കോട്ടയം: പെട്ടിക്കടയുടെ വാടക സംബന്ധിച്ച തർക്കത്തിൽ മറിയപ്പള്ളി പുഷ്പഭവനിൽ അനിൽകുമാറി(ബേക്കർ അനി-44)നെ കുത്തിക്കൊന്ന കേസിലെ പ്രതി നീലിമംഗലം ചിറയിൽ റിയാസി(26)നെ ഇന്നലെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
തെളിവെടുപ്പു പൂർത്തിയാക്കിയ ശേഷമാണ് പ്രതിയെ കോടതിയിൽ ഹാജരാക്കിയത്. കഴിഞ്ഞ ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നരയോടെ തിരുനക്കര ടാക്സി സ്റ്റാൻഡിന് സമീപം ഹോട്ടലിന്റെ ഇടനാഴിയിലാണ് കൊലപാതകം നടന്നത്. കുത്താനുപയോഗിച്ച സ്റ്റീൽ കത്തി ഇന്നലെ പ്രതിയുടെ സാന്നിധ്യത്തിൽ കണ്ടെടുത്തു.
കൊല്ലപ്പെട്ടയാളുടെ തട്ടുകട വാടകയ്ക്കെടുത്ത് ലോട്ടറി കച്ചവടം നടത്തി വരികയായിരുന്നു പ്രതി റിയാസ്. ദിവസം 500രൂപയാണ് വാടക. ശനിയാഴ്ച ദിവസമാണ് വാടക നല്കുന്നത്. സംഭവ ദിവസം കുടിശികയുള്ള വാടക സംബന്ധിച്ച് ഇരുവരും തമ്മിൽ തർക്കമുണ്ടായി. ഇതിനിടെ ഇരുവരും ചേർന്ന് മദ്യപിച്ചു.
തർക്കത്തെ തുടർന്ന് കൊല്ലപ്പെട്ട അനിയാണ് ആദ്യം റിയാസിനെ കുത്തിയത്. പിന്നീടാണ് റിയാസ് കത്തി വാങ്ങി അനിയെ കുത്തിക്കൊലപ്പെടുത്തിയ തെന്ന് പോലീസ് പറയുന്നു. അനിക്ക് അഞ്ചിലേറെ കുത്തുകളേറ്റു. സംഭവം നടന്ന് അര മണിക്കൂർ കഴിഞ്ഞാണ് പോലീസ് വിവരം അറിഞ്ഞെത്തിയത്.
രക്തം വാർന്നാണ് മരണം സംഭവിച്ചതെന്നും പറയുന്നു. എന്നാൽ ആദ്യം കുത്തിയത് അനിയാണെന്നതിന് തെളിവൊന്നും പോലീസിന് ലഭിച്ചിട്ടില്ല. പ്രതി നല്കിയ മൊഴിയുടെ അടിസ്ഥാനത്തിലാണിത്. അതിനാൽ കൂടുതൽ അന്വേഷണം വേണ്ടിവരുമെന്നാണ് സൂചന. പ്രതി റിയാസിനു നിസാര കുത്തേറ്റിരുന്നു.
ഇയാൾ ചികിത്സ തേടി ആശുപത്രിയിൽ എത്തിയിരുന്നു. ആശുപത്രിയിൽ നിന്നാണ് ഇയാളെ പിടികൂടിയത്. വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ സിഐ നിർമൽ ബോസ്, എസ്ഐ എം.ജെ. അരുണ് എന്നിവരുടെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്.