകലെ അറബിക്കടലിൽ മുങ്ങിപ്പോയ ഒഎൻജിസിയുടെ പി-305 ബാർജിലായിരുന്നു ജോമിഷ് ഉണ്ടായിരുന്നത്.
ഭാര്യാ സഹോദരൻ മുംബൈയിൽ എത്തിയാണ് ജോമിഷിന്റെ മൃതദേഹം തിരിച്ചറിഞ്ഞത്.
മുംബൈ ജെജെ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം കോവിഡ് പരിശോധനകൾക്കും പോസ്റ്റ്മോർട്ടത്തിനുശേഷം ഇന്നു നെടുന്പാശേരി വിമാനത്തവാളത്തിലും തുടർന്നു വീട്ടിലും എത്തിക്കും.
എറണാകുളത്ത് എൻജിനിയറിംഗ്(ഓയിൽ റിഫൈനറി) പഠനത്തിനുശേഷം ഖത്തർ, ദുബായ്, ഒമാൻ എന്നിവിടങ്ങളിലായി മൂന്നു വർഷത്തോളം ജോമിഷ് ജോലി ചെയ്തിരുന്നു.
വിദേശത്തുനിന്നു തിരിച്ചെത്തിയശേഷമായിരുന്നു വിവാഹം. ഡൽഹി ഗംഗാറാം ആശുപത്രിയിൽ സ്റ്റാഫ് നഴ്സാണ് ജോമിഷിന്റെ ഭാര്യ ജോയ്സി.
ബത്തേരി പാപ്ലശേരി സ്വദേശിനിയാണ് ഇവർ. അഞ്ചുവയസുള്ള ജോൽ, മൂന്നു വയസുള്ള ജോന എന്നീ മക്കളും അടങ്ങുന്നതാണ് കുടുംബം. ഡൽഹിയിലാണ് താമസം.
2020ലെ കോവിഡ് വ്യാപനത്തെത്തുടർന്നു ജോമിഷ് മക്കളെ നാട്ടിലെത്തിച്ചിരുന്നു. കോവിഡ് പശ്ചാത്തലത്തിൽ കുറച്ചുകാലം മുക്രാമൂലയിലെ വീട്ടിലിരുന്നാണ് ജോമിഷ് ജോലി ചെയ്തത്.
മേലുദ്യോഗസ്ഥർ നിർദേശിക്കുന്ന മുറയ്ക്ക് ഇടയ്ക്കു കന്പനിയിൽ പോകുമായിരുന്നു. ഏറ്റവും ഒടുവിൽ അവധിക്കു നാട്ടിൽ വന്നശേഷം ഫെബ്രുവരി ഒന്നിനാണ് മുംബൈയ്ക്കു പോയത്.
പിതാവിന്റെ വിയോഗത്തെക്കുറിച്ചു മനസിലാക്കാതെ ഏച്ചോത്തെ വീട്ടിൽ കഴിയുന്ന മക്കളുടെ മുഖത്തേക്കു നോക്കുന്പോൾ ഇടറുകയാണ് വീട്ടുകാരുടെയും അയൽക്കാരുടെയും നെഞ്ചകം. ജാസ്മിൻ ജോമിഷിന്റെ ഏക സഹോദരിയാണ്.
ചിറക്കടവിന്റെ ദുഃഖമായി സസിന്റെ വിയോഗം
പൊൻകുന്നം: ടൗട്ടെ ചുഴലിക്കാറ്റിൽ അറബിക്കടലിൽ അപകടത്തിൽപ്പെട്ട ബാർജിലുണ്ടായിരുന്ന ചിറക്കടവ് സ്വദേശി മരിച്ചു. ചിറക്കടവ് മൂങ്ങത്ര ഇടഭാഗം അരിഞ്ചിടത്ത് എ.എം.ഇസ്മയിലിന്റെ മകൻ സസിൻ (29) ആണ് മരിച്ചത്. പി.305 നമ്പർ ബാർജിലായിരുന്നു ഇദ്ദേഹം.
ഒഎൻജിസി പ്രൊജക്ട് എൻജിനിയറായിരുന്നു. മൂന്നുവർഷം മുന്പ് ജോലിയിൽ പ്രവേശിച്ച സസിൻ മൂന്നുമാസം മുന്പ് നാട്ടിലെത്തി മടങ്ങിയതാണ്. സിൽവി ഇസ്മയിലാണ് മാതാവ്. സഹോദരങ്ങൾ: സിസിന, മിസിന.