പുരുഷ 100 മീറ്റർ ഓട്ടത്തിൽ സീസണിലെ മികച്ച സമയം കുറിച്ച് അമേരിക്കയുടെ സ്പ്രിന്റർ റോണി ബേക്കർ. പോളണ്ടിലെ ചോർസോ മീറ്റിലാണ് സീസണിലെ വേഗക്കാരനായി ബേക്കർ സ്വർണം അണിഞ്ഞത്. ഇരുപത്തിനാലുകാരനായ അമേരിക്കൻ താരം 9.87 സെക്കൻഡിൽ നൂറു മീറ്റർ പൂർത്തിയാക്കി.
2014ൽ ജമൈക്കയുടെ ഉസൈൻ ബോൾട്ട് സ്ഥാപിച്ച മീറ്റ് റിക്കാർഡും ഇതോടെ പഴങ്കഥയായി. 9.98 സെക്കൻഡിൽ ഫിനിഷിംഗ് ലൈൻ തൊട്ട ബോൾട്ടിന്റെ പേരിലായിരുന്നു ചോർസോ മീറ്റിലെ ഇതുവരെയുള്ള റിക്കാർഡ്.
ബേക്കറിന്റെ വ്യക്തിഗത മികച്ച പ്രകടനവും ഇതാണ്. ഈ മാസം 31ന് ബ്രസൽസിൽ നടക്കുന്ന ഡയമണ്ട് ലീഗിൽ ബേക്കറിന്റെ പ്രകടനം കാണാനാണ് അത്ലറ്റിക് ലോകത്തിന്റെ ഇനിയുള്ള കാത്തിരിപ്പ്.