തളിപ്പറമ്പ്: പ്രമാദമായ തളിപ്പറമ്പ് ബക്കളം പുന്നക്കുളങ്ങരയിലെ മൊട്ടന്റകത്ത് അബ്ദുള്‍ ഖാദര്‍ എന്ന പുതിയപുരയില്‍ ഖാദര്‍ കൊലപാതക കേസ് പുനരന്വേഷണത്തിന് തലശേരി അഡീഷണല്‍ ജില്ല സെഷന്‍സ് കോടതി ജഡ്ജി ഉത്തരവിട്ടു.
ഖാദറിനെ കൊലപ്പെടുത്തി പരിയാരം വായാട് റോഡരികില്‍ തള്ളിയെന്നായിരുന്നു കേസ്. കേസില്‍ പത്താംപ്രതിയായ ഖാദറിന്റെ ഭാര്യ വായാട് സ്വദേശിനി കെ. ഷെരീഫയ്ക്ക് കൊലപാതകത്തിന്റെ ഗൂഢാലോചനയില്‍ പങ്കുണ്ടെന്നും അന്വേഷണം വേണമെന്നും കാണിച്ച് പരിയാരം സ്റ്റേഷന് എസ് എച്ച് ഒ നല്കിയ പരാതിയില്‍ അഡീഷണല്‍ പ്രോസിക്യൂഷന്നായിരുന്നു ഹർജി സമർപ്പിച്ചത്.
ഈ ഹർജി പരിശോധിച്ച ശേഷമാണ് കോടതി പുനരന്വേഷണത്തിന് ഉത്തരവിട്ടത്.മാസങ്ങള്‍ക്ക് മുമ്പ് അബ്ദുള്‍ ഖാദറിന്റെ മാതാവ് ഖദീജയും സഹോദരിയും ഖാദറിന്റെ ഭാര്യയുടെ ഇടപെടലും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കിയിരുന്നു.
തുടര്‍ന്ന് പോലീസ് കോടതിയെ സമീപിക്കുകയായിരുന്നു. പയ്യന്നൂര്‍ ഡിവൈഎസ്പി കെ.ഇ. പ്രേമചന്ദ്രന്റെ നേതൃത്വത്തില്‍ പരിയാരം ഇന്‍സ്പെക്ടര്‍ കെ.വി. ബാബുവിനാണ് കേസിന്റെ പുനരന്വേഷണ ചുമതല. ഭാര്യയുള്‍പ്പെട്ട കൊലപാതകം എന്ന നിലയിൽ ഏറെ ചർച്ച ചെയ്യപ്പെട്ട ക്വട്ടേഷന്‍ കൊലപാതക കേസാണ് അബ്ദുല്‍ ഖാദര്‍ കൊലപാതക കേസ്.
സംഭവം ഇങ്ങനെ….
2017 ജനുവരി 25നാണ് ജില്ലയെ ഞെട്ടിച്ച ആ വാര്‍ത്ത പരന്നത്. 25ന് പുലര്‍ച്ചെ ബക്കളം പുന്നക്കുളങ്ങരയിലെ മൊട്ടന്റകത്ത് അബ്ദുല്‍ ഖാദര്‍ എന്ന പുതിയപുരയില്‍ ഖാദറി (38)നെ അടിവസ്ത്രം മാത്രം ധരിച്ച് കൈകള്‍ ബന്ധിച്ച നിലയില്‍ അവശനിലയില്‍ വായാട് റോഡരികില്‍ കണ്ടെത്തിയെന്ന വാര്‍ത്തയാണ് ആദ്യം പുറത്തറിഞ്ഞത്.
സംഭവമറിഞ്ഞ് നാട്ടുകാര്‍ സ്ഥലത്ത് എത്തുന്പോൾ യുവാവിന് ജീവനുണ്ടായിരുന്നു. അതിഭീകരമായി മര്‍ദ്ദനമേറ്റതിന്റെയും ആഴത്തിലുള്ള മുറിവിന്റെയും ലക്ഷണങ്ങള്‍ ശരീരമാസകലം ഉണ്ടായിരുന്നു. കഠിനമായ വേദനയില്‍ പുളഞ്ഞ് ഒന്നര മണിക്കൂറോളം റോഡരികില്‍ കിടന്ന് പിടഞ്ഞ് മരിക്കുകയായിരുന്നു.
സ്ഥലത്തെത്തിയവരും ഇയാളെ ആശുപത്രിയിലെത്തിക്കാന്‍ തയാറായിരുന്നില്ല. രാവിലെ പത്തോടെയാണ് പോലീസും ഫോറന്‍സിക് വിദഗ്ധരും ഡോഗ് സ്ക്വാഡുമടക്കം സ്ഥലത്തെത്തി ഖാദറിന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയത്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലും ഞെട്ടിക്കുന്ന വിവരമാണ് പുറത്ത് വന്നത്.
42ലധികം വരുന്ന മാരകമായ മുറിവുകളാണ് ഖാദറിന്റെ ദേഹത്ത് ഉണ്ടായിരുന്നത്. തുടര്‍ന്ന് അന്ന് തളിപ്പറമ്പ് സി ഐ ആയിരുന്ന കെ.ഇ. പ്രേമചന്ദ്രന്റെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തിലാണ് ഇതൊരു ക്വട്ടേഷന്‍ കൊലപാതകമാണെന്ന് കണ്ടെത്തിയത്.
ഖാദറിന് നാട്ടില്‍ അല്ലറ ചില്ലറ മോഷണമുണ്ടായിരുന്നതായി പറയുന്നു. ഇതിന്റെ വൈരാഗ്യമാണ് മർദനത്തിലും കൊലപാതകത്തിലും നയിച്ചതെന്നാണ് പോലീസ് ഭാഷ്യം. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലേപ്പോലെ പത്തുപതിനഞ്ചുപേര് കൂട്ടം കൂടി നിന്ന് കെട്ടിയിട്ട് മണിക്കൂറുകളോളം തല്ലിച്ചതയ്ക്കുകയായിരുന്നുവെന്നാണ് പോലീസ് കണ്ടെത്തിയിരുന്നത്.
തലമുതല്‍ കാല് വിരല്‍ വരെ ഒരിഞ്ച് സ്ഥലം പോലും ബാക്കിവയ്ക്കാതെയാണ് അക്രമികള്‍ തല്ലിയൊടിച്ചത്. 25ന് പുലര്‍ച്ചെ ബക്കളത്തെ സ്വന്തം വീട്ടില്‍ കിടന്നുറങ്ങുകയായിരുന്ന ഖാദറിനെ ഒരു സംഘം ആളുകള്‍ വീട്ടില്‍ നിന്നും തട്ടിക്കൊണ്ട് പോകുകയായിരുന്നു.
അഞ്ചുമണിക്കൂറിലേറെ നീണ്ട മര്‍ദനത്തിന് ശേഷമാണ് മൃതപ്രായനായ ഇയാളെ അക്രമി സംഘം റോഡരികിലേക്ക് വലിച്ചെറിഞ്ഞത്. സംഭവത്തില്‍ ആറുപ്രതികളെ പോലീസ് അറസ്റ്റു ചെയ്യുകയും ചെയ്തിരുന്നു. പിന്നീട് നവാസ്, ലത്തീഫ്, അവസാന ഘട്ടത്തില്‍ ഭാര്യയായ ഷെരീഫയെ പത്താം പ്രതിയുമായി ചേര്‍ത്താണ് പോലീസ് കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചത്.
എന്നാല്‍ പത്താം പ്രതിയായ ഷെരീഫക്ക് കൊലപാതകത്തിലെ ഗൂഢാലോചനയില്‍ കൃത്യമായ പങ്കുണ്ടെന്നും കേസില്‍ ഗുഢാലോചന കുറ്റം ചുമത്തി പുനരന്വേഷണം നടത്തണമെന്നും അതുവരെ കേസിന്റെ വിചാരണ നിര്‍ത്തി വെക്കണമെന്നും പ്രോസിക്യൂഷന് നല്കിയ ഹർജിയിലാണ് കോടതി പുതിയ ഉത്തരവ് പുറത്ത് വന്നത്.