തിരുവനന്തപുരം: സംഗീതജ്ഞൻ ബാലഭാസ്കറിന്റെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കും. ബാലഭാസ്കറിന്റെ പിതാവിന്റെ പരാതിയെ തുടർന്നാണ് ഡിജിപി അന്വേഷണത്തിന് ഉത്തരവിട്ടത്. അന്വേഷണ സംഘത്തെ ഉടൻ തീരുമാനിക്കും. ഐപിഎസ് ഉദ്യോഗസ്ഥൻ അന്വേഷിക്കണമെന്നായിരുന്നു പിതാവിന്റെ ആവശ്യം.
ബാലഭാസ്കറിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്നും അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു പിതാവ് സി.കെ.ഉണ്ണി മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകിയിരുന്നു. ഡ്രൈവറുടെയും ഭാര്യയുടെയും മൊഴികളിലെ വൈരുധ്യം അന്വേഷിക്കണമെന്നതായിരുന്നു പരാതിയിലെ ആവശ്യം.
ബാലഭാസ്കറിന്റെ ഡ്രൈവർ അർജുൻ രണ്ടു കേസുകളിൽ പ്രതിയാണെന്നു പോലീസ് കണ്ടെത്തിയിരുന്നു. അപകടസമയത്ത് വണ്ടി ഓടിച്ചത് ബാലഭാസ്കർ ആണെന്നായിരുന്നു ഡ്രൈവർ അർജുൻ നൽകിയ മൊഴി.
അതേസമയം, ബാലഭാസ്കറിന്റെ സാന്പത്തിക ഇടപാടുകളിൽ ദുരൂഹതയൊന്നുമില്ലെന്ന് പോലീസ് വ്യക്തമാക്കിയിരുന്നു. പാലക്കാട്ടുള്ള ഒരു ആയുർവേദ ഡോക്ടറുമായി ബാലുവിന് സാന്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ വിശദമായ അന്വേഷണം നടത്തിയെന്നും അന്വേഷണത്തിൽ മറ്റ് ഇടപാടുകളൊന്നു കണ്ടെത്താനായില്ലെന്നുമായിരുന്നു പോലീസ് ഭാഷ്യം.