കോട്ടയം: നഗരത്തിലെ ട്രാഫിക് സംവിധാനം സിഗ്നൽ ലൈറ്റുകളിലേക്കു മാറുന്നതു വൈകും. ബേക്കർ ജംഗ്ഷൻ, റൗണ്ടാന തുടങ്ങി വിവിധ സ്ഥലങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന ട്രാഫിക് സിഗ്നൽ ലൈറ്റുകൾ ഉടൻ പ്രവർത്തിപ്പിക്കില്ല. റോഡു പണി പൂർത്തിയായശേഷം മാത്രമേ സിഗ്നൽ ലൈറ്റുകൾ പ്രവർത്തിപ്പിച്ചു തുടങ്ങൂ. ഏതാനും ദിവസങ്ങൾക്കു മുന്പാണു ബേക്കർ ജംഗ്ഷൻ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ ലൈറ്റുകൾ സ്ഥാപിച്ചത്.
നാഗന്പടം ഉൾപ്പെടെയുള്ള സ്ഥലങ്ങളിലെ റോഡുപണി നടക്കുന്നതിനാൽ ലൈറ്റുകൾ ഇപ്പോൾ പ്രവർത്തിപ്പിച്ചാൽ കൂടുതൽ ഗതാഗതക്കുരുക്ക് ഉണ്ടാകുമെന്നാണു പോലീസിന്റെയും കെഎസ്ടിപി അധികൃതരുടെയും വിലയിരുത്തൽ. ഇതിനുപുറമേ ബേക്കർ ജംഗ്ഷനിലെയും റൗണ്ടനായിലെയും ട്രാഫിക് ലൈറ്റിന്റെ സംവിധാനം പരസ്പരം ബന്ധിപ്പിക്കേണ്ടതുണ്ട്.
സിഗ്നൽ സംവിധാനത്തിൽ എത്ര സമയം ഇവിടങ്ങളിൽ വാഹനങ്ങൾക്കു കടന്നു പോകേണ്ടതിനായി സമയം അനുവദിക്കണമെന്ന കാര്യത്തിലും തീരുമാനമെടുത്തിട്ടില്ല. ബേക്കർ ജംഗ്ഷൻ, റൗണ്ടാന എന്നിവിടങ്ങളിൽ തിരക്കുള്ള സമയത്ത് എത്ര വാഹനങ്ങൾ കടന്നുപോകുന്നുണ്ടെന്ന കാര്യം അധികൃതർ നിരീക്ഷിച്ചുവരികയാണ്. ഇക്കാര്യങ്ങളിലെല്ലാം റിപ്പോർട്ട് ക്രോഡീകരിച്ചു പഠനം നടത്തിയശേഷമാണു ട്രാഫിക് സംവിധാനം സിഗ്നൽ ലൈറ്റുകളിലേക്കു മാറുന്ന കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാവുകയുള്ളൂ.
ലൈറ്റുകൾ പ്രവർത്തിച്ചു തുടങ്ങുന്നതോടെ എംസി റോഡിലൂടെ കോടിമതയിൽനിന്നു വരുന്നവർക്കും കുമരകം റോഡിലൂടെ പോകുന്നവർക്കും എംസി റോഡിലൂടെ നഗരത്തിലേക്കു വരുന്നവരും ഇനി സിഗ്നൽ ലൈറ്റിന്റെ നിയന്ത്രണത്തിൽ വാഹനങ്ങൾ ഓടിക്കേണ്ടിവരും.
മൂന്നു വർഷം മുന്പും ഇവിടെ സിഗ്നൽ ലൈറ്റുകൾ സ്ഥാപിച്ചിരുന്നു. എന്നാൽ പ്രായോഗിക ട്രാഫിക് സംവിധാനം ഒരുക്കുന്നതിൽ വീഴ്ച വന്നതിനാൽ സിഗ്നൽ ലൈറ്റുകൾ മാറ്റി പോലീസുകാരെ ഡ്യൂട്ടിക്കു നിയോഗിക്കുകയായിരുന്നു. ഇവിടെ സ്ഥാപിച്ച സിഗ്നൽ ലൈറ്റുകളും നശിച്ചുപോയിരുന്നു. ഇതിനുശേഷം കെഎസ്ടിപിയുടെ നേതൃത്വത്തിലാണു ഇപ്പോൾ സിഗ്നൽ ലൈറ്റുകൾ സ്ഥാപിച്ചത്.
ബേക്കർ ജംഗ്ഷനിൽ സിഗ്നൽ ലൈറ്റുകൾ പ്രായോഗികമല്ലെന്നു വാദിക്കുന്നവരുമുണ്ട്. റൗണ്ടാന, ബേക്കർ ജംഗ്ഷൻ എന്നിവിടങ്ങളിലെ സിഗ്നൽ ലൈറ്റുകൾ ഒരുപോലെ ട്രാഫിക് സംവിധാനത്തിൽ എത്തിക്കാൻ സാധിക്കില്ലെന്നാണ് ഇക്കൂട്ടരുടെ വാദം. ഇരുജംഗ്ഷനിലെയും സമയക്രമീകരണം ഏർപ്പെടുത്താൻ സാധിക്കാത്തതാണു സിഗ്നൽ സംവിധാനം വഴിയുള്ള ട്രാഫിക് പരാജയപ്പെടാൻ കാരണമെന്നു പറയുന്നു.