ന്യൂഡൽഹി: ഗുസ്തി താരവും ടോക്കിയോ ഒളിംപിക്സ് വെങ്കല മെഡൽ ജേതാവുമായ ബജ്രംഗ് പൂനിയയ്ക്ക് നാല് വർഷം വിലക്ക്. ഉത്തേജക പരിശോധനയ്ക്കു വിസമ്മതിച്ചതിനും പരിശോധനയ്ക്ക് സാമ്പിൾ നൽകാതിരുന്നതിനുമാണ് താരത്തിനെ വിലക്കിയത്. ദേശീയ ഉത്തേജക വിരുദ്ധ ഏജൻസി (നാഡ) യാണ് ബജ്രംഗ് പൂനിയക്ക് വിലക്കേർപ്പെടുത്തിയത്.
വിലക്ക് ലഭിച്ചതോടെ നാലു വർഷം ഗുസ്തി മത്സരങ്ങളിൽ പങ്കെടുക്കാനോ പരിശീലകൻ ആകാനോ പൂനിയയ്ക്കു കഴിയില്ല. കാലാവധി കഴിഞ്ഞ കിറ്റുകൾ പരിശോധനയ്ക്കു നൽകി എന്ന കാരണത്താലാണ് പൂനിയ സാമ്പിൾ കൈമാറാൻ വിസമ്മതിച്ചത്. പരിശോധനയ്ക്കു തയാറാണെന്നും കിറ്റുകളിൽ വ്യക്തത വേണമെന്നും പൂനിയ അറിയിച്ചിരുന്നു.
നേരത്തെ ബ്രിജ് ഭൂഷണിനെതിരായ പ്രതിഷേധ സമരങ്ങളുടെ മുൻനിരയിലുണ്ടായിരുന്ന ഗുസ്തി താരങ്ങളിൽ ഒരാളായിരുന്നു പൂനിയ. പിന്നീട് വിനേഷ് ഫോഗട്ടിനൊപ്പം കോൺഗ്രസിൽ ചേർന്നു.