തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വർണക്കടത്ത് കേസിൽ പ്രതിസ്ഥാനത്തുള്ള രണ്ടുപേർ അന്തരിച്ച വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മാനേജർമാരായിരുന്നുവെന്ന വെളിപ്പെടുത്തലിനെത്തുടർന്ന് ബാലഭാസ്കറിന്റെ മരണം അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം ഡിആർഐ അധികൃതരുമായി ബന്ധപ്പെട്ട് വിവരങ്ങൾ ശേഖരിക്കും. ബാലഭാസ്കറുമായി പരിചയമുള്ള പ്രകാശൻതന്പിക്കും വിഷ്ണുവിനും സ്വർണക്കടത്തിൽ നേരിട്ട് പങ്കുണ്ടെന്ന് വ്യക്തമായതോടെ പ്രകാശൻ തന്പിയെ ഡിആർഐ സംഘം അറസ്റ്റ് ചെയ്തിരുന്നു.
ബാലഭാസ്കറിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്നാരോപിച്ച് അദ്ദേഹത്തിന്റെ പിതാവ് ഉണ്ണി മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകിയതിനെ തുടർന്ന് നിലവിൽ ക്രൈംബ്രാഞ്ച് അന്വേഷണം നടന്നുവരികയാണ്.സ്വർണക്കടത്ത് കേസിൽ ഡിആർഐ അറസ്റ്റ് ചെയ്ത പ്രകാശൻ തന്പി ബാലഭാസ്കറിന്റെ പ്രോഗ്രാം മാനേജറായിരുന്നുവെന്നും വിഷ്ണു ബാലഭാസ്കറിന്റെ ഫിനാൻസ് മാനേജർ ആയിരുന്നുവെന്നും അദ്ദേഹത്തിന്റെ പിതാവ് കെ.സി ഉണ്ണി മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു.
ഇരുവർക്കും ബാലഭാസ്കറുമായുണ്ടായിരുന്ന ബന്ധം ഉൾപ്പെടെയുള്ള കാര്യങ്ങളും മരണത്തിലെ ദുരൂഹതയും അന്വേഷിക്കണമെന്നാണ് ബാലഭാസ്കറിന്റെ പിതാവിന്റെ ആവശ്യം. ഈ ആവശ്യം ഉന്നയിച്ച് കെ.സി ഉണ്ണി അന്വേഷണസംഘത്തിന് പരാതി നൽകും. എന്നാൽ പ്രകാശൻതന്പിയും വിഷ്ണുവും ബാലഭാസ്കറിന്റെ മാനേജർമാർ ആയിരുന്നില്ലെന്നു ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മി ഫെയ്സ്ബുക്കിൽ കുറിച്ചിരുന്നു.
ബാലഭാസ്കറിന്റെ പിതാവിന്റെ വെളിപ്പെടുത്തലിനെ തുടർന്നാണ് ഡിആർഐ സംഘവുമായി ബന്ധപ്പെട്ട് ഇവരെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അന്വേഷിക്കുന്നതെന്നും ക്രൈംബ്രാഞ്ചിലെ ഒരു ഉന്നത ഉദ്യോഗസ്ഥൻ രാഷ്ട്രദീപികയോട് പറഞ്ഞു. കഴിഞ്ഞ വർഷം ഒക്ടോബർ രണ്ടിനാണ് ബാലഭാസ്കറും മകളും വാഹനാപകടത്തിൽ മരിച്ചത്.