എം.ജെ ശ്രീജിത്ത്
തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ മരണത്തെക്കുറിച്ചുള്ള അന്വേഷണം വേഗത്തിലാക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ക്രൈംബ്രാഞ്ചിന് നിർദ്ദേശം നൽകി. ബാലഭാസ്കറിന്റെ അച്ഛൻ ഉണ്ണിയുടേയും ബന്ധുക്കളുടേയും ആവശ്യം പരിഗണിച്ചാണ് മുഖ്യമന്ത്രി ഇക്കാര്യത്തിൽ വീണ്ടും ഇടപെട്ടത്.
ഇഴഞ്ഞു നീങ്ങുകയായിരുന്ന അന്വേഷണം എത്രയും വേഗം പൂർത്തിയാക്കി യഥാർഥ വസ്തുത പുറത്തു കൊണ്ടുവരണമെന്നാണ് മുഖ്യമന്ത്രിയുടെ നിർദ്ദേശം. തിരുവനന്തപുരം ജില്ലയുടെ ചുമതലയുള്ള ക്രൈംബ്രാഞ്ച് ഐജിയ്ക്കാണ് ഇതു സംബന്ധിച്ച നിർദ്ദേശം നൽകിയത്.നിലവിൽ ഈ കേസ് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഹരികൃഷ്ണനാണ് അന്വേഷിക്കുന്നത്. മുഖ്യമന്ത്രിയുടെ നിർദ്ദേശത്തിന്റേയും പുതിയ സംഭവ വികാസങ്ങളുടേയും അടിസ്ഥാനത്തിൽ ബാലഭാസ്കറിന്റെ അപകട മരണത്തിലെ ദുരൂഹത അകറ്റാൻ ക്രൈംബ്രാഞ്ച് സംഘം കേസ് തുടക്കം മുതൽ അന്വേഷിക്കാനൊരുങ്ങുന്നു.
അപകട സമയത്തു ഉണ്ടായിരുന്നവരെ മുഴുവൻ കണ്ടെത്തി ഇവരുടെയെല്ലാം മൊഴികൾ വീണ്ടും രേഖപ്പെടുത്തും. ഇപ്പോഴത്തെ വെളിപ്പെടുത്തലുകളുടേയും ദുരൂഹതകളുടേയും അടിസ്ഥാനത്തിലാണ് അന്വേഷണം ആദ്യം മുതൽ ആന്വേഷിക്കാൻ തീരുമാനിച്ചത്. ക്രൈംബ്രാഞ്ച് ഡി.വൈഎസ്.പി ഹരികൃഷണന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്.
അപകട സമയത്ത് വാഹനത്തിലുണ്ടായിരുന്ന അർജ്ജുന്റേയും ലക്ഷമിയുടേയും മൊഴി ഇന്നു രേഖപ്പെടുത്തും. ഇതിനു ശേഷം മറ്റുള്ളവരുടെ മൊഴികളും രേഖപ്പെടുത്തും. ബാലഭാസ്കറുടെ അച്ഛനും ബന്ധുക്കളും ഉന്നയിക്കുന്ന പരാതികളും സംശയങ്ങളും പരിശോധിക്കും. അതിനു ശേഷം അപകട സ്ഥലം സന്ദർശിച്ച് പോലീസ് റിപ്പോർട്ട് പരിശോധിക്കും.
വാഹനം പരിശോധിച്ച മോട്ടോർ വാഹന വകുപ്പിലെ ഉദ്യോഗസ്ഥനെയും അപകടസ്ഥലത്ത് സയന്റിഫിക് പരിശോധന നടത്തിയ ഉദ്യോഗസ്ഥരടക്കമുള്ളവരെ കണ്ടും വിവരങ്ങൾ തേടും.
കഴക്കൂട്ടം ഭാഗത്തേയ്ക്ക് വന്ന വാഹനം എതിർ ദിശയിലേയ്ക്ക് തിരിഞ്ഞ് തിട്ടപ്പുറത്തെ മരത്തിലിടിച്ചാണ് അപകടം ഉണ്ടായത്. വാഹനം ഓടിച്ചത് ബാലഭസ്കറാണെന്നാണ് ഡ്രൈവർ അർജ്ജുന്റെ മൊഴി. എന്നാൽ അർജ്ജുനാണ് വാഹനം ഓടിച്ചിരുന്നതെന്ന് ഇന്നലെയും ബാലഭാസ്കറിന്റെ ഭാര്യ ലക്ഷമി ആവർത്തിച്ചിരുന്നു. ഈ മൊഴികളുടെ വൈരുദ്ധ്യമാണ് തുടക്കം മുതൽ അന്വേഷണ സംഘത്തെ കുഴയ്ക്കുന്നത്.
കാറിന്റെ സ്റ്റീറിംഗിൽ നിന്ന് ലഭിച്ച മുടിയുടെ ശാസ്ത്രീയ പരിശോധന റിപ്പോർട്ട് ലഭിച്ചാൽ ആരാണ് വാഹനം ഓടിച്ചതെന്ന് കണ്ടെത്താൻ കഴിയുമെന്നാണ് അന്വേഷണം സംഘം പറയുന്നത്. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രകാശ് തന്പിയെ ചോദ്യം ചെയ്യാനൊരുങ്ങുകയാണ് ക്രൈംബ്രാഞ്ച്.
എന്നാൽ സ്വർണക്കടത്ത് കേസ് സിബിഐ അന്വേഷിക്കാനായി ഏറ്റെടുത്തതിനാൽ സിബിഐയുടെ അനുമതി കിട്ടിയാലെ തന്പിയെ ചോദ്യം ചെയ്യാൻ കഴിയു. ഇതിനു പുറമെ ബാലഭാസ്കറിന്റെ സാന്പത്തിക ഇടപാടുകളെക്കുറിച്ചും ബാങ്ക് അക്കൗണ്ടുകളെക്കുറിച്ചും അന്വേഷണം നടത്തും. ബാലഭാസ്കറിന്റെ അമ്മയുടെ സഹോദരന്റെ മകൾ പ്രിയ വേണുഗോപാൽ ഭാര്യ ലക്ഷമിയെക്കുറിച്ച് ഫെയ്സ്ബുക്കിൽ കുറിച്ച കാര്യങ്ങളും പരിശോധിക്കും.
ലക്ഷമിയും സ്വർണകടത്തിൽ അറസ്ററിലായ വിഷണുവും തമ്മിൽ ബിസിനിസ് പങ്കാളികളായിരുന്നുവെന്നും പ്രിയ ഫേസ്ബുക്കിൽ കുറിച്ചിരുന്നു. ഇതേക്കുറിച്ചും അന്വേഷണ സംഘം ലക്ഷമിയിൽ നിന്ന് വിവരങ്ങൾ തേടും. ബാലഭാസ്കറുടെ പാലക്കാട്ടെ സുഹൃത്തും പൂന്തോട്ട ആയുർവേദ ആശുപത്രിയിലെ ഡോക്ടറുമായ വനിതയിൽ നിന്നും മൊഴി എടുക്കും. ഇവരാണ് ബാലഭാസ്കറിന്റെ കാര്യങ്ങൾ നിയന്ത്രിച്ചിരുന്നുവെന്ന ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് മൊഴി എടുക്കുന്നത്.
നിലവിൽ സ്വർണക്കടത്തുമായി ബാലഭാസ്കറെ ബന്ധിപ്പിക്കുന്ന ഒരു തെളിവുകളും ക്രൈംബ്രാഞ്ചിനോ ഡിആർഐക്കോ ഇതുവരെ ലഭിച്ചിട്ടില്ല. വിദേശ ഷോകളിൽ ബാലഭാസ്കറെ അനുഗമിച്ചിരുന്നവരാണ് അറസ്റ്റിലായ വിഷണുവും പ്രകാശൻ തന്പിയുമൊക്കെ. ഇവർ ബാലഭാസ്കറിന്റെ യാത്രകളെ സ്വർണക്കടത്തിന് ഉപയോഗിച്ചിരുന്നുവോ എന്ന് ഡിആർഐ പരിശോധിക്കുന്നുണ്ട്.
ബാലഭാസ്കർ വിമാനത്താവത്തിൽ നിന്ന് ഗ്രീൻചാനൽ വഴിയാണ് പുറത്തേയ്ക്ക് വരുന്നത്. ഗ്രീൻചാനൽ വഴി പുറത്തുവരുന്നവർക്ക് അധിക സെക്യൂരിറ്റി പരിശോധന ഉണ്ടാകാറില്ല. ഈ സൗകര്യം പ്രതികൾ ഉപയോഗിച്ചിരുന്നുവോ എന്നാണ് പ്രധാനമായും ഡിആർഐ പരിശോധിക്കുന്നത്.