തിരുവനന്തപുരം: കഴിഞ്ഞ ദിവസം അന്തരിച്ച വയലിനിസ്റ്റും സംഗീത സംവിധായകനുമായ ബാലഭാസ്കറിന്റെ മൃതദേഹം തൈക്കാട് ശാന്തി കവാടത്തിൽ ഇന്നു രാവിലെ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു.
ആരാധകരും സുഹൃത്തുക്കളും സമൂഹത്തിന്റെ നാനാതുറകളിലുള്ളവരും ആദരാഞ്ജലികൾ അർപ്പിക്കാൻ എത്തിയിരുന്നു. ഇന്നലെ യൂണിവേഴ്സിറ്റി കോളജിലും കലാഭവനിലും പൊതുദർശനത്തിനു വച്ചശേഷം മൃതദേഹം പൂജപ്പുരയിലെ വസതിയിലേക്ക് കൊണ്ടുപോയിരുന്നു.
സെപ്തംബർ 25നുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ബാലഭാസ്കറിന്റെ ആരോഗ്യനിലയിൽ തിങ്കളാഴ്ച നേരിയ പുരോഗതി ഉണ്ടായെങ്കിലും ഇന്നലെ പുലർച്ചെയുണ്ടായ ഹൃദയാഘാതത്തെ തുടർന്ന് അന്ത്യം സംഭവിക്കുകയായിരുന്നു.
ദേശീയപാതയിൽ പള്ളിപ്പുറം സിആർപിഎഫ് ക്യാംപ് ജംങ്ഷനു സമീപം പുലർച്ചെയായിരുന്നു അപകടം. ഏക മകൾ രണ്ട് വയസുകാരി തേജസ്വിനി അപകടത്തിൽ മരിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ ഭാര്യ ലക്ഷ്മിയും സുഹൃത്ത് അർജുനും ചികിത്സയിലാണ്. അപകടം നടക്കുന്ന സമയത്ത് ബാലഭാസ്കറും മകളും മുന്‍സീറ്റിലായിരുന്നു.