തിരുവനന്തപുരം: ബാലഭാസ്കറിന്റെ മരണത്തെക്കുറിച്ച് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം ഇന്ന് തൃശൂരിലെ വിവിധ കേന്ദ്രങ്ങളിലെത്തി തെളിവെടുപ്പ് നടത്തും. കൂടാതെ ഡ്രൈവർ അർജുനിൽ നിന്നും വീണ്ടും മൊഴിയെടുക്കും. ബാലഭാസ്കർ വടക്കുംനാഥ ക്ഷേത്രത്തിൽ പൂജാ വഴിപാടുകൾ നടത്തിയ ശേഷമാണ് അപകട ദിവസം തൃശൂരിൽ നിന്നും തിരുവനന്തപുരത്തേക്ക് കാറിൽ യാത്ര തിരിച്ചത്.
ബാലഭാസ്കർ താമസിച്ചിരുന്ന ലോഡ്ജിലും കൂടാതെ ഭക്ഷണം കഴിച്ച ഹോട്ടലുകളിലും ക്രൈംബ്രാഞ്ച് സംഘം എത്തി തെളിവുകൾ ശേഖരിക്കും. തൃശൂരിൽ നിന്നും യാത്ര പുറപ്പെട്ടപ്പോൾ അർജുനാണ് വാഹനമോടിച്ചിരുന്നതെന്ന് നേരത്തെ മൊഴി നൽകിയിരുന്നു. വാഹനമോടിച്ചത് സംബന്ധിച്ച് പരസ്പര വിരുദ്ധമായ കാര്യങ്ങളും അർജുന്റെ മൊഴിയിലെ വൈരുധ്യങ്ങളും മനസ്സിലാക്കാനാണ് വീണ്ടും മൊഴി രേഖപ്പെടുത്തുന്നത്.
ബാലഭാസ്കറിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് അദ്ദേഹത്തിന്റെ പിതാവ് കെ.സി.ഉണ്ണി മുഖ്യമന്ത്രിക്കും ഡിജിപിക്കും നൽകിയ പരാതിയെ തുടർന്നാണ് കേസ് അന്വേഷണം ലോക്കൽ പോലീസിൽ നിന്നും ക്രൈംബ്രാഞ്ചിന് വിട്ടത്. തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വർണകടത്ത് കേസിൽ ബാലഭാസ്കറിന്റെ മുൻ മാനേജർമാരായിരുന്ന പ്രകാശൻ തന്പിക്കും വിഷ്ണുവിനും പങ്കുണ്ടെന്ന വിവരം പുറത്താകുകയും പ്രകാശൻ തന്പി ഡിആർഐയുടെ പിടിയിലാകുകയും ചെയ്തതോടെയാണ് ബാലഭാസ്കറിന്റെ മരണത്തിൽ വീണ്ടും ദൂരുഹതകളും സംശയങ്ങളും ഉയർന്ന് വന്നത്.
പ്രകാശൻ തന്പിയുടെ ഇടപെടലുകളിൽ ബാലഭാസ്കറിന്റെ കുടുംബാംഗങ്ങൾ സംശയം ആരോപിച്ചിരുന്നു. അപകടം നടന്ന സ്ഥലത്ത് നിന്ന് രണ്ട് പേർ ദൂരൂഹ സാഹചര്യത്തിൽ കടന്ന് കളയുന്നത് കണ്ടെന്ന കലാഭവൻ സോബിയുടെ വെളിപ്പെടുത്തലും ദുരൂഹത വർധിപ്പിച്ചു.