നടന്‍ ബാലയും ഗായിക അമൃത സുരേഷും തമ്മിലുള്ള വിവാഹമോചനം ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ ചൂടുള്ള വിഷയമായിരുന്നു. ഇരുവരുടെയും വിവാഹ മോചന ഹര്‍ജി കോടതിയുടെ പരിഗണനയിലാണ്. എന്നാല്‍ ഇതിനിടെ പല അഭ്യൂഹങ്ങളും ഓണ്‍ലൈന്‍ വഴി പ്രചരിക്കുന്നുണ്ട്. വിവാഹ മോചനം തെറ്റായിരുന്നെന്ന് ബാല പറഞ്ഞതായാണ് ഏറ്റവും ഒടുവില്‍ എത്തിയ വാര്‍ത്ത. എന്നാല്‍ ഇതിനെ എതിര്‍ത്ത് ബാല തന്നെ രംഗത്തെത്തിയിരിക്കുകയാണ്. താന്‍ ഇത്തരത്തിലൊന്നും പറഞ്ഞിട്ടില്ല. വാര്‍ത്തകള്‍ വില്ക്കാന്‍ അവര്‍ എന്നെ ബലിയാടാക്കുകയാണെന്നും ബാല ആരോപിച്ചു.
വിവാഹ മോചനം തെറ്റായിരുന്നെന്ന് ഞാനൊരിക്കലും പറഞ്ഞിട്ടില്ല. ഒരു മാഗസിന് നല്‍കിയ അഭിമുഖം വളച്ചൊടിച്ചതാണത്. ആള്‍ക്കാര്‍ക്കിടയില്‍ പ്രചാരം കിട്ടാന്‍ എന്റെ സ്വകാര്യ ജീവിതം ഉപയോഗിക്കരുത്. വിവാഹ മോചനത്തിന് പിന്നില്‍ ഒരുപാട് കാര്യങ്ങളുണ്ട്. അതില്‍ ആരെയും പഴിക്കുന്നില്ല. എല്ലാവര്‍ക്കും നല്ലത് വരണമെന്നേയുള്ളുവെന്നും ബാല പറഞ്ഞു. ഈ വര്‍ഷം ആദ്യമായിരുന്നു ഇരുവരും തമ്മില്‍ വേര്‍പിരിഞ്ഞത്. കേസ് ചെന്നൈ കോടതിയില്‍ നടക്കുകയാണ്.