കോട്ടയം: ഇരുന്നൂറു വർഷമായി യൂണിഫോമിന്റെ നിറം മാറാത്ത ബേക്കർ മെമ്മോറിയൽ സ്കൂൾ ദ്വിശതാബ്ദിയിലേക്ക്. വനിതാ വിദ്യാഭ്യാസം ലക്ഷ്യമാക്കി സിഎംഎസ് മിഷനറിമാർ സ്ഥാപിച്ചതാണ് സ്കൂൾ. സ്കൂളിന്റെ തുടക്കത്തിൽ കൊണ്ടുവന്ന ബേക്കർ പച്ച എന്നറിയപ്പെടുന്ന പച്ച നീളൻ പാവാടയും വെള്ള ഷർട്ടും മുടിയിൽ ഇരുവശവുമായി മഞ്ഞ റിബണുമാണ് ഇന്നുവരെ യൂണിഫോം. 1998ൽ ഹയർസെക്കൻഡറി സ്കൂളായി.
1819ൽ ആറു പെണ്‍കുട്ടികളുമായി ബേക്കർ സായിപ്പിന്റെ ബംഗ്ലാവിലായിരുന്നു പെണ്‍പള്ളിക്കൂടത്തിന്റെ തുടക്കം. വായനയും ചോദ്യോത്തരങ്ങളും തയ്യലും ഇംഗ്ലീഷുമായിരുന്നു പാഠ്യവിഷയങ്ങൾ. വിദ്യാർഥികളുടെ എണ്ണം കൂടിയപ്പോൾ 1894ൽ മദ്രാസ് വിദ്യാഭ്യാസ വകുപ്പ് ഒരു ലോവർ സെക്കൻഡറി സ്കൂളായി ഈ പെണ്‍പള്ളിക്കൂടത്തെ അംഗീകരിച്ചു. 1903ൽ പുതിയ കെട്ടിടത്തിലേക്കു പ്രവർത്തനം മാറി. അതുവരെ മിഷനറിമാരായിരുന്നു സ്കൂളിലെ പ്രധാന അധ്യാപകർ.
29ന് രാവിലെ 11ന് ഗവർണർ ജസ്റ്റീസ് പി. സദാശിവം ജൂബിലി ഉദ്ഘാടനം ചെയ്യും. സിഎസ്ഐ മോഡറേറ്റർ ബിഷപ് റവ. തോമസ് കെ. ഉമ്മൻ അധ്യക്ഷത വഹിക്കും. റവ. തോമസ് പായിക്കാട്ട്, ജസ്റ്റീസ് കെ.ടി. തോമസ്, തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ, കോർപറേറ്റ് മാനേജർ ടി.ജെ. മാത്യു, പ്രഫ. അന്ന ജോണ്‍, പ്രിൻസിപ്പൽ ഡോ. ജെഗി ഗ്രേസ് തേസ്, ജെസി വർഗീസ്, കാവ്യ കൃഷ്ണൻ എന്നിവർ പ്രസംഗിക്കും.