ന്യൂഡൽഹി: തനിക്കേറ്റവും പ്രിയപ്പെട്ട യൂട്യൂബറെ കാണാൻ 250 കിലോ മീറ്ററോളം സൈക്കിളിൽ സഞ്ചരിച്ച കൗമാരക്കാരനെ പോലീസ് കണ്ടെത്തി ബന്ധുക്കൾക്ക് കൈമാറി.
പഞ്ചാബിലെ പാട്യാലയിൽ നിന്നും 250 കിലോ മീറ്റർ സൈക്കിളിൽ സഞ്ചരിച്ച് ഡൽഹിയിലെത്തിയ ഈ ബാലന്റെ പ്രായം 13 വയസാണ്.
യൂട്യൂബിൽ 1.7 കോടിയോളം ഫോളോവേഴ്സുള്ള ട്രിഗാർഡ് ഇൻസാൻ എന്ന നിഷയ് മൽഹാനെ കാണാനാണ് ബാലൻ ഇത്രെയും കഷ്ടപ്പെട്ടത്.
നിഷായ്യുടെ പിതാംപുരയിലെ അപ്പാർട്ട്മെന്റിൽ കുട്ടി എത്തിയിരുന്നുവെങ്കിലും ഇദ്ദേഹത്തെ കാണാൻ സാധിച്ചില്ല. നിഷായ് ദുബായിലേക്ക് പോയിരുന്നു.
ഒക്ടോബർ നാലിനാണ് കുട്ടിയെ കാണാതായത്. ട്രിഗാർഡ് ഇൻസാന്റെ കടുത്ത ആരാധകനായ കുട്ടി അദ്ദേഹത്തെ കാണാൻ തന്നെ പുറപ്പെട്ടതായിരിക്കുമെന്ന് മാതാപിതാക്കൾക്ക് ഊഹമുണ്ടായിരുന്നു.
കുടുംബവും പട്യാല പോലീസും സോഷ്യൽ മീഡിയ ഉപയോഗിച്ച് സൂചനകൾ ശേഖരിക്കുകയും ഡൽഹി പോലീസിനെ ബന്ധപ്പെടുകയും ചെയ്തു.
കൂടാതെ പോലീസ് വിവരങ്ങൾ അറിയിച്ചതിനെ തുടർന്ന് യൂട്യൂബറും കുട്ടിയെ കണ്ടെത്താൻ സഹായിച്ചിരുന്നു.
കുട്ടി സൈക്കിളിൽ സഞ്ചരിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നു. എന്നാൽ കുട്ടി രാത്രി എവിടെയാണ് താമസിച്ചതെന്നോ വിശ്രമിച്ചെന്നോ വ്യക്തമായിട്ടില്ല.
പോലീസ് എത്തിയാണ് കുട്ടിയെ കണ്ടെത്തിയത്. ഈ സമയം ബന്ധുക്കളും ഡൽഹിയിൽ എത്തിച്ചേർന്നിരുന്നു. പോലീസ് അതിവേഗം പ്രവർത്തിച്ചതിനാലാണ് കുട്ടിയെ കണ്ടെത്താൻ സാധിച്ചതെന്ന് ബന്ധുക്കൾ പ്രതികരിച്ചു.